കത്രീനക്ക് എന്തുപറ്റി, കിളവിയായല്ലോ? അധിക്ഷേപത്തിന് മറുപടിയുമായി ശിവലീക

#ലൈഫ്സ്റ്റൈൽ ഡെസ്ക്
കുക്കു കോഹ്ലിയുടെ പ്രാര്‍ത്ഥന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ കത്രീന കൈഫും വിക്കി കൗശലും | Photo: PTI
കുക്കു കോഹ്ലിയുടെ പ്രാര്‍ത്ഥന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ കത്രീന കൈഫും വിക്കി കൗശലും | Photo: PTI

ബോളിവുഡ് താരം കത്രീന കൈഫിന്റെ പുതിയ ലുക്കിനെ അപഹസിച്ച് സോഷ്യൽ മീഡിയ. രൂക്ഷമായ ബോഡി ഷെയ്മിങ്ങാണ് താരം നേരിടുന്നത്. അടുത്തിടെ ഭർത്താവും നടനുമായ വിക്കി കൗശലിനൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പ്രസവശേഷം കത്രീനയുടെ രൂപത്തിലുണ്ടായ മാറ്റത്തെ പരിഹസിച്ച് ട്രോളന്മാർ രംഗത്തെത്തിയത്. പ്രസവാനന്തരം ഒരു സ്ത്രീയുടെ ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങളെ അധിക്ഷേപിക്കുന്നതിനെതിരെ ശക്തമായ പ്രതികരണവുമായി സിനിമാ മേഖലയിലുള്ളവരും ആരാധകരും രംഗത്തെത്തി. 'ഖുദാ ഹാഫിസ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ശിവലീക ഒബ്റോയ് ആണ് സൈബർ അധിക്ഷേപകർക്ക് എതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ആദ്യമെത്തിയത്.

കത്രീനയ്ക്ക് നേരെയുള്ള അധിക്ഷേപങ്ങൾ അതിരുകടന്നതോടെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ശിവലീക പ്രതികരിച്ചത്. കത്രീനയുടെ രൂപത്തെ വിമർശിച്ചുകൊണ്ടുള്ള ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കുവെച്ചുകൊണ്ടായിരുന്നു അവരുടെ മറുപടി. 'ഇതിന് മാത്രം എന്താണ് സംഭവിച്ചത് എന്ന് ചോദിക്കുന്നവരോടാണ്; ഇതാണ് മാതൃത്വം! നല്ലതും മോശവും നീരുവയ്ക്കുന്നതും ക്ഷീണവും അസ്വസ്ഥതകളും എല്ലാം അടങ്ങുന്നതാണ് ഒരു സാധാരണ പ്രസവാനന്തര ഘട്ടം. നിലവിലില്ലാത്ത മാതൃത്വത്തിന്റെ ചട്ടക്കൂടുകളെ ആഘോഷിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വരുന്ന ഇത്തരം പോസ്റ്റുകൾ കാണുമ്പോൾ ആളുകളുടെ മനോഭാവം എത്രമാത്രം ഭ്രാന്തമാണെന്ന് ചിന്തിച്ചുപോവുകയാണ്.' ശിവലീക കുറിച്ചു. കുറച്ചുമാസങ്ങൾക്ക് മുൻപാണ് ശിവലീകയും ഒരു കുഞ്ഞിന് ജന്മം നൽകിയത്.

ശിവലീക, ശിവലീക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയുടെ സ്‌ക്രീൻഷോട്ട്

അന്തരിച്ച സംവിധായകൻ കുക്കു കോഹ്ലിയുടെ പ്രാർത്ഥന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസമാണ് കത്രീന കൈഫും വിക്കി കൗശലും മുംബൈയിൽ എത്തിയത്. ചടങ്ങിനുശേഷം മാധ്യമങ്ങളോട് സംസാരിക്കാതെ ഇരുവരും കാറിലേക്ക് മടങ്ങുകയായിരുന്നു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ചിലർ അധിക്ഷേപകരമായ കമന്റുകളുമായി രംഗത്തെത്തിയത്. 'കത്രീനയ്ക്ക് എന്തുപറ്റി? കിളവിയായി', 'പഴയ ലുക്ക് നഷ്ടപ്പെട്ടു' തുടങ്ങിയ കമന്റുകൾക്ക് തൊട്ടുപിറകേ അധിക്ഷേപ പരാമർശങ്ങൾ പ്രചരിച്ചു. 2025 നവംബറിലാണ് കത്രീനയ്ക്കും വിക്കി കൗശലിനും ആൺകുഞ്ഞ് ജനിക്കുന്നത്.

പ്രസവത്തിന് ശേഷം സിനിമയിൽ നിന്നും പൊതുവേദികളിൽ നിന്നും ചെറിയ ഇടവേളയെടുത്ത് കുഞ്ഞിന്റെ പരിചരണത്തിലും സ്വന്തം സൗന്ദര്യവർദ്ധക ബ്രാൻഡായ 'കേ ബ്യൂട്ടി'യുടെ പ്രവർത്തനങ്ങളിലുമാണ് കത്രീന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

കുഞ്ഞിന് ജന്മം നൽകിയ ശേഷം ശരീരത്തിലും ആരോഗ്യത്തിലും ശ്രദ്ധ കൊടുക്കാൻ സമയമെടുക്കുന്നത് സ്വാഭാവികമാണെന്നും, സിനിമയിലെയും സോഷ്യൽ മീഡിയയിലെയും കൃത്രിമ സൗന്ദര്യ സങ്കൽപ്പങ്ങൾ വെച്ച് യഥാർത്ഥ ജീവിതത്തിലെ സ്ത്രീകളെ അളക്കരുതെന്നും സിനിമാ-സാംസ്‌കാരിക രംഗത്തുള്ളവർ ഓർമിപ്പിക്കുന്നു.

Content Highlights: Katrina Kaif faced severe social media body shaming over her post-pregnancy appearance., Actress Shivaleeka Oberoi strongly defended Katrina, explaining the reality of motherhood., The backlash occurred after Katrina and Vicky Kaushal attended a public event in Mumbai., Critics are reminded to stop enforcing unrealistic beauty standards on mothers.