ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

തന്റേതായ ശൈലിയിലൂടെ സംഗീതലോകത്ത് ശ്രദ്ധേയയായ യുവഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി. കലേഷ് ഗോവിന്ദനാണ് ഗൗരിയുടെ ജീവിതപങ്കാളി. ഇൻസ്റ്റഗ്രാമിലൂടെ ഗൗരി ലക്ഷ്മി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
വിവാഹചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. സെലിബ്രിറ്റികളും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് ഗൗരി ലക്ഷ്മിക്കും കലേഷ് ഗോവിന്ദനും ആശംസകൾ നേർന്ന് പോസ്റ്റിൽ കമന്റുകളിട്ടത്.
ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശിനിയായ ഗൗരി ലക്ഷ്മി തൃപ്പൂണിത്തുറ ആർഎൽവി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്ന് സംഗീതത്തിൽ ബിരുദവും കേരള സർവകലാശാലയിൽ നിന്ന് സംഗീതത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം കാസനോവയിലെ 'സഖിയേ' എന്ന ഗാനം ഒരുക്കിക്കൊണ്ട് 13-ാം വയസിലായിരുന്നു മുഖ്യധാരയിലേക്ക് ഗൗരി ലക്ഷ്മി കടന്നുവന്നത്. ഗാനം രചിച്ചതും ഈണം നൽകിയതും ആലപിച്ചതും ഗൗരിയാണ്.
പിന്നീടിങ്ങോട്ട് ഗോദയിലെ 'ആരോ നെഞ്ചിൽ' ഉൾപ്പെടെ ഒട്ടേറെ സിനിമാഗാനങ്ങൾ ആലപിക്കുകയും രചിക്കുകയും ഈണമിടുകയും ചെയ്ത ഗൗരി ലക്ഷ്മി, സ്വതന്ത്ര ആൽബങ്ങളും പുറത്തിറക്കി. ഏതാനും തമിഴ് ഗാനങ്ങളും ഗൗരി ലക്ഷ്മി ആലപിച്ചിട്ടുണ്ട്. 2024-ൽ പുറത്തിറങ്ങിയ ഗൗരിയുടെ 'എന്റെ പേര് പെണ്ണ്' എന്ന ഗാനം ഏറെ ചർച്ചയായിരുന്നു. ഹരിവരാസനം എന്ന ഗാനത്തിന് ഗൗരി ഒരുക്കിയ കവർ വെർഷനും പ്രശസ്ത കഥകളി പദമായ 'അജിതാ ഹരേ ജയ' ഗൗരി തന്റേതായ ശൈലിയിൽ അവതരിപ്പിച്ചതുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.
Content Highlights: Popular young playback singer and composer Gowry Lekshmi has married Kalesh Govindan. She shared her wedding photographs via Instagram, receiving widespread congratulations from celebrities and fans. Gowry is well-known for her indie tracks and movie songs.