കൊച്ചിയിലെ പ്രീമിയം ഹെൽമറ്റ് ക്രേസ്; റോഡിലെ അച്ചടക്കത്തെ പ്രശംസിച്ച് ഇൻസ്റ്റഗ്രാം വ്ലോഗർ

കനത്ത ട്രാഫിക്കിലും കൊച്ചിക്കാർ റോഡിൽ കാണിക്കുന്ന അച്ചടക്കത്തെയും ഹെൽമറ്റ് ധരിക്കുന്നതിനെയും പ്രശംസിച്ച് ഉത്തരാഖണ്ഡ് സ്വദേശിയായ ബൈക്ക് റൈഡർ. കൊച്ചി നഗരത്തിലൂടെ യാത്ര ചെയ്യുമ്പോൾ പകർത്തിയ വീഡിയോയാണ് ഇൻസ്റ്റഗ്രാം വ്ലോഗറായ രോഹൻ കുമാർ മണ്ഡൽ പങ്കുവെച്ചത്.
കൊച്ചിയിലെ തിരക്കേറിയ റോഡുകളിലൂടെയുള്ള യാത്രയ്ക്കിടയിലാണ് വ്‌ളോഗർ കേരളത്തിലെ ട്രാഫിക് സംസ്കാരത്തെയും റൈഡിങ് രീതികളെയും പ്രശംസ കൊണ്ട് മൂടിയത്.
വിലകൂടിയ പ്രീമിയം ഹെൽമറ്റുകൾ; കൊച്ചിയിൽ വലിയൊരു 'ക്രേസ്'
‘ഇവിടെ എല്ലാവരും ഹെൽമറ്റ് ധരിച്ചിട്ടുണ്ട്. കേരളത്തിലെ ട്രാഫിക് നിയമങ്ങളും അത് ജനങ്ങൾ പാലിക്കുന്ന രീതിയും വേറെ ലെവൽ തന്നെയാണ് ഭായ്. ഭൂരിഭാഗം പേരും നല്ല പ്രീമിയം ഹെൽമറ്റുകളാണ് ഉപയോഗിക്കുന്നത്. നാലയ്യായിരം രൂപ മുതൽ 25,000 രൂപ വരെ വിലവരുന്ന ബ്രാൻഡഡ് ഹെൽമറ്റുകൾ ധരിച്ചവരെ ഞാൻ ഇവിടെ കണ്ടു. ഹെൽമറ്റ് ധരിക്കുന്നതിൽ വലിയൊരു ക്രേസ് തന്നെ ഇവിടെയുണ്ട്’ രോഹൻ വീഡിയോയിൽ പറയുന്നു.
നഗരത്തിലെ കനാലുകളും പുഴകളും തന്നെ ആകർഷിച്ചുവെന്നും റോഡിൽ ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും വലിയൊരു നിര തന്നെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ജനങ്ങൾ റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ പുറത്തുവന്നതോടെ കേരളത്തിലെ റോഡ് സുരക്ഷാ സംസ്കാരത്തെ അഭിനന്ദിച്ച് ചിലർ കമന്റുകളിട്ടിട്ടുണ്ട്.
Content Highlights: An Uttarakhand-based biker and Instagram vlogger, Rohan Kumar Mandal, shared a viral video praising Kochi's exemplary road discipline and the local riders' massive craze for high-end premium helmets despite heavy traffic.