'റസ്റ്ററന്റിലെ കൂടിക്കാഴ്ച്ച മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എഴുന്നേറ്റുപോകാന്‍ പറയും'

ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തിയുടേയും ഭാര്യ സുധാ മൂര്‍ത്തിയുടേയും പ്രണയകഥ പറയുന്ന പുസ്തകമാണ് ചിത്ര ബാനര്‍ജി എഴുതിയ 'ആന്‍ അണ്‍കോമണ്‍ ലൗ: ദ ഏര്‍ലി ലൈഫ് ഓഫ് സുധ ആന്റ് നാരായണ മൂര്‍ത്തി'. കഴിഞ്ഞാഴ്ച്ച ബെംഗളൂരുവിലെ സെന്റ് ജോസഫ്‌സ് കോളേജിലായിരുന്നു ഈ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ്. പ്രകാശനച്ചടങ്ങിനെത്തിയ ഇരുവരും അന്നത്തെ പ്രണയകാലം ഓര്‍ത്തെടുത്തു.
'അന്ന് ഞാന്‍ അത്ര ഗൗരവക്കാരനായിരുന്നില്ല. കെയര്‍ഫ്രീയുമായിരുന്നു. അന്ന് ഞങ്ങള്‍ രണ്ടുപേരും പുണെയിലാണ് ജോലി ചെയ്തിരുന്നത്. അന്നത്തെ കൂടിക്കാഴ്ച്ചകളെല്ലാം പാട്ടിലാണ് അവസാനിക്കുക. ചായയോ ജ്യൂസോ കുടിക്കാനിരിക്കുമ്പോള്‍ ഞങ്ങള്‍ ഇരുവരും പാട്ട് പാടി ആസ്വദിക്കും. 'ഗാനേ വാലെ ജോഡി' എന്നാണ് വെയ്റ്റര്‍മാര്‍ ഞങ്ങളെ വിളിച്ചിരുന്നത്. 'അഭി ന ജാവൊ ചോഡ് കര്‍' എന്ന പാട്ടായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം. ഈ ഇരുപ്പ് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ റസ്റ്ററന്റ് മുതലാളി ഞങ്ങളോട് എഴുന്നേറ്റുപോകാന്‍ ആവശ്യപ്പെടും.' നാരായണമൂര്‍ത്തി പറയുന്നു.
ടാറ്റ അഡ്മിനിസ്ട്രീവ് സര്‍വീസിലായിരുന്നു അന്ന് നാരായണമൂര്‍ത്തി ജോലി ചെയ്തിരുന്നത്. ടാറ്റ എഞ്ചിനീയറിങ് ആന്റ് ലോകോമോട്ടീവ് കമ്പനിയിലായിരുന്നു സുധയ്ക്ക് ജോലി. ആ കമ്പനിയിലെ ആദ്യ വനിതാ എഞ്ചിനീയറായിരുന്നു അവര്‍. ബസ് സ്റ്റോപ്പുകളിലാണ് ഇരുവരും അന്ന് കണ്ടുമുട്ടിയിരുന്നത്. ബനാന മില്‍ക്ക് ഷേക്കും ഓറഞ്ച് ജ്യൂസും കുടിച്ച് സംസാരിച്ചിരിക്കും. അതിനുശേഷം ഒരു സ്പ്രിങ് റോള്‍ വാങ്ങി അത് പങ്കുവെയ്ക്കും. രാത്രിയില്‍ സിനിമ കാണാന്‍ പോകും. തിരിച്ച് സുധയെ ഹോസ്റ്റലില്‍ കൊണ്ടുവിടുമ്പോള്‍ വാര്‍ഡന്റെ ശ്രദ്ധ തിരിക്കാനായി നാരായണ മൂര്‍ത്തി ചെറിയ കല്ലുകള്‍ ജനാല ലക്ഷ്യമാക്കി എറിയും. വാര്‍ഡന്‍ ശബ്ദം കേട്ട് കല്ല് വീണ സ്ഥലത്തേക്ക് പോകുമ്പോഴേക്കും സുധ ഹോസ്റ്റലിനുള്ളിലേക്ക് കയറും. പുസ്തകത്തില്‍ നാരായണമൂര്‍ത്തി അന്നത്തെ ഓര്‍മകള്‍ പങ്കുവെയ്ക്കുന്നു.
നാരായണമൂര്‍ത്തിയുടെ അതേ അപാര്‍ട്‌മെന്റ് ബില്‍ഡിങ്ങില്‍ താമസിക്കുന്ന പ്രസന്ന വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പ്രസന്ന സുധയുടെ ഓഫീസിലായിരുന്നു ജോലി ചെയ്തിരുന്നത്. പ്രസന്ന വായിക്കുന്ന 'ഹൗ റ്റു ബി ആന്‍ ഏലിയന്‍, ഹൗ റ്റു ടാംഗോ' തുടങ്ങിയ പുസ്തകങ്ങള്‍ സുധയ്ക്കും വായിക്കണമെന്ന് തോന്നി. എന്നാല്‍ അതെല്ലാം നാരായണമൂര്‍ത്തിയുടെ കളക്ഷനിലുള്ള പുസ്തകങ്ങളായിരുന്നു. പ്രസന്ന വഴി ആ പുസ്തകങ്ങള്‍ സുധയ്ക്കും വായിക്കാന്‍ കിട്ടി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച തുടങ്ങുന്നതും ഈ പുസ്തക കൈമാറ്റത്തിലൂടെയാണ്.
Content Highlights: narayana murthy and sudha murtys love story