'ഒരാഴ്ച സ്വന്തം വീട്ടില്‍ നില്‍ക്കാൻപോലും വിലക്ക്, മരിച്ചാൽ മാത്രം വില കിട്ടുന്ന പ്രത്യേകജീവികൾ'

പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

വിപഞ്ചികയും മകള്‍ വൈഭവിയും, അതുല്യ, റീമ... കഴിഞ്ഞദിവസങ്ങളില്‍ കേരളത്തിന്റെ മനസാക്ഷിയെ പിടിച്ചുലച്ച പേരുകളാണിവ. ഗാര്‍ഹികപീഡനത്തിന്റെ ഇരകളായി പൊരുതിത്തോറ്റ് ജീവനൊടുക്കിയവര്‍. ഇവര്‍ക്ക് മുന്നേ സമാനമായി ജീവിതം അവസാനിക്കപ്പെട്ടവര്‍ വേറേയും ഒട്ടേറെയുണ്ട് നമ്മുടെ നാട്ടില്‍. 

ഇത്തരം വാര്‍ത്തകളുടെ കമന്റ് ബോക്‌സില്‍ പൊതുവേ കാണുന്ന ചില കമന്റുകളുണ്ട്. എന്തിനാണ് സഹിച്ച് നിന്നത്, അവനെ വിട്ട് തിരികെ വന്നുകൂടായിരുന്നോ, ജീവിതം അവസാനിപ്പിക്കാനുള്ളതല്ല, ജീവിച്ചുകാണിക്കാനാണ് എന്നെല്ലാം. എന്നാല്‍ ഇത്തരം പഞ്ച് ഡയലോഗുകളല്ല ജീവിതയാഥാര്‍ഥ്യമെന്ന് പറയുകയാണ് സംരംഭകയായ അഞ്ജലി ചന്ദ്രന്‍. ആത്മഹത്യ ചെയ്യാതെ ജീവിതത്തോട് പൊരുതി തിരികെ വരുന്ന പെണ്‍കുട്ടികള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന കാര്യങ്ങളും ഇത്തരം ആത്മഹത്യകളില്‍ സമൂഹത്തിന്റെ പങ്കെന്താണെന്നും അഞ്ജലി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു. 

അഞ്ജലി ചന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ജീവിതമവസാനിപ്പിക്കാനുള്ളതല്ല , ജീവിച്ചു കാണിക്കാനുള്ളതാണ് എന്നത്  വിവാഹം കഴിഞ്ഞ പലരിലും കേവലം പഞ്ച് ഡയലോഗ് മാത്രമായി പോവുന്നത്   എന്തു കൊണ്ടാണെന്ന് നിങ്ങള്‍  ചിന്തിച്ചിട്ടുണ്ടോ? ആത്മഹത്യ ചെയ്യാതെ തിരികെ വരുന്ന പെണ്‍കുട്ടികള്‍ പലപ്പോഴും നേരിടുന്നതെന്താണെന്നറിയാമോ?

പ്രശ്‌നഭരിതമായ ഒരു ജീവിതത്തിലൂടെ കടന്നു പോവുന്ന മകളോ സഹോദരിയോ ഉണ്ടെങ്കില്‍ പലപ്പോഴും നമ്മളവളോട് തുടക്കം മുതലേ പറയുക ഒന്നഡ്ജസ്റ്റ് ചെയ്യാനാണ്. വിവാഹം കഴിഞ്ഞാല്‍ ,  തിരികെ വരുമ്പോള്‍ പലപ്പോഴും സ്വന്തം വീട്ടില്‍ ഒരു മുറി പോലും ഇല്ലാതായി പോവുന്ന പെണ്‍കുട്ടികളുള്ള നാടാണിത്. വിവാഹബന്ധം ഉപേക്ഷിക്കുന്ന സഹോദരി തനിയ്ക്ക് ഒരു ബാധ്യതയാവുമോ എന്ന പേടിയില്‍ അവളെ തിരികെ പറഞ്ഞയയ്ക്കാന്‍ നിര്‍ബന്ധിക്കുന്ന സഹോദരങ്ങളുണ്ട്. മകളുടെ ബുദ്ധിമുട്ട് മനസ്സിലായാലും നാട്ടുകാര്‍ തങ്ങളുടെ വളര്‍ത്തു ദോഷമെന്ന് കുറ്റപ്പെടുത്തുമോ എന്ന് ഭയന്ന് അവളെ തിരികെ കൊണ്ടു വിടുന്ന 'ഇനി അതാണ് നിന്റെ വീട്' എന്നു പറയുന്ന മാതാപിതാക്കളുണ്ട്. 

പെണ്‍കുട്ടി ജനിക്കുന്ന നിമിഷം മുതല്‍ അവളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയാക്കുന്നതിനു പകരം മറ്റൊരു വീട്ടിലേയ്ക്ക് പോവാനായി സ്വര്‍ണവും പണവും സൂക്ഷിച്ചു വെക്കുന്നവരുണ്ട്. നിയമ സഹായം നേടാന്‍ പോവുമ്പോള്‍ പെണ്‍കുട്ടി എത്ര കണ്ട് താഴണം എന്നു പഠിപ്പിക്കുന്ന മറ്റൊരു പാരലല്‍ വേള്‍ഡുണ്ട്. ഭര്‍തൃവീട്ടില്‍ പ്രശ്‌നങ്ങളുമായി സ്വന്തം വീട്ടില്‍ അഭയം തേടുന്ന പെണ്‍കുട്ടികളെ കുത്തി നോവിക്കുന്ന ബന്ധുക്കളും അയല്‍വാസികളുമുണ്ട്. തരം കിട്ടിയാല്‍ അവളെ മാനസികരോഗിയായി ചിത്രീകരിച്ചേക്കാം. തിരികെ വരാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലാത്ത തരത്തില്‍ അവരെ ഒറ്റപ്പെടുത്തുന്നത് നമ്മളൊക്കെ തന്നെയാണ്.

ഒരു വിവാഹാലോചനയുടെ സമയത്ത് നമ്മളേറ്റവും കൂടുതല്‍ അന്വേഷിക്കുന്ന ഒരു കാര്യം പയ്യന്റെ സ്വഭാവമാണ്. പലപ്പോഴും മദ്യപാനമോ പുകവലിയോ മറ്റു ചീത്ത കൂട്ടുകെട്ടുകളോ ഇല്ലാത്ത പയ്യനാണെന്ന സര്‍ട്ടിഫിക്കറ്റ് നാട്ടുകാര്‍ നല്‍കുന്നതിന്റെ അടുത്ത ആഴ്ചകളില്‍ വിവാഹ നിശ്ചയം നടക്കാറുമുണ്ട്. വിവാഹം കഴിഞ്ഞാലും മേല്‍ പറഞ്ഞ സര്‍ട്ടിഫിക്കറ്റില്‍ വലിയ തിരുത്തില്ലാതെ ജീവിതം മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കും. എത്ര വര്‍ഷം മുന്‍പ് അറിയുന്ന വ്യക്തിയാണെങ്കിലും ആണായാലും പെണ്ണായാലും അവരുടെ തനിസ്വഭാവം പുറത്തു വരിക വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടാവും.

കല്യാണം കഴിഞ്ഞ നാളുകളില്‍ പലപ്പോഴും ഭര്‍ത്താവിന്റെ അമ്മ മരുമകളോട് പറയുന്ന ഒരു സ്റ്റേറ്റ്‌മെന്റുണ്ട് ' അവനിത്തിരി ദേഷ്യക്കാരനാണ്'. നമ്മളില്‍ ദേഷ്യം പിടിക്കാത്തവര്‍ ആരുമുണ്ടാവില്ല. പക്ഷേ നമ്മുടെ ദേഷ്യം നമ്മളെങ്ങനെ, ആരോട് , എവിടെ വെച്ച് പ്രകടിപ്പിക്കുന്നു എന്നത് ശരിക്കും ചര്‍ച്ച ചെയ്യേണ്ടതാണ്. നമുക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യം വീട്ടുകാരോ സഹപ്രവര്‍ത്തരോ ചെയ്താലും മുന്നോട്ടുള്ള പല കാര്യങ്ങള്‍ ചിന്തിച്ച്  നമ്മുടെ കോമണ്‍ സെന്‍സ് ഉപയോഗിച്ച് വൃത്തിയ്ക്ക് ആ സാഹചര്യം മാനേജ് ചെയ്യുന്നവരാണ് നമ്മളിലധികം പേരും. പക്ഷേ തങ്ങളുടെ ബാല്യകാലത്തില്‍ വീട്ടില്‍ ഗാര്‍ഹിക പീഡനം അനുഭവിച്ചവരില്‍ ചിലരെങ്കിലും ഇത്തരം സാഹചര്യങ്ങളെ വ്യത്യസ്തമായി നേരിടുന്നവരാണ്. അച്ഛന്‍ അമ്മയെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുന്നത് കണ്ടു വളര്‍ന്ന ആണ്‍കുട്ടികളില്‍ നല്ലൊരു ശതമാനം ആളുകളും സ്വന്തം പങ്കാളികളിലേയ്ക്ക് ഗാര്‍ഹിക പീഡനത്തിന്റെ അലകള്‍ പ്രസരിപ്പിക്കുന്നതില്‍ വലിയൊരു പങ്കു വഹിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. 

ഒച്ചയിട്ടും ദേഹോപദ്രവം ചെയ്തും അമ്മമാരെ നിശബ്ദരാക്കുന്ന അച്ഛന്‍മാരെ കണ്ടു വളരുന്ന ആണ്‍കുട്ടികളില്‍ ചിലരെങ്കിലും തങ്ങളുടെ ദേഷ്യം തീര്‍ക്കാനുള്ള പഞ്ചിംഗ് ബാഗാണ് ഭാര്യ എന്നു കരുതിപ്പോരാറുണ്ട്. അതാണ് ഭാര്യയെ ഇഞ്ച ചതയ്ക്കുന്നതു പോലെ ചതയ്ക്കുന്ന ഗാര്‍ഹിക പീഡനം. അതു പോലെ തന്നെ പരസ്യമായി വീട്ടിനകത്തും പുറത്തും വെച്ച് ഭാര്യയോട് ദേഷ്യപ്പെടുന്നതും ഭാര്യ മിണ്ടാതെ പുറകെ പോവുന്നതും നോര്‍മലായി കാണുന്നവരല്ലേ നമ്മളില്‍ പലരും ? ഷോപ്പിംഗിനോ മറ്റു ചടങ്ങുകളിലോ ഈ ദേഷ്യക്കാരനു മുന്നില്‍ തല കുനിഞ്ഞു നില്‍ക്കുന്ന പങ്കാളിയ്ക്കും ഒരു വ്യക്തിത്വമുണ്ടെന്നത് പലപ്പോഴും സമര്‍ത്ഥമായി നമ്മളെല്ലാം മറന്നതായി നടിക്കും. 'ആണുങ്ങള്‍ ആവുമ്പോള്‍ ഇത്തിരി ദേഷ്യം ഉണ്ടാവും സ്ത്രീകള്‍ അത് കണ്ടറിഞ്ഞ് പെരുമാറേണ്ടവരാണ് ' എന്നാണല്ലോ നാട്ടുപ്രമാണം.

ഇനി ചര്‍ച്ച ചെയ്യേണ്ട  മറ്റൊരു വിഭാഗവുമുണ്ട്. മേല്‍പ്പറഞ്ഞ പോലെ ടോക്‌സിക് പാരന്റിംഗിന്റെ ഇരകളായ ഇത്തരം ആളുകള്‍ ഭാര്യയെ ശാരീരികമായി ഒരു തരത്തിലും ഉപദ്രവിക്കില്ല. നേരെ മറിച്ച് തങ്ങളുടെ മാനസിക സംഘര്‍ഷങ്ങളെ മറികടക്കാന്‍ അവര്‍ കാണുന്ന ഏക മാര്‍ഗം സ്വയം പീഡിപ്പിക്കലാണ്. സ്വന്തം ശരീരത്തില്‍ പങ്കാളിയുടെയോ കുട്ടികളുടെയോ മുന്നില്‍ നിന്ന്    വേദന ഏല്‍പ്പിക്കുക വഴി അറിഞ്ഞോ അറിയാതെയോ ഗാര്‍ഹിക പീഡനത്തിന്റെ മറ്റൊരു കിളിവാതില്‍ തുറക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.  ഇതില്‍ പലരും സ്വയം ന്യായീകരിക്കാന്‍ പങ്കാളിയോട് ചോദിക്കുന്ന ചോദ്യം ' ഞാന്‍ നിന്നെ ഒന്ന് നുള്ളി നോവിച്ചിട്ടില്ലല്ലോ' എന്നതാവും.  

ഇത്തരം സ്വഭാവ വൈകല്യമുള്ളവര്‍ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ വഴി നിങ്ങള്‍ നിങ്ങളുടെ പങ്കാളിയ്ക്കും കുട്ടികള്‍ക്കും ഉണ്ടാക്കുന്ന മെന്റല്‍ ടോര്‍ച്ചറിന്റെ ആഘാതം എത്രത്തോളമാണെന്ന് ഒന്ന് ചിന്തിക്കണം. നിങ്ങളുടെ രക്ഷിതാക്കള്‍ നിങ്ങളോട് കാണിച്ച നീതികേടിന്റെ ഇരകള്‍ നിങ്ങളുടെ അമ്മയോ സഹോദരങ്ങളോ മാത്രമല്ല, നേരെ മറിച്ച് ഒരുപാട് പ്രതീക്ഷകളോടെ നിങ്ങളുടെ ജീവിതം പങ്കിടാന്‍ വന്ന നിങ്ങളുടെ പങ്കാളിയും , നിങ്ങളുടെ കുട്ടികളുമാണ്. ഇവിടം കൊണ്ട് ഇരകളുടെ എണ്ണം തീര്‍ന്നില്ല. മിക്കപ്പോഴും നിങ്ങളുടെ മക്കളില്‍ ആണ്‍കുട്ടികളുണ്ടെങ്കില്‍ അച്ഛന്റെ ഹീറോയിസം അതേ പോലെ പകര്‍ത്തി അവരുടെ ഭാവി പങ്കാളികളും ജനിക്കാനിരിക്കുന്ന കുട്ടികളും വരെ നിങ്ങളുടെ മാതാപിതാക്കള്‍ പ്രസരിപ്പിച്ച ഗാര്‍ഹിക പീഡനത്തിന്റെ ഭാവി ഇരകളായി മാറിയേക്കാം.

ഇത്തരം സ്വയം പീഡനമേല്‍പ്പിക്കുന്ന മിക്കവാറും ആളുകള്‍ ഓഫീസിലും നാട്ടിലും വളരെ നല്ല വ്യക്തിത്വമുള്ളവരായി പേരു കേട്ടവരാവും. കൂടെ കിടക്കുന്നവനേ രാപ്പനി അറിയൂ എന്ന പോലെ ഇവരുടെ ഉള്ളിലെ 'അന്യന്‍' കിടപ്പുമുറികളില്‍ പ്രത്യക്ഷപ്പെടുകയും 'അമ്പി' ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ മിടുക്കനായി ഇറങ്ങി നടക്കുകയും ചെയ്യും. ഇതില്‍ ഏറ്റവും ഗതികേട് അനുഭവിക്കുന്നവര്‍ ഇവരുടെ പങ്കാളികളാണ്. 'അവനവളെ പൊന്നു പോലെ നോക്കുന്നുണ്ട്, കുടീം വലീം ഒന്നുമില്ലാത്ത നല്ല ചെക്കന്‍ ' എന്നിങ്ങനെയുള്ള ഒരുപാട് പട്ടങ്ങള്‍  മറ്റുള്ളവര്‍ നല്‍കിയതു കൊണ്ട് അവളുടെ രക്ഷിതാക്കള്‍ പോലും നിനക്കെന്തിന്റെ കുറവാണ് എന്ന ചോദ്യം ചോദിച്ച് മറുപടി നല്‍കാന്‍ പറ്റാതെ  നാവ് വെന്ത അവസ്ഥയില്‍ അവളെ എത്തിച്ചേക്കാം. പുറത്തുള്ളവര്‍ കാണുന്ന സത് സ്വഭാവിയായ ഭര്‍ത്താവിന്റെ ഇത്തരം പെരുമാറ്റ വൈകല്യങ്ങളാല്‍ അവരുടെ പങ്കാളികളുടെ  വ്യക്തിത്വം പോലും ബാധിക്കപ്പെടേക്കാം.

എന്തുകൊണ്ടാണ്  പെണ്‍കുട്ടികള്‍ ജീവിതം അവസാനിപ്പിക്കുന്നതെന്തെന്ന് ചിന്തിച്ചാല്‍ നമ്മളടങ്ങുന്ന സമൂഹത്തിന്റെ പങ്ക് വ്യക്തമാവും. വിവാഹ ജീവിതമൊഴിവാക്കി തിരികെ വന്ന പെണ്‍കുട്ടികളുടെ നേരെ വരുന്ന  വിമര്‍ശനങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. കല്യാണ , മരണ വീടുകളിലെ വില്ലന്‍ കഥാപാത്രമായി അവള്‍ മാറാന്‍ ഉള്ള ഏക കാരണം മിക്കവാറും ആത്മാഭിമാനത്തോടെ തലയുയര്‍ത്തി നടക്കുന്നതാവും . മരിച്ചു വന്നാല്‍ മാത്രം വില കിട്ടുന്ന ഒരു പ്രത്യേക ജീവികളാണ് പലപ്പോഴും പെണ്‍കുട്ടികള്‍.

ഞങ്ങളവളെ ഒന്നു തൊട്ടു വേദനിപ്പിച്ചിട്ടില്ല എന്നു പറഞ്ഞു നടക്കുന്ന ഭര്‍തൃ വീട്ടുകാര്‍,  വീട്ടിലെ മരുമകള്‍ക്ക് കൊടുക്കുന്ന മെന്റല്‍ ടോര്‍ച്ചര്‍ പുറത്തു നില്‍ക്കുന്നവര്‍ക്ക് ഒരിക്കലും മനസ്സിലാവില്ല. അടിയുടെയും കുത്തിന്റെയും പൊള്ളലിന്റെയും തീവ്രത മാത്രമല്ലേ നമുക്ക് പുറത്തേയ്ക്ക് കാണാന്‍ പറ്റൂ. സുഹൃത്തുക്കളെ ഫോണ്‍ ചെയ്യാന്‍, ഒരാഴ്ച സ്വന്തം വീട്ടില്‍ നില്‍ക്കാന്‍, ബന്ധുക്കളുടെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഒക്കെ വിലക്ക് നേരിടുന്ന പലരെയും അറിയാം.സമൂഹത്തിനു മുന്‍പില്‍ പ്രായം കൊണ്ട് സഹതാപത്തിന്റെ കോളത്തില്‍ മാര്‍ക്ക് കൂടുതല്‍ വാങ്ങി എല്ലാ പ്രശ്നങ്ങളും പെണ്‍കുട്ടികളുടെയും അവളുടെ മാതാപിതാക്കളുടെയും തലയിലാക്കാന്‍ പ്രത്യേക സിദ്ധി ആര്‍ജ്ജിച്ചവരാണ് ഇത്തരക്കാര്‍. 

വിവാഹ മോചിതയായ പെണ്‍കുട്ടി  സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചാല്‍  ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്.  അവളെ അഹങ്കാരിയായി അധിക പ്രസംഗിയായി മുദ്രകുത്താന്‍ വിവാഹ മോചനം നടന്നത് അവളുടെ ഭാഗത്തുള്ള തെറ്റ് തന്നെയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യഗ്രതയുള്ളവരുണ്ട്. അവളുടെ സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ അവളേതെങ്കിലും പുരുഷ സുഹൃത്തിനൊപ്പം പ്രത്യക്ഷ്യപ്പെട്ടാല്‍ ഉടനെ അവനെ കണ്ടെത്തി, അവനുമായി അവിഹിതമുള്ളതു കൊണ്ടാണ് അവള്‍ വിവാഹ മോചനം നേടിയതെന്നു പറയുന്നവരുണ്ട്. വിവാഹ മോചനത്തോടെ സോഷ്യല്‍ ഓഡിറ്റിങ്ങിനെ ഭയന്ന് സകല സൗഹൃദങ്ങളുടെയും വേരറുക്കേണ്ടി വരുന്നവരുണ്ട്. ഇനി വിവാഹമേ വേണ്ടെന്നു പറയുന്നവരെ, ആ ട്രോമയില്‍ നിന്നും പുറത്തു കടക്കാത്തവരെ അടുത്ത വിവാഹത്തിനു നിര്‍ബന്ധിക്കുന്ന മറ്റൊരു കൂട്ടരുണ്ട്. ചിലരാവട്ടെ സമയാസമയം അനുകമ്പ, കാരുണ്യം എന്നിവയൊക്കെ വാരി വിതറുമെങ്കിലും പെണ്‍കുട്ടി ഇല്ലാത്ത സ്ഥലങ്ങളില്‍ അവളെ പ്രശ്‌നക്കാരിയാക്കി ചിത്രീകരിക്കും. 

പ്രിയ പെണ്‍കുട്ടികളേ, നിങ്ങള്‍ക്കു വേണ്ടി പകല്‍ വെളിച്ചത്തില്‍ പൊരുതാതെ , നിങ്ങളെ ചേര്‍ത്തു നിര്‍ത്താതെ, കാണുമ്പോഴോ ഫോണ്‍ വിളിക്കുമ്പോഴോ മാത്രം നിങ്ങളെ ഓര്‍ത്ത് ആധി കയറുന്ന ഒരാളെയും കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്. നേരിട്ടു മുഖത്തു നോക്കി കുറ്റം പറയുന്നവരിലും വിഷമാണ് ചില മനുഷ്യ ജന്മങ്ങള്‍. ഒരാളും നിങ്ങള്‍ക്ക് തരുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യം വെച്ചല്ല നിങ്ങള്‍ ജീവിക്കേണ്ടത്  എന്ന ഒറ്റ തിരിച്ചറിവില്‍ ഇവരെയൊക്കെ നൈസായി അവഗണിക്കാന്‍ തീരുമാനിച്ചാല്‍ തന്നെ ജീവിതത്തില്‍ നിങ്ങള്‍ വിജയിച്ചു തുടങ്ങി. 

Content Highlights: Anjali Chandran's Facebook post on women's death related to domestic violence