നടി സ്വാതി റെഡ്ഡി രണ്ടാമതും വിവാഹിതയായി; വരൻ ശ്രീകാന്ത് നഗോതി, ചിത്രങ്ങൾ പങ്കുവെച്ച് താരം

നോർത്ത് 24 കാതം, ആമേൻ തുടങ്ങിയ ഒരുപിടി മലയാള ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ തെലുങ്ക് നടിയാണ് സ്വാതി റെഡ്ഡി. തമിഴിലെ സൂപ്പർഹിറ്റ് ചിത്രമായ സുബ്രഹ്‌മണ്യപുരം ഉൾപ്പെടെ ഒട്ടേറെ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സ്വാതി റെഡ്ഡി കളേഴ്‌സ് സ്വാതി എന്നാണ് അറിയപ്പെടുന്നത്. തന്റെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വീണ്ടും വാർത്തകളിൽ നിറയുകയാണ് താരം.
ഇൻസ്റ്റഗ്രാമിലൂടെയാണ് സ്വാതി തന്റെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. സ്വാതി റെഡ്ഡി അഭിനയിച്ച് 2023-ൽ പുറത്തിറങ്ങിയ മന്ത് ഓഫ് മധു എന്ന തെലുങ്ക് ചിത്രത്തിന്റെ സംവിധായകൻ ശ്രീകാന്ത് നഗോതിയാണ് വരൻ. ബുധനാഴ്ച നടന്ന സ്വകാര്യമായ ചടങ്ങിലായിരുന്നു വിവാഹം. 'ഹിച്ച്ഡ് 08-07-2026' എന്നാണ് ചിത്രങ്ങൾക്കൊപ്പം സ്വാതി കുറിച്ചത്.
പരമ്പരാഗതമായ വസ്ത്രങ്ങളാണ് വിവാഹത്തിന് ഇരുവരും ധരിച്ചിരുന്നത്. വിവാഹ ചടങ്ങിന്റെ ഭാഗമായുള്ള ഹോമം ശ്രീകാന്ത് ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ കൈ പിടിച്ച് സമീപത്തിരിക്കുന്ന സ്വാതിയാണ് ഒരു ചിത്രത്തിലുള്ളത്. പൂജാവേളയിൽ ഇരുവരുടേയും പിന്നിൽ നിന്നുള്ള മറ്റൊരു ചിത്രവും സ്വാതി പങ്കുവെച്ചു. വീട്ടിൽ വെച്ച് തന്നെയാണ് വിവാഹം നടന്നതെന്നാണ് സൂചന.
സംവിധായിക നന്ദിനി റെഡ്ഡി, നടിമാരായ ലക്ഷ്മി മഞ്ചു, ശ്രേയാ ധന്വന്തരി, ബാഡ്മിന്റൺ താരം ജ്വാലാ ഗുട്ട തുടങ്ങിയ സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് സ്വാതിക്കും ശ്രീകാന്തിനും ആശംസകൾ നേർന്ന് കമന്റുകളിട്ടത്.
സ്വാതിയുടെ രണ്ടാം വിവാഹമാണ് ഇത്. 2018 സെപ്റ്റംബർ രണ്ടിനായിരുന്നു സ്വാതിയുടെ ആദ്യവിവാഹം. മലയാളിയായ പൈലറ്റ് വികാസ് വാസുവായിരുന്നു വരൻ. ഹൈദരാബാദിലായിരുന്നു വിവാഹം നടന്നത്. കൊച്ചിയിൽ റിസപ്ഷനും നടന്നിരുന്നു. ഇരുവരും വിവാഹമോചിതരാകുന്നു എന്ന അഭ്യൂഹങ്ങൾ 2023-ൽ പ്രചരിച്ചിരുന്നുവെങ്കിലും സ്വാതി ഇതേക്കുറിച്ച് പരസ്യമായി പ്രതികരിച്ചിരുന്നില്ല. തീർത്തും സ്വകാര്യമായാണ് ഇരുവരും വിവാഹമോചിതരായത്.
Content Highlights: Popular actress Swati Reddy, fondly known as 'Colours Swati', married filmmaker Srikanth Nagothi in an intimate traditional ceremony. Srikanth directed Swati in her 2023 Telugu comeback film 'Month of Madhu'. This marks the actress's second marriage following her quiet divorce from pilot Vikas Vasu.