'വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങുന്നത് മോശമല്ലേ'- മകന്റെ വിവാഹത്തിന് പിന്നാലെ മറിയം നവാസിന് വിമർശനം

മകനോടൊപ്പം മറിയം നവാസ്/ മെഹന്ദി ചടങ്ങില്‍ മറിയം നവാസിന്റെ ഔട്ട്ഫിറ്റ്‌ | Photo: x
മകനോടൊപ്പം മറിയം നവാസ്/ മെഹന്ദി ചടങ്ങില്‍ മറിയം നവാസിന്റെ ഔട്ട്ഫിറ്റ്‌ | Photo: x

കഴിഞ്ഞ ദിവസമാണ് പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കൊച്ചുമകനും നവാസ് ഷെരീഫിന്റെ മകളും പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയുമായ മറിയം നവാസിന്റെ മകനുമായ ജുനൈദ് സഫ്ദറിന്റെ വിവാഹം ലാഹോറിൽ നടന്നത്. എല്ലാവിധ ആഡംബരത്തോട് കൂടിയും നടന്ന വിവാഹത്തിൽ രാഷ്ട്രീയ നേതാവും നവാസ് ഷെരീഫിന്റെ അടുത്ത സുഹൃത്തുമായ റൊഹൈൽ അസ്ഗറിന്റെ കൊച്ചുമകളായ ഷാൻസായ് അലി റൊഹൈലിയെയാണ് ജുനൈദ് വിവാഹം ചെയ്തത്.

ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. എന്നാൽ വധു ഷാൻസായിയേക്കാൾ എല്ലാവരുടേയും ശ്രദ്ധ കവർന്നത് വരന്റെ മാതാവ് മറിയം നവാസായിരുന്നു. വധുവിനെപ്പോലെ തന്നെയായിരുന്നു വിവാഹത്തിനായി മറിയം ഒരുങ്ങിയത്. മെഹന്ദി ചടങ്ങിന് മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ലെഹങ്കയാണ് മറിയം ധരിച്ചത്. വിവാഹത്തിന് പച്ച നിറത്തിലുള്ള പരമ്പരാഗത ഔട്ട്ഫിറ്റും ധരിച്ചു.

ഈ ചിത്രങ്ങൾ വൈറലായതോടെ മറിയത്തിന്റെ ഔട്ട്ഫിറ്റിനെ അഭിനന്ദിച്ചും വിമർശിച്ചും ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. വധുവിനെപ്പോലെ വസ്ത്രം ധരിക്കാനും അഭിനയിക്കാനുമുള്ള മറിയം നവാസിന്റെ ഭ്രമമാണ് ഇതിന് പിന്നിലെന്നാണ് ഒരാൾ കുറിച്ചത്. ഒരു വിവാഹത്തിലെ പ്രധാനപ്പെട്ട വ്യക്തി വധുവാണെന്നും മറ്റാരു വധുവിനെപ്പോലെ വസ്ത്രം ധരിക്കുന്നത് ശരിയല്ലെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു. മകന്റെ വിവാഹത്തിന് സുന്ദരിയായിരിക്കാൻ ഏതൊരു അമ്മയ്ക്കും ആഗ്രഹമുണ്ടായിരിക്കും എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്.

Content Highlights: maryam nawazs look for sons second marriage triggers debate on pakistani internet