വിവാഹം ആ വലിയ 'കുടുംബ'ത്തോടൊപ്പം, സമ്മാനമായി ഒരു യാത്രയും

പീസ് വില്ലേജ് അംഗങ്ങൾ വിവാഹവേദിയില്‍ | Photo: Mathrubhumi
പീസ് വില്ലേജ് അംഗങ്ങൾ വിവാഹവേദിയില്‍ | Photo: Mathrubhumi

പിണങ്ങോട്: വിവാഹദിനത്തില്‍ പീസ് വില്ലേജ് കുടുംബാംഗങ്ങള്‍ക്ക് ഓര്‍ത്തിരിക്കാനൊരു സ്‌നേഹയാത്ര സമ്മാനിച്ച് എരുമാട് സ്വദേശിനി സഫീദ യാസ്മിന്‍.

തന്റെ നിക്കാഹിന് വയനാട് പിണങ്ങോട് പീസ് വില്ലേജിലെ അന്തേവാസികളും തന്റെ ബന്ധുക്കളെപ്പോലെ ഒപ്പമുണ്ടാകണമെന്നതായിരുന്നു സഫീദ യാസ്മിന്റെ സ്വപ്നം. ആഗ്രഹം മാതാപിതാക്കളായ അബ്ദുല്‍ സലീമിനെയും ഷൗജിത്തിനെയും അറിയിച്ചപ്പോള്‍ അവര്‍ക്കും ഇരട്ടി സന്തോഷം.

ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സഫീദ ആദ്യമായി പീസ് വില്ലേജ് സന്ദര്‍ശിക്കുന്നത്. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം ചെറിയ പെരുന്നാള്‍ ആഘോഷിക്കാനുമായി പീസ് വില്ലേജില്‍ എത്തിയിരുന്നു. ആ സമയത്താണ് തന്റെ വിവാഹത്തിന് പീസ് വില്ലേജിലെ മാതാപിതാക്കള്‍ക്ക് ഇത്തരത്തില്‍ ഒരു സ്‌നേഹസമ്മാനം നല്‍കാന്‍ സഫീദ തീരുമാനിച്ചത്.

ചെതലയം സ്വദേശി ഹിദായത്താണ് വരന്‍. നീലഗിരി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍വെച്ച് നടന്ന വിവാഹത്തില്‍ പീസ് വില്ലേജ് കുടുംബാംഗങ്ങളും ജീവനക്കാരുമടക്കം 70 പേര്‍ പങ്കെടുത്തു. ചടങ്ങിനുശേഷം നെല്ലാറച്ചാലും സന്ദര്‍ശിച്ചാണ് പീസ് വില്ലേജ് കുടുംബാംഗങ്ങള്‍ മടങ്ങിയത്.

Content Highlights: safida yasmin a native of erumadu gifted peace village family members a memorable journey on her wedding day