“തൃശ്ശൂർകാർക്ക് എന്ത് വെയില്, പൂരം നമ്മുടെ വികാരല്ലേ..”

#ശ്രീലക്ഷ്മി മേനോന്‍

തൃശ്ശൂർ: ലക്ഷക്കണക്കിന് പൂരപ്രേമികളുടെ കാത്തിരിപ്പിന് അവസാനമായി തൃശ്ശൂർ പൂരം എത്തിചേർന്നിരിക്കുന്നു. കത്തിയാളുന്ന വെയിലും ചൂടും വകവയ്ക്കാതെ പതിനായിരങ്ങളാണ് പൂര വിളംബരദിനമായ ശനിയാഴ്ച തേക്കിൻകാട് മൈതാനത്ത് ഒത്തുകൂടിയത്. “നല്ല ചൂടല്ലേ, ഈ ചൂടത്ത് എങ്ങനെയാ പൂരം കാണുന്നേ” എന്ന് ചോദിച്ച ഞങ്ങൾക്ക് ലഭിച്ച മറുപടി- “തൃശ്ശൂർകാർക്ക് എന്ത് വെയില്? പൂരം ഞങ്ങളുടെ വികാരം അല്ലേ അത് കാണാതെ എങ്ങനെയാണ്?” എന്നായിരുന്നു.

കയ്യിൽ നിർത്താതെ വീശുന്ന പേപ്പർ വിശറി, ബാഗിലും സഞ്ചിയിലുമായി കരുതിയ വെള്ളം നിറച്ച ബോട്ടിലുകൾ... വില്ലനായി മാറിയേക്കാവുന്ന വെയിലിനെ തടുക്കാനുള്ള പ്രതിവിധികളുമായിട്ടാണ് ഓരോ പൂരപ്രേമിയും വടക്കുന്നാഥന് മുന്നിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്.

ഈ ചൂടിനും വെയിലിനും പൂരപ്രേമികളുടെ ആവേശത്തെ കെടുത്തിക്കളയാൻ സാധിക്കില്ലെന്ന് തെളിയിച്ച ദൃശ്യം തന്നെയായിരുന്നു നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര നട തുറന്ന് വന്നപ്പോൾ തേക്കിൻകാട് നിറഞ്ഞ് കവിഞ്ഞ ജനങ്ങൾ, അവരുടെ ആഹ്ലാദം, ആവേശം, ആർപ്പുവിളികൾ…

ശ്രീമൂലസ്ഥാനത്തെ നിലപാട് തറയിലെത്തി പൂര വിളംബരം നടത്തിക്കഴിഞ്ഞതോടെ ഇനി ഘടക പൂരങ്ങളുടെ വരവാണ്. ഏപ്രിൽ 26 ഞായറാഴ്ച പുലർച്ചയോടെ കണിമംഗലം ശാസ്താവ് വടക്കുന്നാഥനിൽ എത്തിച്ചേരുന്നതിന് പിന്നാലെ ബാക്കിയുള്ള പൂരങ്ങളും വന്നുചേരും.

36 മണിക്കൂറാണ് തുടർച്ചയായി തൃശ്ശൂർ പൂരം അരങ്ങേറുക. പ്രധാന പങ്കാളികളായ തിരുവമ്പാടിയും പാറമേക്കാവും പുറമേ എട്ട് ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള പൂരങ്ങളും അണിനിരക്കുന്നതോടെ ഉച്ചയോടു കൂടി തന്നെ തേക്കിൻകാട് മൈതാനം ജനലക്ഷങ്ങളെകൊണ്ടു നിറയും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും ആസ്വദിക്കാൻ എത്തുന്ന മേള പ്രേമികൾ, ഓരോ പൂരത്തിന് ഒപ്പം വരുന്ന ഗജവീരന്മാരെയും കാത്തിരിക്കുന്ന ആന പ്രേമികൾ, കുടമാറ്റം കാണാൻ എത്തുന്ന ആസ്വാദകർ.. തൃശ്ശൂർ പൂരത്തെ ഓരോ പൂരപ്രേമിയും നെഞ്ചിലേറ്റുന്നത് ഇതുപോലെയുള്ള ഓരോ ഇഷ്ടങ്ങളിലൂടെയാണ്.

അതേസമയം മുണ്ടത്തിക്കോട് ഉണ്ടായ അപ്രതീക്ഷിതമായ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് നഗരവും ജനങ്ങളും ഇനിയും മുക്തമായിട്ടില്ല. ഔദ്യോഗികമായ ദുഃഖാചരണം അവസാനിച്ചുവെങ്കിലും പൊലിമ കുറച്ചാണ് ഇത്തവണത്തെ തൃശ്ശൂർ പൂരം അരങ്ങേറുക. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് പൂർണമായും ഒഴിവാക്കി, മണിക്കൂറോളം നീണ്ടുനിൽക്കുന്ന കുടമാറ്റം 15 മിനിറ്റ് നേരത്തേക്ക് മാത്രമായി ചുരുക്കി. ഇരു ദേവസ്വങ്ങളുടെയും സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം.

Content Highlights: Thrissur Pooram 2026 commenced with the Vilambaram ceremony despite intense heat., The festival is being held with reduced scale and no fireworks due to the Mundathikode tragedy., Kudamattom duration has been shortened to 15 minutes as a mark of respect.