മുല്ലപ്പൂ, പട്ടുസാരി, ചുവന്ന കല്ല് പതിച്ച മാല; വിജയ്‌യുടെ സത്യപ്രതിജ്ഞയിൽ തിളങ്ങി തൃഷ

#Lifestyle Desk
വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തൃഷ | Photos: PTI
വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തൃഷ | Photos: PTI

തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തതിന്റെ ആഹ്‌ളാദത്തിലാണ് ആരാധകർ. തീർത്തും സിനിമാറ്റിക്കായ രീതിയിലുള്ള സത്യപ്രതിജ്ഞാ ചടങ്ങിനെ അത്യാവേശത്തോടെയാണ് ആരാധകർ കണ്ടത്. എന്നാൽ, ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സാന്നിധ്യം കൊണ്ട് ശ്രദ്ധേയയായത് മറ്റൊരാളാണ്. നടി തൃഷ.

ചെന്നൈയിലെ വസതിയിൽ നിന്നാണ് തൃഷ സത്യപ്രതിജ്ഞാവേദിയിലേക്ക് പുറപ്പെട്ടത്. വീട്ടിൽ നിന്ന് ഇറങ്ങുംമുമ്പ് അവർ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഈ നിമിഷത്തെ ഏറെ ആകാംക്ഷയോടെയാണ് താൻ കാത്തിരിക്കുന്നതെന്നാണ് താരം പറഞ്ഞത്. അതീവസുന്ദരിയായാണ് തൃഷ സത്യപ്രതിജ്ഞാവേദിയിലെത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങിലെ തൃഷയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

പരമ്പരാഗതമായ രീതിയിൽ ഒരുങ്ങിയാണ് തൃഷ ചടങ്ങിനെത്തിയത്. ഇളംനീല നിറത്തിലുള്ള പട്ടുസാരിയും സ്വർണവർണത്തിലുള്ള ബ്ലൗസുമായിരുന്നു വേഷം. മുടിയിൽ മുല്ലപ്പൂമാലയും ഉണ്ടായിരുന്നു. ചുവന്ന കല്ലുകൾ പതിച്ച നെക്ക്‌ലേസും അതിന് അനുയോജ്യമായ കമ്മലുകളും താരം ധരിച്ചിരുന്നു. കൈയിലെ സ്വർണവളകളും വിരലിലെ മോതിരവുമാണ് മറ്റ് ആഭരണങ്ങൾ.

നേരത്തേ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന അന്ന് തൃഷ തിരുപ്പതി ക്ഷേത്രം സന്ദർശിച്ചത് വലിയ ചർച്ചയായിരുന്നു. തന്റെ 43-ാം ജന്മദിനത്തോടനുബന്ധിച്ചാണ് താരം തിരുപ്പതി ദർശനം നടത്തിയത്. അതേസമയം വിജയ്‌യുടേയും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റേയും വിജയത്തിനായി പ്രാർഥിക്കാനാണ് തൃഷ ക്ഷേത്രത്തിൽ പോയതെന്നാണ് അന്ന് പ്രചരിച്ച അഭ്യൂഹം. ഏപ്രിൽ 23-ന് വോട്ട് രേഖപ്പെടുത്തിയ ശേഷം തൃഷ പങ്കുവെച്ച പോസ്റ്റും വിജയ്ക്കുള്ള പിന്തുണയായിരുന്നുവെന്ന് ആരാധകർ പറയുന്നു. ഗില്ലി എന്ന ചിത്രത്തിലെ ഗാനത്തിലുള്ള വിസിൽ ശബ്ദമാണ് പോസ്റ്റിന്റെ പശ്ചാത്തലത്തിൽ തൃഷ ഉപയോഗിച്ചത്.

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടിയാണ് വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത്. 1960-കൾ മുതൽ തമിഴ്നാട് രാഷ്ട്രീയത്തെ അടക്കിവാഴുന്ന ഡിഎംകെ (DMK), എഐഎഡിഎംകെ (AIADMK) എന്നീ കക്ഷികളെ പരാജയപ്പെടുത്തിയാണ് വിജയ് ഈ അവിസ്മരണീയ വിജയം നേടിയത്.

നേരത്തേ വിജയ്‌ക്കെതിരായി ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജിയിൽ താരത്തിന് ഒരു നടിയുമായി വിവാഹേതരബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു. ഈ നടി തൃഷയാണെന്ന അഭ്യൂഹം അന്ന് മുതൽ തന്നെ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെ ഒരു വിവാഹ ചടങ്ങിൽ വിജയ്‌യും തൃഷയും ഒന്നിച്ച് ഒരു കാറിൽ എത്തി പങ്കെടുത്തത് വലിയ വാർത്തയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിലെ തൃഷയുടെ സാന്നിധ്യം പോലെ, വിജയ്‌യുടെ ഭാര്യ സംഗീതയുടേയും മക്കളുടേയും അസാന്നിധ്യവും ഇപ്പോൾ വലിയ ചർച്ചയായിട്ടുണ്ട്.

2004-ൽ 'ഗില്ലി'യിലാണ് തൃഷയും വിജയും ആദ്യമായി ഒന്നിക്കുന്നത്. 'തിരുപ്പാച്ചി', 'ആദി', 'കുരുവി', 'ലിയോ' എന്നീ ചിത്രങ്ങളിലും ഇരുവരും പിന്നീട് നായികാനായകന്മാരായി.

Content Highlights: Actress Trisha turned heads in a traditional blue silk saree while attending Thalapathy Vijay's historic swearing-in ceremony as the Chief Minister of Tamil Nadu at Chennai's Nehru Stadium. The event celebrated the massive electoral victory of Vijay's party, Tamizhaga Vettri Kazhagam, which secured 108 seats to unseat the long-standing DMK and AIADMK parties.