ഓർമ്മയിൽ മുഴങ്ങുന്ന മിഴാവ്

#ഉണ്ണികൃഷ്ണൻ കിഴുത്താണി
അമ്മന്നൂർ മാധവ ചാക്യാർ, വേണുജി
അമ്മന്നൂർ മാധവ ചാക്യാർ, വേണുജി

വാക്കിനും നോക്കനും അസംഖ്യം അർത്ഥതലങ്ങൾ ഉണ്ടെന്ന് അനുവാചകനെ അനുഭവപ്പെടുത്തിയ ഗുരു അമ്മന്നൂർ ഓർമ്മയായിട്ട് ജൂലായ് ഒന്നിന് 18 വർഷം തികയുന്നു. പൈതൃകത്തിനു പരമപ്രാധാന്യം നൽകിയതിനൊപ്പം കല എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന വാസ്തവം പ്രവൃത്തിപഥത്തിൽ വരുത്താനും അദ്ദേഹം തയ്യാറായി. ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ തുടങ്ങിയ വിദേശരാഷ്ട്രങ്ങലിൽ കൂടിയാട്ടം അവതരിപ്പിച്ച് അഭിനന്ദനത്തിന്റെ അഗാധതലങ്ങൾ വ്യക്തമാക്കിയപ്പോൾ യുനെസ്‌കോ പുരസ്‌കാരവും ലഭിച്ചു. ഇക്കാര്യങ്ങളിലെല്ലാം അദ്ദേഹത്തിന്റെ വലംകയ്യായി പ്രവർത്തിച്ചത് വേണുജിയായിരുന്നു. കലയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ച മാധവ ചാക്യാരെത്തേടി പദ്മശ്രി പദ്മഭൂൺ, കാളിദാസ പുരസ്‌കാരങ്ങൾ എത്തിച്ചേർന്നിട്ടും സാധാരണക്കാരനായി, അങ്ങേയറ്റം ലളിതമായി അദ്ദേഹം നമ്മുടെ ഇടയിൽ ജീവിച്ചു.

എന്റെ അച്ഛൻ വൈദ്യൻ നാരായണ മേനോനും (പദ്മശ്രീ ഇ.ടി. നീലകണ്ഠൻ മൂസ്സിന്റെ പ്രധാന ശിഷ്യൻ) മാധവ ചാക്യാരും ഒരുമിച്ചാണ് സംസ്‌കൃതം അഭ്യസിച്ചത്. എനിക്ക് ഏഴോ എട്ടോ വയസ്സുള്ളപ്പോൾ ഒരു ദിവസം അദ്ദേഹം അച്ഛനെ കാണാൻ വന്നു. ആ സമയം കൂടൽമാണിക്യ ക്ഷേത്രത്തിൽ കൂത്ത് നടന്നുവന്നിരുന്ന സന്ദർഭം കൂടിയായിരുന്നു. സ്‌കൂൾ അധ്യാപികയും കൂത്തി, കൂടിയാട്ടം, കഥകളി തുടങ്ങിയ ക്ഷേത്രകലകളിൽ അതീവതൽപ്പരയുമായിരിരുന്ന അമ്മ എന്നെ പതിവായി കൂത്ത് കാണാൻ കൊണ്ടുപോകുമായിരുന്നു.

എന്നോടു പല വർത്തമാനങ്ങളും പറഞ്ഞ കൂട്ടത്തിൽ കൂത്തിനെക്കുറിച്ചും പരാമർശം ഉണ്ടായി. 'ആട്ടെ, കുട്ടൻ കഴിഞ്ഞ ദിവസം കേട്ടതൊന്നു പറയൂ.' എന്നദ്ദേഹം ആവശ്യപ്പെട്ടു. അമ്മ അടുത്തുണ്ടെന്ന ധൈര്യത്തിൽ, അൽപ്പം സങ്കോചത്തോടെയാണെങ്കിലും ഞാൻ ഉള്ളു തുറന്നു. വിവരണം ഇഷ്ടപ്പെട്ടുവെന്ന അർത്ഥത്തിൽ 'ഇങ്ങനെ എപ്പോഴും അക്ഷരങ്ങളറിഞ്ഞ് ആസ്വദിച്ച് ഉപയോഗിക്കണമെന്ന്' അദ്ദേഹം ആത്മാർത്ഥ സുഹൃത്തിന്റെ മകനെ ഉപദേശിച്ചു.

എക്കാലവും ഓർമ്മയിൽ മുഴങ്ങുന്ന മിഴാവായി അദ്ദേഹത്തിന്റെ ഈ അനുഗ്രഹാശിസ്സുകൾ ഞാൻ സൂക്ഷിക്കുന്നു. പിന്നീട്, ഞങ്ങളുടെ പ്രായത്തിലുള്ള പ്രവർത്തനങ്ങളോട് അനുബന്ധിച്ച് ഒട്ടേറെ പരിപാടികളിൽ പങ്കെടുത്ത് വളരുന്ന തലമുറയെ വഴികാട്ടാനുള്ള സന്മനസ്സും അദ്ദേഹത്തിനുണ്ടായി.

അമ്മാവൻ ചാച്ചു ചാക്യാരുടെ ശാശ്വത സ്മരണയ്ക്കായി സ്ഥാപിച്ച ഗുരുകുലം ഇന്നു ലോകശ്രദ്ധ ആകർഷിച്ചു കഴിഞ്ഞിരിക്കുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും ആ അനുപമ കലയെ അടുത്തറിയാൻ എത്തുന്നവരുടെ സംഖ്യ നാൾക്കുനാൾ വർധിച്ചു വരുന്നതുകൊണ്ട് ഇരിങ്ങാലക്കുടയുടെ യശസ്സും വളർച്ചയും വർധിക്കുന്നതിനുകൂടി വഴിവെച്ചിരിക്കുന്നു.

മാധവ ചാക്യാരുടെ മരുമകനും സുശിക്ഷിതനുമായ അമ്മന്നൂർ കുട്ടൻ ചാക്യാരാണ് ഇപ്പോൾ ഈ മഹത്തായ പൈതൃകം പിന്തുടരുന്നത്.

Content Highlights: 18th death anniversary tribute to Ammannur Madhava Chakyar, His global impact on Koodiyattam and UNESCO recognition, The role of Ammannur Gurukulam in preserving heritage, Personal anecdotes of his mentorship and simplicity, Succession of the legacy by Ammannur Kuttan Chakyar