'താടിയുണ്ടോ, കാമുകിയില്ല'; ക്ലീൻഷേവ് ചെയ്ത പുരുഷന്മാർക്ക് വേണ്ടി സ്ത്രീകൾ പ്രതിഷേധിച്ചതിന് പിന്നിൽ

സ്ത്രീകൾ നടത്തിയ റാലി | Photo: https://www.instagram.com/ghantaa
സ്ത്രീകൾ നടത്തിയ റാലി | Photo: https://www.instagram.com/ghantaa

താടിയുള്ളതാണോ താടി ഇല്ലാത്തതാണോ പുരുഷന്മാർക്ക് ഭം​ഗി? ഇന്ത്യൻ പുരുഷന്മാരുടെ താടിയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഒരുകാലത്തും അവസാനമില്ല. താടിയുള്ള പുരുഷന്മാരെയാണ് സ്ത്രീകൾക്ക് ഇഷ്ടമെന്ന് ചില പഠനങ്ങൾ അവകാശപ്പെടുമ്പോൾ, മറ്റുള്ളവർ പറയുന്നത് വൃത്തിയായി ഷേവ് ചെയ്ത പുരുഷന്മാരാണ് കൂടുതൽ ആകർഷകരാണെന്നാണ്. ചർച്ചകൾ ഇങ്ങനെയൊക്കെയാണെങ്കിലും ക്ലീൻ ഷേവ് ചെയ്ത പുരുഷന്മാരെ ആവശ്യപ്പെട്ട് ഒരു സംഘം പെൺകുട്ടികൾ നടത്തിയ പ്രതിഷേധമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച.

മധ്യപ്രദേശിലെ ഇന്ദോറിൽ നിന്നുള്ളതാണ് വീഡിയോ എന്നാണ് സൂചന. ഒരുസംഘം പെൺകുട്ടികളാണ് ക്ലീൻ ഷേവ് ചെയ്ത പുരുഷന്മാരെ ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. ക്ലീൻ ഷേവ് ചെയ്ത കാമുകന്മാരെ ആവശ്യപ്പെടുന്ന പ്ലക്കാർഡുകളുമായാണ് പെൺകുട്ടികൾ റാലിയിൽ പങ്കെടുത്തത്. 'താടി മാറ്റൂ, സ്നേഹം സംരക്ഷിക്കൂ', 'താടി ഉപേക്ഷിക്കുക, അല്ലെങ്കിൽ നിങ്ങളുടെ കാമുകിയെ മറക്കുക', 'ക്ലീൻ ഷേവ് ഇല്ലെങ്കിൽ പ്രണയമില്ല', 'ഞങ്ങളുടെ ഹൃദയം താടിയില്ലാത്ത കാമുകന്മാരെ ആഗ്രഹിക്കുന്നു' എന്നിങ്ങനെ പോകുന്നു മുദ്രാവാക്യം. 

ഇൻസ്റ്റാ​ഗ്രാമിലും എക്സിലുമാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. കോളേജ് വിദ്യാർഥികളെന്ന് തോന്നിക്കുന്ന പെൺകുട്ടികളാണ് വീഡിയോയിലുള്ളത്. താടിയുപേക്ഷിക്കാൻ ആഹ്വാനം ചെയ്ത് ഇവർ നടത്തിയ പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇതിന്റെ ആധികാരികത സംബന്ധിച്ചും ചിലർ ചോദ്യം ‌ഉയർത്തിയിരുന്നു. വീഡിയോ തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. മറ്റ് ചിലർ ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്നും അതല്ല, റീൽസിന് വേണ്ടി ചിത്രീകരിച്ചതാണെന്നും പറഞ്ഞു. എന്നാൽ ഇത് ഒരു ​ഗ്രൂമിങ് ഉത്പന്നത്തിന്റെ പരസ്യത്തിന്റെ ഭാ​ഗമായി ചെയ്തതായിരുന്നു. 

Content Highlights: We demand beardless boyfriend, College girls demand clean-shaved men