ആ ചിത്രത്തിലെ ജോണ്‍ എബ്രഹാമിന്റെ ഭാഗങ്ങള്‍ അക്ഷയ് കുമാര്‍ വെട്ടിക്കുറച്ചോ? തുറന്ന് പറഞ്ഞ് പ്രിയദര്‍ശന്‍

#Lifestyle Desk
ജോൺ എബ്രഹാം, അക്ഷയ് കുമാർ, പ്രിയദർശൻ | Photos: PTI, Mathrubhumi
ജോൺ എബ്രഹാം, അക്ഷയ് കുമാർ, പ്രിയദർശൻ | Photos: PTI, Mathrubhumi

ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും ജോണ്‍ എബ്രഹാമും ഒന്നിച്ചെത്തിയ കോമഡി ചിത്രമാണ് 2005-ല്‍ പുറത്തിറങ്ങിയ ഗരം മസാല. മോഹന്‍ലാലും മുകേഷും തകര്‍ത്തഭിനയിച്ച ബോയിങ് ബോയിങ്ങിന്റെ ഹിന്ദി പതിപ്പായ ഗരം മസാല സംവിധാനം ചെയ്തത് പ്രിയദര്‍ശന്‍ തന്നെയാണ്. ഗരം മസാലയെ കുറിച്ച് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന കിംവദന്തിയാണ് ചിത്രത്തിലെ ജോണ്‍ എബ്രഹാമിന്റെ ഭാഗങ്ങള്‍ അക്ഷയ് കുമാര്‍ ഇടപെട്ട് വെട്ടിക്കുറച്ചുവെന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ ആരോപണത്തോട് പ്രിയദര്‍ശന്‍ പ്രതികരിച്ചത്. ആരോപണം നിഷേധിച്ച അദ്ദേഹം ഇത് വെറും അസംബന്ധമാണെന്നും പറഞ്ഞു. ചിത്രത്തില്‍ മികച്ച പ്രകടനമാണ് അക്ഷയ് കുമാര്‍ കാഴ്ചവെച്ചതെന്നും പ്രേക്ഷകര്‍ അത് ഏറെ ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

'ഈ ആരോപണം അസംബന്ധമാണ്. വേറെയേതെങ്കിലും നടനെ കുറിച്ചോര്‍ത്ത് അരക്ഷിതനാകേണ്ട ആവശ്യം അക്ഷയ് കുമാറിന് ഉണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഗരം മസാലയിലെ അക്ഷയ് കുമാറിന്റെ കോമഡി ടൈമിങ് ഹേര ഫെരിയിലേത് പോലെ മികച്ചതായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്.' -പ്രിയദര്‍ശന്‍ പറഞ്ഞു.

പ്രിയദര്‍ശന്റെ അടുത്ത രണ്ട് ചിത്രങ്ങളില്‍ അക്ഷയ് കുമാര്‍ വേഷമിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂത് ബംഗ്ലാ, ഹൈവാന്‍ എന്നീ ചിത്രങ്ങളിലാണ് പ്രിയദര്‍ശനും അക്ഷയ് കുമാറും വീണ്ടും കൈകോര്‍ക്കുന്നത്.

Content Highlights: Director Priyadarshan slams rumors of Akshay Kumar cutting John Abraham's scenes in 'Garam Masala', calling the allegation "nonsense."