'സെക്സിന് താത്പര്യമുണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ ലൈംഗികത്തൊഴിലാളികള്‍'; ശക്തിമാന്‍ വിവാദത്തില്‍

മുകേഷ് ഖന്ന | Photo: instagram/ mukesh khanna
മുകേഷ് ഖന്ന | Photo: instagram/ mukesh khanna

തൊണ്ണൂറുകളിലെ കുട്ടികളടക്കമുള്ള ഇന്ത്യന്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ സൂപ്പര്‍ഹീറോ ആയിരുന്നു ശക്തിമാന്‍. ആപത്തില്‍പെട്ടവരെ രക്ഷിക്കാനെത്തുന്ന ശക്തിമാന്റെ പരമ്പര ദൂരദര്‍ശനായിരുന്നു സംപ്രേഷണം ചെയ്തത്. ആ പരമ്പരയില്‍ ശക്തമാനായി വേഷമിട്ടത് നടന്‍ മുകേഷ് ഖന്നയായിരുന്നു. 

വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് മുകേഷ് ഖന്ന. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരിലാണ് ഇതെന്നുമാത്രം. 2020-ല്‍ മീടൂവിനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ശ്രദ്ധിക്കപ്പെട്ടത്. സ്ത്രീകള്‍ പുറത്തിറങ്ങി ജോലിക്ക് പോയതിനുശേഷമാണ് ലൈംഗികാതിക്രമവും പീഡനങ്ങളും വര്‍ധിച്ചത് എന്നായിരുന്നു അന്നത്തെ വിവാദ പ്രസ്താവന.

ഇപ്പോള്‍ രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും തന്റെ സ്ത്രീവിരുദ്ധത തുറന്നുകാട്ടുകയാണ് മുകേഷ് ഖന്ന. മുകേഷ് തന്റെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് വിവാദ പ്രസ്താവന നടത്തിയത്.

'അത്തരം പെണ്‍കുട്ടികള്‍ നിങ്ങളേയും വശീകരിക്കുമോ' എന്ന ടൈറ്റിലില്‍ പങ്കുവെച്ച വീഡിയോയില്‍ ലൈംഗിക ബന്ധത്തിന് താത്പര്യമുണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ അത് തൊഴിലാക്കിയവരാണെന്ന് മുകേഷ് ഖന്ന പറയുന്നു. 

'ഏതെങ്കിലും പെണ്‍കുട്ടി ഒരു ആണ്‍കുട്ടിയോട് ലൈംഗിക ബന്ധത്തിന് താത്പര്യമുണ്ടെന്ന് പറഞ്ഞാല്‍ അവള്‍ ഒരു പെണ്‍കുട്ടിയല്ല, മറിച്ച് ലൈംഗികത്തൊഴിലാളിയാണ്. കാരണം ഒരു പരിഷ്‌കൃത സമൂഹത്തില്‍പെട്ട മാന്യയായ പെണ്‍കുട്ടി ഒരിക്കലും ഇത്തരം കാര്യങ്ങള്‍ പറയില്ല.' വീഡിയോയില്‍ മുകേഷ് ഖന്ന പറയുന്നു. 

സോഷ്യല്‍ മീഡിയ ജീവിതത്തിലും യഥാര്‍ഥ ജീവിതത്തിലും സ്ത്രീകളാല്‍ വശീകരിക്കപ്പെടാതിരിക്കാന്‍ പുരുഷന്‍മാരെ ഉപദേശിക്കുന്നുമുണ്ട്. കൂടാതെ സെക്‌സ് റാക്കറ്റ് നടത്തുന്നതും നിരപരാധികളായ പുരുഷന്‍മാരെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതും സ്ത്രീകളാണെന്നും മുകേഷ് ഖന്ന ആരോപിക്കുന്നു. താനുമായി സൗജന്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് പറഞ്ഞ് യുവതികള്‍ മെസ്സേജ് അയക്കാറുണ്ടെന്നും എന്നാല്‍ താന്‍ അതിന് മറുപടി നല്‍കാറില്ലെന്നും താരം വീഡിയോയില്‍ പറയുന്നുണ്ട്. 

എട്ടു മിനിറ്റോളം ദൈര്‍ഘ്യമുള്ള ഈ വീഡിയോയുടെ പകുതി ഭാഗവും സ്ത്രീ വിരുദ്ധമാണ്. ഈ വീഡിയോക്ക് താഴെ നിരവധി പേര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. എങ്ങനെയാണ് ഇത്തരത്തില്‍ സംസാരിക്കാന്‍ കഴിയുന്നതെന്നും ആളുകള്‍ ചോദിക്കുന്നു. 


 

Content Highlights: shaktimaan actor mukesh khanna remark leaves internet fuming