വാരിപ്പുണര്‍ന്ന് രണ്‍ബീര്‍: ലവ് ആൻ്റ് വാര്‍ സെറ്റില്‍ സ്‌പോട്ട് ബോയിയുടെ പിറന്നാൾ ആഘോഷം

തന്റെ സന്തതസഹചാരിയായ സ്‌പോട്ട് ബോയിയുടെ പിറന്നാള്‍ ആഘോഷമാക്കി ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. റണ്‍ബീറിന്റെ പുറത്തിറങ്ങാനിരിക്കുന്ന ലവ് ആന്റ് വാറിന്റെ ചിത്രീകരണ ലൊക്കേഷനിലാണ് സ്‌പോട്ട് ബോയി ഇന്ദറിന്റെ പിറന്നാള്‍ ആഘോഷിച്ചത്.
നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് ഇന്ദറിന്റെ പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്നത്. ഇന്ദറിനൊപ്പം ഒരു മുറിയിൽ നിൽക്കുകയാണ് രൺബീർ. ഇന്ദർ പിറന്നാൾ കേക്ക് മുറിച്ച് ആദ്യത്തെ കഷണം നൽകുന്നത് രൺബീറിനാണ്. തുടർന്ന് ഇന്ദർ മുറിയിലുണ്ടായിരുന്ന മറ്റുള്ളവർക്കും കേക്ക് നൽകുന്നു. ഈ സമയമത്രയും ക്ഷമയോടെ നിൽക്കുകയായിരുന്നു രൺബീർ. തുടർന്ന് അദ്ദേഹം ഒരു കഷണം കേക്ക് ഇന്ദറിനും നൽകുകയും ബാക്കിയുള്ളത് അദ്ദേഹത്തിന്റെ നെറ്റിയിലും മൂക്കിലും തേയ്ക്കുന്നു.
തുടർന്ന് ഇന്ദറിനെ ഗാഢമായി ആലിംഗനം ചെയ്യുകയാണ് രൺബീർ. ഇതിനിടയിൽ നിലത്ത് കേക്ക് വീണ ഭാഗം താരം വൃത്തിയാക്കുന്നുമുണ്ട്.
രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, വിക്കി കൗശല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബന്‍സാലി നിര്‍മിക്കുന്ന 'ലവ് ആന്റ് വാര്‍' 2025 ഡിസംബറില്‍ ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തും. തന്റെ അരങ്ങേറ്റ ചിത്രമായ സാവരിയ്ക്കുശേഷം രണ്‍ബീര്‍ കപൂർ ഒരു സഞ്ജയ് ലീല ഭൻസാലി ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
Content Highlights: ranbir kapoor celebrates spot boys birthday