ബിഗ് ബോസില്‍ സല്‍മാന്‍ ഖാന് പ്രതിഫലം 200 കോടിയോ? വ്യക്തത വരുത്തി നിര്‍മാതാവ്

ബിഗ് ബോസിൽ സൽമാൻ ഖാൻ | Photo: ANI
ബിഗ് ബോസിൽ സൽമാൻ ഖാൻ | Photo: ANI

ഇന്ത്യയിലെ ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തില്‍ ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ബിഗ് ബോസ് ഉണ്ട്. ഓരോ ഭാഷകളിലും അവിടത്തെ സൂപ്പര്‍താരങ്ങളാണ് ഷോ അവതരിപ്പിക്കുന്നത്. ഹിന്ദിയില്‍ സല്‍മാന്‍ ഖാനാണ് ബിഗ് ബോസ് അവതാരകന്‍. ഇപ്പോഴിതാ, ബിഗ് ബോസ് ഹിന്ദി പതിപ്പിനെ കുറിച്ച് പ്രചരിക്കുന്ന ചില അഭ്യൂഹങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യം വിശദീകരിക്കുകയാണ് നിര്‍മാതാവ്.

സല്‍മാന്‍ ഖാന്റെ പ്രതിഫലമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഹിന്ദി ബിഗ് ബോസിന്റെ ഭാഗമാകുന്നതിനായി അദ്ദേഹത്തിന് 150 മുതല്‍ 200 കോടി രൂപ വരെ ലഭിക്കുന്നുവെന്നാണ് പ്രചരിച്ച അഭ്യൂഹങ്ങള്‍. ഷോയുടെ നിര്‍മാതാക്കളായ ബനിജയ് ഏഷ്യ, എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ എന്നിവയുടെ പ്രതിനിധിയായ റിഷി നെഗിയാണ് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യത്തില്‍ ഇതേക്കുറിച്ച് സംസാരിച്ചത്.

'ഈ കരാര്‍ സല്‍മാന്‍ ഖാനും ജിയോ ഹോട്ട്‌സ്റ്റാറും തമ്മിലുള്ളതാണ്. അതിനാല്‍ തന്നെ പ്രതിഫലത്തെ കുറിച്ച് എനിക്കൊന്നും അറിയില്ല. പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ എന്തുതന്നെയായാലും അത് അദ്ദേഹം അര്‍ഹിക്കുന്നുണ്ട്. എന്നെ സംബന്ധിച്ച് വാരാന്ത്യ എപ്പിസോഡുകളില്‍ അദ്ദേഹം ഉള്ളിടത്തോളം കാലം ഞാന്‍ സന്തോഷവാനാണ്.' -റിഷി പറഞ്ഞു.

ഷോയില്‍ സല്‍മാന്‍ ഖാന്‍ ചില മത്സരാര്‍ഥികളോട് പക്ഷപാതം കാണിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. നിലവില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് ഹിന്ദി 19-ാം സീസണിലെ ചില മത്സരാര്‍ഥികളോട് അവതാരകനായ സല്‍മാന്‍ ഖാന്‍ പക്ഷപാതം കാണിക്കുന്നുവെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

സല്‍മാന്‍ എപ്പിസോഡുകള്‍ കാണാറുണ്ടെന്നും അല്ലാത്തപ്പോള്‍ പ്രധാന സംഭവങ്ങളുടെ മണിക്കൂറുകള്‍ നീണ്ട ഫൂട്ടേജുകളാണ് കാണുകയെന്നും അദ്ദേഹം പറഞ്ഞു. ഷോ കാണുന്ന പരിചയമുള്ളവരില്‍ നിന്നും അദ്ദേഹം വിവരം ശേഖരിക്കാറുണ്ട്. അദ്ദേഹത്തിന് സ്വന്തം കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷോയുടെ അണിയറയിലുള്ളവര്‍ ഇയര്‍ഫോണിലൂടെ സല്‍മാന്‍ ഖാന് വിവരങ്ങള്‍ നല്‍കാറുണ്ടോ എന്ന ചോദ്യത്തിന് അതൊന്നും നടക്കില്ല, അദ്ദേഹത്തിന് ബോധ്യമില്ലാത്തതൊന്നും അദ്ദേഹം പറയില്ല എന്നായിരുന്നു റിഷിയുടെ മറുപടി.

Content Highlights: Big Boss producer responds to rumors of Salman Khan's ₹200 crore fee and addresses bias allegations against the host