തായ്‌ലന്‍ഡില്‍ വിവാഹിതയായി വരലക്ഷ്മി; റിസപ്ഷനില്‍ തിളങ്ങി ശോഭനയും സുരേഷ് ഗോപിയും ഖുശ്ബുവും

മകളും നടിയുമായ വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹം ആഘോഷമാക്കി നടന്‍ ശരത്കുമാര്‍. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കോളായ് സച്ച്ദേവാണ് വരന്‍. തായ്‌ലന്‍ഡിലായിരുന്നു ഇരുവരുടേയും വിവാഹം. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനുശേഷം കഴിഞ്ഞ ദിവസം ചെന്നൈയില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി റിസപ്ഷനും നടന്നു.
സിനിമാ ലോകത്ത് നിന്നുള്ള നിരവധി പേരാണ് റിസപ്ഷനില്‍ പങ്കെടുത്തത്. ലിസി, ശോഭന, ഖുശ്ബു, രജനീകാന്ത്, തൃഷ, നന്ദമൂരി ബാലകൃഷ്ണ, എആര്‍ റഹ്‌മാന്‍, മണിരത്‌നം, സുരേഷ് ഗോപി, ജാക്കി ഷ്‌റോഫ്, സുഹാസിനി, അറ്റ്‌ലീ, പ്രഭുദേവ, വിജയ് ആന്റണി, രമ്യകൃഷ്ണ, വിജയ് ആന്റണി, ബാല, ജീവ, ഐശ്വര്യ രജനീകാന്ത് തുടങ്ങിയ പ്രമുഖരെല്ലാം റിസപ്ഷനെത്തി.
ഗ്രേപ്പ് നിറത്തിലുള്ള ലെഹങ്കയായിരുന്നു റിസപ്ഷനില്‍ വരലക്ഷ്മിയുടെ ഔട്ട്ഫിറ്റ്. നിറയെ ക്രിസ്റ്റല്‍ വര്‍ക്കുകള്‍ വരുന്ന ലെഹങ്കയ്‌ക്കൊപ്പം ഗ്രേപ് പ്ലെയ്ന്‍ നിറത്തിലുള്ള ഷാളാണ് പെയര്‍ ചെയ്തത്. ഇതിനൊപ്പം വജ്രാഭരണങ്ങളും അണിഞ്ഞു. ഗ്രേപ്പും ബ്ലാക്കും നിറങ്ങള്‍ ചേരുന്ന ഷെര്‍വാണിയാണ് നിക്കോളായ് ധരിച്ചത്.
നേരത്തെ മെഹന്ദി, സംഗീത് ചടങ്ങുകളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. പച്ചയുടെ വിവിധ ഷേഡിലുള്ള വസ്ത്രങ്ങളാണ് മെഹന്ദിക്ക് അതിഥികളും വരനും വധുവും അണിഞ്ഞത്. തത്തപച്ച നിറത്തിലുള്ള ലോങ് മിഡിയുടെ ടോപ്പുമായിരുന്നു വരലക്ഷ്മിയുടെ ഔട്ട്ഫിറ്റ്. പച്ചയും ക്രീമും നിറങ്ങള്‍ ചേര്‍ന്ന ഷെര്‍വാണിയാണ് നിക്കോളായ് ധരിച്ചത്.
സില്‍വര്‍ നിറത്തിലുള്ള ലെഹങ്കയായിരുന്നു സംഗീത് ചടങ്ങില്‍ വരലക്ഷ്മിയുടെ ഔട്ട്ഫിറ്റ്. നിക്കോളായ് കറുപ്പ് നിറത്തിലുള്ള ഷെര്‍വാണിയും അണിഞ്ഞു. രാധിക ശരത്കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഗീത് ചടങ്ങില്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 'പൊന്‍മകള്‍ വന്താല്‍' എന്ന പാട്ടിന് അനുസരിച്ചായിരുന്നു രാധികയുടെ നൃത്തച്ചുവടുകള്‍.
നടന്‍ ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് വരലക്ഷ്മി. ഈ ദമ്പതിമാര്‍ക്ക് വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകള്‍ കൂടിയുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നത്. കഴിഞ്ഞ 14 വര്‍ഷമായി വരലക്ഷ്മിയും നിക്കോളായും സുഹൃത്തുക്കളായിരുന്നു.
Content Highlights: varalaxmi sarathkumar marriage reception held in chennai