'സ്ത്രീകളുടെ ബാഗുകള്‍ പിടിക്കുന്നതില്‍ ഭയപ്പെടേണ്ടതില്ല'; പുരുഷന്‍മാര്‍ക്കുള്ള പോസ്റ്റുമായി സീനത്ത്

ഒരു കാലത്ത് ബോളിവുഡിലെ താരറാണിയായിരുന്നു സീനത്ത് അമന്‍. 1980-കളില്‍ ബോളിവുഡിനെ ഇളക്കിമറിച്ച സുന്ദരി. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നാടക അരങ്ങിലൂടെ അവര്‍ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരുന്നു. 'ഡിയറസ്റ്റ് ബാബു, ലവ് കസ്തൂര്‍ബ' എന്ന നാടകത്തില്‍ കസ്തൂര്‍ബയായാണ് സീനത്ത് അഭിനയിച്ചത്.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും സീനത്ത് ഇപ്പോള്‍ സജീവമാണ്. താരത്തിന്റെ വോഗ് മാഗസിന്‍ ഫോട്ടോഷൂട്ടുകള്‍ വൈറലായിരുന്നു. ഇതിനൊപ്പം പഴയ സിനിമാ വിശേഷങ്ങളും യാത്രയുടെ ചിത്രങ്ങളുമെല്ലാം സീനത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മകന്‍ സഹാന്‍ ഖാനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച് ഒരു നീണ്ട കുറിപ്പ് എഴുതിയിരിക്കുകയാണ് സീനത്ത്.
സ്ത്രീകളുടെ ബാഗുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ അവരോട് വാങ്ങി സ്വന്തം കൈയില്‍ പിടിക്കുന്ന പുരുഷന്‍മാരെ കുറിച്ചുള്ളതാണ് ഈ കുറിപ്പ്. അമ്മയുടേയോ സഹോദരിയുടേയോ ഭാര്യയുടേയോ കാമുകിയുടേയോ പെണ്‍സുഹൃത്തിന്റെയോ ബാഗുകള്‍ പിടിക്കുന്നതിനെ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും സ്ത്രീകള്‍ അത് ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ചെയ്തു കൊടുക്കണമെന്നും സീനത്ത് കുറിപ്പില്‍ പറയുന്നു.
സ്ത്രീകള്‍ അവരുടെ സാധനങ്ങള്‍ കൈയില്‍ പിടിച്ച് ബുദ്ധിമുട്ടുമ്പോഴോ കുറേ സമയം പിടിച്ച് ക്ഷീണിക്കുമ്പോഴോ ഇത്തരത്തില്‍ സഹായിക്കണമെന്നും സ്ത്രീകളുമായി ബന്ധപ്പെട്ട ഹാന്‍ഡ്ബാഗ്, സാനിറ്ററി നാപ്കിനുകള്‍, മെയ്ക്ക്അപ് ബോക്‌സ് തുടങ്ങിയ കാര്യങ്ങളെ ഭയപ്പെടുകയോ വെറുക്കുകയോ ചെയ്യേണ്ടതില്ലെന്നും സീനത്ത് കുറിപ്പില്‍ പങ്കുവെയ്ക്കുന്നു.
മകന്‍ സഹാന്‍ ഖാന്‍ തന്റെ ഹാന്‍ഡ്ബാഗ് പിടിച്ചുനില്‍ക്കുന്ന ചിത്രമാണ് ഈ കുറിപ്പിനൊപ്പം സീനത്ത് പങ്കുവെച്ചത്. ഈ ചിത്രം കണ്ടപ്പോള്‍ തോന്നിയ ചിന്തയാണ് ഇതെന്നും അവര്‍ കുറിപ്പില്‍ പറയുന്നു.
ഇതിന് താഴെ നിരവധി പേര്‍ സീനത്തിനെ പ്രശംസിച്ചും വിമര്‍ശിച്ചും പ്രതികരിച്ചു. ഇതുപോലെ ശക്തയായ കൂടുതല്‍ അമ്മമാരെ നമുക്ക് ആവശ്യമാണെന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിലെ കാര്യങ്ങളുമായി യോജിക്കാനാകില്ലെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. എന്നാല്‍ ഏറ്റവും രസകരമായ കമന്റ് നല്‍കിയത് സഹാന്‍ ഖാന്‍ ആയിരുന്നു. 'കുട്ടിക്കാലം മുതല്‍ എന്നെ താങ്ങിനിര്‍ത്തുന്നത് നിങ്ങളാണ്. കാലാകാലങ്ങളായി ചെയ്തുതരുന്ന ഉപകാരങ്ങള്‍ക്കുള്ള പ്രതിഫലം തിരിച്ചുതരികയാണ് എന്നായിരുന്നു സഹാന്‍ കുറിച്ചത്.
Content Highlights: zeenat amans latest caption for men post