'ഞാൻ എടുക്കുന്ന തീരുമാനങ്ങൾ എനിക്ക് വേണ്ടിയാണ്'; വിവാഹമോചന വാര്‍ത്തകളോട് പ്രതികരിച്ച് മിഷേൽ ഒബാമ

ഒട്ടേറപേര്‍ ദാമ്പത്യജീവിത്തിൽ മാതൃകയായി കാണുന്ന അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും ഭാര്യ മിഷേലും തമ്മിലുള്ള വിവാഹബന്ധം അവസാനിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ആരംഭിച്ചത് ഇക്കഴിഞ്ഞ ജനുവരിയിലാണ്. ചര്‍ച്ചകള്‍ക്ക് തിരശീലയിട്ടുകൊണ്ട് വിവാഹമോചന വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് മിഷേല്‍ ഒബാമ. നടി സോഫിയ ബുഷുമായുള്ള 'വര്‍ക്ക് ഇന്‍ പ്രോഗ്രസ്' പോഡ്കാസ്റ്റിലാണ് മിഷേല്‍ സംസാരിച്ചത്.
"ഒരു വിഷയത്തില്‍ ഞാന്‍ എടുക്കുന്ന തീരുമാനം അത് എനിക്ക് വേണ്ടി തന്നെയാണെന്ന് പോലും മനസ്സിലാക്കാതെയാണ് ഞാനും ഭര്‍ത്താവും വേര്‍പിരിയുകയാണെന്ന് നിഗമനത്തിലേക്ക് ആള്‍ക്കാരെത്തുന്നത്. മറ്റുള്ളവരെ നിരാശപ്പെടുത്തേണ്ടി വരുമ്പോള്‍ സ്ത്രീകള്‍ പലപ്പഴും ബുദ്ധിമുട്ടേണ്ടി വരുന്നു. മുതിര്‍ന്ന ഒരു സ്ത്രീ സ്വന്തമായി ഒരു തീരുമാനമെടുക്കുന്നതായി ഇതിനെ കാണാന്‍ സമൂഹത്തിനാകുന്നില്ല. എന്താണ് ഞാന്‍ ചെയ്യുന്നത്, എന്താണ് ചെയ്യുന്ന കാര്യങ്ങള്ക്കുപിന്നിലെ ഉദ്ദേശ്യം എന്നതൊക്കെയാണ് സമൂഹത്തിന് അറിയേണ്ടത്. എന്നാല്‍ ഇതിനൊക്കെ ഇവര്‍ കണ്ടെത്തുന്ന ഉത്തരങ്ങള്‍ സമൂഹത്തിന്റെ ചട്ടക്കൂടുകള്‍ക്കു പുറത്താണെങ്കില്‍ വളരെ മോശമായി അടയാളപ്പെടുത്തുകയാണ് ചെയ്യുന്നത്." മിഷേല്‍ പറഞ്ഞു.
തന്റെ പ്രസിഡന്‍സി കാലം എങ്ങനെ തന്റെ ദാമ്പത്യജീവിതത്തെ ബാധിച്ചുവെന്ന് ഹാമില്ട്ടണ് കോളേജില്‍ നടന്ന സംഭാഷണത്തില്‍ ഒബാമ പറഞ്ഞതിനു പിന്നാലെയാണ് മിഷേലിന്റെ പ്രതികരണം. ഭാര്യയുമായി വലിയ രീതിയിലുള്ള അന്തരം അന്നുണ്ടായിരുന്നു. തമാശകള്‍ ചെയ്ത് അതില്‍നിന്ന് കരകയറാനുള്ള ശ്രമത്തിലാണ്. ഒബാമ ചര്‍ച്ചക്കിടെ പറഞ്ഞു.
10 വര്‍ഷത്തോളം എനിക്ക് എന്റെ ഭര്‍ത്താവിനെ സഹിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് മിഷേൽ മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ ഞാന്‍ എഴുപതും അദ്ദേഹം മുപ്പതും ആയ സമയങ്ങളുണ്ട്. ചിലപ്പോള്‍ അദ്ദേഹം അറുപതും ഞാന്‍ നാൽപ്പതും ആകും. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ 30 വര്‍ഷം പൂര്‍ത്തിയായി. അതില്‍ 10 വര്‍ഷം ഏറ്റവും മോശം സമയമായിട്ടാണ് ഞാന്‍ കാണുന്നത്. നമ്മള് അതിനെ എങ്ങനെ സമീപിക്കുന്നു എന്നതാണ് കാര്യം. ചിലപ്പോള്‍ അഞ്ച് വര്‍ഷം ആകുമ്പോഴേക്ക് ആളുകള്‍ പരാജയം സമ്മതിക്കും. ഇത് മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ല എന്നു പറയും. ഇതിലെല്ലാം ഏറ്റവും പ്രധാനപ്പെട്ട കാര്യം പങ്കാളിയെ മനസിലാക്കുക എന്നതാണ്. ബന്ധത്തിലെ ഉയര്‍ച്ച താഴ്ച്ചകള്‍ക്കിടയിലും ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്.' മിഷേല്‍ റിവോള്‍ട്ട് ടിവിക്ക് നല്കിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ജനുവരിയില്‍ നടന്ന മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ ശവസംസ്കാര ചടങ്ങളില്‍ മിഷേല്‍ പങ്കെടുക്കാതിരുന്നതാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പിന്നീട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്കും താന്‍ പങ്കെടുക്കില്ലെന്ന് മിഷേല്‍ പറഞ്ഞതോടെയാണ് വിവാഹമോചന വാര്‍ത്തകള്‍ വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞത്. ഇതിനു പിന്നാലെ മിഷേലിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ബറാക് ഒബാമ പോസ്റ്റു പങ്കുവെച്ചിരുന്നു. നടി ജെനിഫര്‍ അനിസ്റ്റണും ഒബാമയും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളും വന്നു.
1992-ലാണ് ഒബാമയും മിഷേലും വിവാഹിതരായത്. 24 വയസ്സുകാരി മാലിയ ആന്‍ ഒബാമയും 21-കാരി സാഷ ഒബാമയുമാണ് ഇരുവരുടേയും മക്കള്‍.
Content Highlights: Michelle Obama addresses rumors of her divorce from Barack Obama