'ഋഷി കപൂറിന്റെ വിവാഹത്തിന് രേഖ സിന്ദൂരം തൊട്ട് വന്നു, ബച്ചനുവേണ്ടി നോണ്‍-വെജ് ഉപേക്ഷിച്ചു'

ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന അഭിനേതാക്കളായിരുന്നു അമിതാഭ് ബച്ചനും രേഖയും. ഇരുവരും തമ്മിലുള്ള ബന്ധം അഭ്യൂഹങ്ങളും ഊഹാപോഹങ്ങളുമുണ്ടാക്കി. ഓണ്‍ സ്‌ക്രീനില്‍ ഹിറ്റുകള്‍ സമ്മാനിച്ച ഈ ജോഡി ഓഫ് സ്‌ക്രീനിലും നിറഞ്ഞുനിന്നു. 1970, 1980 കാലഘട്ടത്തിലായിരുന്നു ഇത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത്.
ഇപ്പോഴിതാ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ പൂജ സാമന്ത് ആ കാലഘട്ടത്തെ കുറിച്ച് മനസ് തുറക്കുകയാണ്. വളരേയധികം അടുപ്പമുള്ളവരായിരുന്നു ഇരുവരുമെന്നും കാലക്രമേണ അവര്‍ വേര്‍പിരിഞ്ഞുവെന്നും പൂജ, 'ഹിന്ദി റഷി'ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
1973-ല്‍ അമിതാഭ് ബച്ചന്‍, ജയാ ബച്ചനെ വിവാഹം ചെയ്‌തെങ്കിലും അതിനുശേഷവും രേഖയുമായുള്ള അടുപ്പം സൂക്ഷിച്ചുവെന്നും അന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഋഷി കപൂറിന്റേയും നീതു കപൂറിന്റേയും വിവാഹത്തിന് രേഖ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി വന്നതോടെ ഈ അഭ്യൂഹങ്ങള്‍ കൂടുതല്‍ കരുത്താര്‍ജിച്ചെന്നും പൂജ പറയുന്നു. 'രേഖ വിവാഹിതയായിരുന്നില്ല. പക്ഷേ അന്ന് അവര്‍ വിവാഹത്തിനെത്തിയത് ഒരു ഭാര്യയെപ്പോലെയായിരുന്നു. എല്ലാവരും അത്ഭുതപ്പെട്ടുപോയി. വരനും വധുവിനും പകരം, എല്ലാവരുടേയും ശ്രദ്ധ രേഖയിലേക്കായി. എന്തുകൊണ്ടാണ് അവര്‍ സിന്ദൂരം ചാര്‍ത്തിയതെന്ന് അറിയാന്‍ എല്ലാവര്‍ക്കും ആകാംഷയായിരുന്നു.'-പൂജ പറയുന്നു.
ജീവിതശൈലിയില്‍പോലും രേഖ മാറ്റം വരുത്തിയെന്നും പൂജ ഓര്‍ത്തെടുക്കുന്നു. അമിതാഭ് ബച്ചന് വേണ്ടി രേഖ നോണ്‍-വെജ് ഭക്ഷണംപോലും ഉപേക്ഷിച്ചു. ബച്ചന്‍ ശുദ്ധ വെജിറ്റേറിയന്‍ ആയതിനാല്‍ രേഖയും മാംസാഹാരം കഴിക്കുന്നത് അവസാനിപ്പിക്കുകയായിരുന്നു. ഷൂട്ടിങ് സെറ്റുകളില്‍പോലും അവര്‍ നോണ്‍-വെജ് കഴിച്ചില്ല. ബച്ചന്റെ ശ്രദ്ധ പിടിച്ചുപറ്റാനായിരുന്നു ഇതെല്ലാം ചെയ്തത്-പൂജ പറയുന്നു.
Content Highlights: when rekha quit non veg for amitabh bachchan