ചടങ്ങിനിടെ വരന്‍ തലകറങ്ങി വീണപ്പോള്‍ വിഗ്ഗ് ഇളകിപ്പോന്നു; വിവാഹത്തില്‍നിന്ന് പിന്മാറി വധു

പ്രതീകാത്മകചിത്രം| Photo: PTI
പ്രതീകാത്മകചിത്രം| Photo: PTI

വിവാഹച്ചടങ്ങുകള്‍ നടക്കുന്നതിനിടെ വരന്റെ വിഗ്ഗ് താഴെ വീണ് വിവാഹം മുടങ്ങി. ചടങ്ങിനിടെ വരന്‍ തലകറങ്ങി വീണപ്പോള്‍ വിഗ്ഗും താഴെപ്പോകുകയായിരുന്നു. വരന് കഷണ്ടിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ വധു വിവാഹത്തില്‍നിന്ന് പിന്മാറി. 

ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. കഷണ്ടിയുള്ള കാര്യം വധുവിനോടും വീട്ടുകാരോടും വരന്‍ മറച്ചുവെച്ചിരുന്നു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വീട്ടുകാര്‍ പരമാവധി ശ്രമിച്ചിട്ടും വധു വിവാഹത്തിന് സമ്മതിച്ചില്ല. ഒടുവില്‍ പോലീസും സ്ഥലത്തെത്തി. പഞ്ചായത്ത് യോഗം വിളിക്കുകയും ചെയ്തു. പക്ഷേ വധു നിലപാടില്‍ ഉറച്ചുനിന്നു. 

ഇതോടെ ഇരുവീട്ടുകാരും ഒത്തുതീര്‍പ്പിലെത്തി. ചടങ്ങുകള്‍ക്കായി 5.66 ലക്ഷം രൂപയാണ് വധുവിന്റെ വീട്ടുകാര്‍ക്ക് ചിലവായത്. ഈ പണം നല്‍കാമെന്ന് വരന്റെ വീട്ടുകാര്‍ ഉറപ്പുനല്‍കി. 

'വരന് കഷണ്ടിയുള്ള കാര്യം നേരത്തെ പറഞ്ഞിരുന്നെങ്കില്‍ അതിനായി വധുവിനെ മാനസികമായി ഒരുക്കാമായിരുന്നു. ഈ പ്രശ്‌നമുണ്ടാകില്ലായിരുന്നു. സത്യങ്ങള്‍ മറച്ചുവെച്ച് ദാമ്പത്യജീവിതം എങ്ങനെ മുന്നോട്ടുപോകാനാണ്.' വധുവിന്റെ അമ്മാവന്‍ ചോദിച്ചു. 

Content Highlights: UP bride refuses to marry bald groom after his wig comes off during wedding