ക്രിസ്മസ് പുലരിയിൽകിട്ടിയ 'മാലാഖ'യ്ക്ക് പേരായി; നറുക്കെടുത്തത് രണ്ടുവയസുകാരി ജാനു

തിരുവനന്തപുരം: ക്രിസ്മസ് പുലരിയില്‍ ശിശുക്ഷേമസമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ നിന്ന് ലഭിച്ച പെണ്‍കുഞ്ഞിന് പേരിട്ടു. ബുധനാഴ്ച പുലര്‍ച്ചെ 05:50-നാണ് അമ്മത്തൊട്ടിലില്‍ നിന്ന് കുഞ്ഞിനെ ലഭിച്ചത്. ആരോഗ്യ-ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. കുഞ്ഞിന് ഇടാനുള്ള പേരുകള്‍ മന്ത്രി ഫെയ്‌സ്ബുക്കിലൂടെ ക്ഷണിക്കുകയും ചെയ്തിരുന്നു.
കുഞ്ഞിനായി ലഭിച്ച ഒട്ടേറെ പേരുകളില്‍ നിന്ന് 'സ്‌നിഗ്ധ' എന്ന പേരാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. ശിശുക്ഷേമസമിതിയിലെ രണ്ടുവയസുകാരി ജാനുവാണ് നറുക്കെടുത്തത്. സ്‌നേഹമുള്ള, ഹൃദ്യമായ, തണുപ്പുള്ള എന്നൊക്കെ അര്‍ഥമുള്ള പേരാണ് സ്‌നിഗ്ധയെന്ന് മന്ത്രി പറഞ്ഞു. നക്ഷത്ര, താലിയ, താര, എമ്മ, മാലാഖ, അതിഥി, പ്രതീക്ഷ, ഉജ്ജ്വല, നില എന്നിങ്ങനെ 2400-ലേറെ മനോഹരമായ പേരുകളാണ് ലഭിച്ചതെന്നും ഇതില്‍ നിന്ന് ഒരു പേര് തിരഞ്ഞെടുക്കുക ബുദ്ധിമുട്ടായിരുന്നുവെന്നും വീണ ജോര്‍ജ് പറഞ്ഞു. നിര്‍ദേശിക്കപ്പെട്ട മറ്റ് പേരുകള്‍ ഭാവിയില്‍ കുഞ്ഞുങ്ങള്‍ക്ക് ഇടാനായി സൂക്ഷിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മൂന്ന് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ഇന്ന് രാവിലെ അമ്മത്തൊട്ടിലില്‍ നിന്ന് ലഭിച്ചത്. കുഞ്ഞിന് ഇടാന്‍ പേരുകള്‍ ക്ഷണിച്ചുകൊണ്ടുള്ള മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ നിരവധി പേരുകളാണ് കമന്റ് രൂപത്തില്‍ എത്തിയത്. ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് ശിശുക്ഷേമസമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു.
Content Highlights: Name given to baby found in Thiruvananthapuram Ammathottil. Minister Veena George announced.