15 സെന്റിമീറ്റർ മുല്ലപ്പൂ കൊണ്ടുപോയി; നവ്യാ നായർക്ക് ഓസ്ട്രേലിയയിൽ ഒന്നേകാൽ ലക്ഷം രൂപ പിഴ

മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യാ നായരില്‍ നിന്ന് ഒരുലക്ഷം രൂപയിലേറെ പിഴശിക്ഷ. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 15 സെന്റിമീറ്റര്‍ മുല്ലപ്പൂവാണ് നടിയുടെ പക്കല്‍ ഉണ്ടായിരുന്നത്. നവ്യ തന്നെയാണ് തനിക്കുണ്ടായ അനുഭവം ഒരു ചടങ്ങിൽ തുറന്നുപറഞ്ഞത്.
വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനായാണ് നവ്യാ നായര്‍ ഓസ്‌ട്രേലിയയിലേക്ക് പോയത്. ഈ പരിപാടിയില്‍ സംസാരിക്കവെയാണ് നവ്യ തനിക്ക് വിമാനത്താവളത്തിലുണ്ടായ അനുഭവം സദസ്സുമായി പങ്കുവെച്ചത്. മുല്ലപ്പൂ കൊണ്ടുപോകാന്‍ പാടില്ല എന്ന നിയമം തനിക്ക് അറിയില്ലായിരുന്നു എന്ന് പറഞ്ഞ താരം പക്ഷേ അറിവില്ലായ്മ ഒഴികഴിവല്ലെന്നും സമ്മതിച്ചു. നവ്യാ നായരില്‍ നിന്ന് 1980 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം ഒന്നേകാൽ ലക്ഷം ഇന്ത്യന്‍ രൂപ) ആണ് ഓസ്‌ട്രേലിയന്‍ കൃഷിവകുപ്പ് ഈടാക്കിയത്.
'ഇങ്ങോട്ട് വരുന്നതിന് മുമ്പ് എന്റെ അച്ഛനാണ് എനിക്ക് മുല്ലപ്പൂ വാങ്ങിത്തന്നത്. അത് രണ്ട് കഷ്ണമായി മുറിച്ചാണ് എനിക്ക് തന്നത്. കൊച്ചി മുതല്‍ സിങ്കപ്പൂര്‍ വരെ ഒരു കഷ്ണം മുടിയില്‍ അണിയാന്‍ അച്ഛന്‍ പറഞ്ഞു. സിങ്കപ്പൂരെത്തുമ്പോഴേക്ക് അത് വാടിപ്പോകും. സിങ്കപ്പൂരില്‍ നിന്ന് അണിയാനായി രണ്ടാമത്തെ കഷ്ണം ഹാന്‍ഡ്ബാഗില്‍ വെക്കാനും അദ്ദേഹം പറഞ്ഞു. ഒരു ക്യാരിബാഗിലാക്കി ഞാന്‍ അത് എന്റെ ഹാന്‍ഡ് ബാഗില്‍ വെച്ചു.' -നവ്യാ നായര്‍ പറഞ്ഞു.
'ഞാന്‍ അതുപോലെ തന്നെ ചെയ്തു. എന്നാല്‍ ഞാന്‍ ചെയ്തത് നിയമവിരുദ്ധമായ കാര്യമായിരുന്നു. അറിയാതെ ചെയ്ത തെറ്റ്. അറിവില്ലായ്മ ഒഴികഴിവല്ല എന്ന് എനിക്കറിയാം. 15 സെന്റിമീറ്റര്‍ മുല്ലപ്പൂ കൊണ്ടുവന്നതിന് അധികൃതര്‍ എന്നോട് 1980 ഡോളര്‍ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. തെറ്റ് തെറ്റ് തന്നെയാണ് എന്ന് എനിക്കറിയാം. പക്ഷേ അത് മനഃപൂര്‍വമായിരുന്നില്ല. 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് അവര്‍ എന്നോട് പറഞ്ഞത്.' -നവ്യ തുടര്‍ന്നു.
ഒരുലക്ഷം രൂപയുടെ മുല്ലപ്പൂവും വെച്ചാണ് താനിങ്ങോട്ട് വന്നതെന്നും തമാശയായി നവ്യ പറഞ്ഞു. നവ്യയ്ക്കുണ്ടായ രസകരമായ അനുഭവം പൊട്ടിച്ചിരിയോടെയാണ് സദസ്സ് കേട്ടത്.
തിരുവോണദിവസമായിരുന്നു താരത്തന്റെ ഓസ്‌ട്രേയിലന്‍ യാത്ര. താന്‍ മെല്‍ബണിലേക്ക് പോകുകയാണെന്ന് പറഞ്ഞുകൊണ്ട് വിമാനത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞദിവസം നവ്യാ നായര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.
എന്താണ് കാരണം?
ഓസ്‌ട്രേലിയയുടെ ജൈവസുരക്ഷാ നിയമമാണ് മുല്ലപ്പൂ ഉള്‍പ്പെടെയുള്ളവ രാജ്യത്തേക്ക് കൊണ്ടുവരുന്നത് തടയുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ചെടികളും പൂക്കളുമെല്ലാം ഓസ്‌ട്രേലിയയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന സൂക്ഷ്മജീവികളേയോ രോഗങ്ങളേയോ കൂടി കൊണ്ടുവരാമെന്നതിനാലാണ് ഇത്. ഇത്തരം സൂക്ഷ്മജീവികള്‍ ഓസ്‌ട്രേലിയയിലെ കൃഷി, വനം തുടങ്ങിയവയെ നശിപ്പിക്കാന്‍ കാരണമാകുകയും തദ്ദേശീയമായ സസ്യ-ജന്തുജാലങ്ങള്‍ക്ക് ഭീഷണിയാകുകയും ചെയ്യുമെന്നതിനാലാണ് ഈ നിയമം കര്‍ശനമായി നടപ്പാക്കുന്നത്.
ഇത്തരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് പണി കിട്ടിയ പല അനുഭവങ്ങളും മുമ്പുണ്ടായിട്ടുണ്ട്. 1859-ല്‍ ഏതാനും മുയലുകളെ വിനോദത്തിനായി യൂറോപ്പില്‍ എത്തിച്ചതാണ് അതിലൊന്ന്. ഓസ്‌ട്രേലിയയില്‍ മുയലുകള്‍ക്ക് സ്വാഭാവിക ശത്രുക്കളില്ലാത്തതിനാല്‍ അവ പെറ്റ് പെരുകുകുകയും കൃഷിഭൂമികള്‍ വന്‍തോതില്‍ നശിപ്പിക്കുകയും ചെയ്തു. തദ്ദേശീയ സസ്യങ്ങളെ മുയലുകള്‍ തിന്നുതീര്‍ത്തതോടെ അവയെ ആശ്രയിച്ചുകഴിയുന്ന ജീവികളുടെ ആവാസവ്യവസ്ഥയും തകര്‍ന്നു. കരിമ്പ് കൃഷി നശിപ്പിക്കുന്ന വണ്ടുകളെ നിയന്ത്രിക്കാനായി കൊണ്ടുവന്ന കരിമ്പന്‍ പോക്കാന്തവള, വേലി കെട്ടാനായി കൊണ്ടുവന്ന ഒരുതരം കള്ളിമുള്‍ ചെടി എന്നിവയും ഓസ്‌ട്രേലിയയ്ക്ക് വലിയ തലവേദനയായി മാറിയ ചരിത്രമുണ്ട്.
ന്യൂസീലാന്‍ഡ്, യുഎസ്, ജപ്പാന്‍, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലും കര്‍ശനമായ ബയോസെക്യൂരിറ്റി നിയമങ്ങളുണ്ട്.
Content Highlights: Actress Navya Nair fined with more than one lakh rupees for carrying jasmine flowers to Australia