വിവാഹബന്ധം വേർപെടുത്താനുള്ള എന്റെ തീരുമാനത്തെ ചിലർ സ്വാർഥതയെന്ന് മുദ്രകുത്തി- മലൈക അറോറ

മലൈക അറോറ, അർബാസ് ഖാൻ | photo:PTI,AFP
മലൈക അറോറ, അർബാസ് ഖാൻ | photo:PTI,AFP

അമ്പത് വയസ് പിന്നിടുമ്പോഴും പ്രായത്തെ തോല്‍പിക്കുന്ന സൗന്ദര്യവുമായി മോഡലിങ് രം​ഗത്ത് സജീവ സാന്നിധ്യമാണ് ബോളിവുഡ് നടി മലൈക അറോറ. പ്രായത്തിന്റെ പേരിലും ധരിക്കുന്ന വസ്ത്രത്തിന്റെ പേരിലും താരം പലപ്പോഴും സൈബർ ആക്രമണത്തിന് ഇരയാകാറുമുണ്ട്. എന്നാല്‍ ഇവയൊന്നും തന്നെ തെല്ലും ബാധിക്കില്ലെന്ന് വ്യക്തമാക്കി മുന്നോട്ടു നീങ്ങുന്ന ജീവിതമാണ് മലൈകയുടേത്. ഇപ്പോഴിതാ നടന്‍ അര്‍ബാസ് ഖാനുമൊത്തുള്ള വിവാഹജീവിതം അവസാനിപ്പിച്ചതിനെക്കുറിച്ചും ആ തീരുമാനത്തിന് പുറകിലുണ്ടായ സംഘർഷങ്ങളെക്കുറിച്ചും പിങ്ക് വില്ലയ്ക്ക് നൽകിയ  അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് മലൈക.

"എന്റെ വിവാഹം എന്നേക്കും നിലനിൽക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ അത് സംഭവിച്ചില്ല. എന്നാൽ അതിനർഥം എനിക്ക് പ്രണയത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നോ, ഞാൻ ചെയ്തത് ഒരു വലിയ തെറ്റാണെന്നോ അല്ല. എന്റെ ജീവിതത്തിന്റെ ഗതി മാറ്റാൻ എനിക്ക് കഴിയുമായിരുന്നു എന്നുമല്ല ഇതിനർത്ഥം. സംഭവിക്കാൻ വിധിക്കപ്പെട്ട കാര്യങ്ങൾ സംഭവിച്ചു. ഈ വിവാഹബന്ധം മുന്നോട്ട് പോകില്ല എന്ന് ഞങ്ങൾ തീരുമാനിച്ച ഒരു ഘട്ടമെത്തി. ആ സമയത്ത്, മറ്റെന്തെങ്കിലും ശരിയാക്കാൻ ശ്രമിക്കുന്നതിനോ മറ്റാരെയെങ്കിലും സന്തോഷിപ്പിക്കുന്നതിനോ മുമ്പ് എനിക്ക് സന്തോഷമായിരിക്കണമായിരുന്നു"- മലൈക പറഞ്ഞു. 

വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തന്റെ തീരുമാനത്തെ ചിലർ 'സ്വാർഥത' എന്ന് മുദ്രകുത്തിയതിനെക്കുറിച്ചും മലൈക ചൂണ്ടിക്കാട്ടി. "എന്റെ തീരുമാനം മറ്റുള്ളവർക്ക് സ്വാർത്ഥതയായി തോന്നാം. ഒരാൾക്ക് എങ്ങനെ സ്വയം മുൻഗണന നൽകാൻ കഴിയുമെന്ന് ആളുകൾക്ക് മനസ്സിലാക്കാൻ പ്രയാസമാണ്. ഞാൻ അത് ചെയ്തു. ആ തീരുമാനം ഇന്ന് എന്നെ ഒരു മികച്ച വ്യക്തിയാകാൻ സഹായിച്ചു. വിവാഹമോചനം എന്റെ ജീവിതത്തിലും മകന്റെ ഭാവിക്കും ഗുണകരമായ മാറ്റങ്ങൾ വരുത്തി. ആ തീരുമാനം എന്നെ മികച്ച വ്യക്തിയാക്കാനും സന്തോഷവതിയാക്കാനും സഹായിച്ചു"-  മലൈക പറഞ്ഞു.

പിരിഞ്ഞതിന് ശേഷം, മകനെ വളർത്തുന്നത് മലൈകയും അർബാസും ഒരുമിച്ചാണ്. ഇതുസംബന്ധിച്ച വെല്ലുവിളികളും അവർ തുറന്നുപറഞ്ഞു. "അർബാസുമായി ചേർന്ന് അർഹാനെ വളർത്തുന്നതിന് അതിന്റേതായ വെല്ലുവിളികളുണ്ട്. ഇത് ലോകത്തിലെ ഏറ്റവും എളുപ്പമുള്ള കാര്യമാണെന്ന് എനിക്കിവിടെയിരുന്ന് പറയാൻ കഴിയില്ല. ഒരുമിച്ച് കുട്ടിയെ വളർത്തുമ്പോൾ ഓരോ ദിവസവും പുതിയ വഴികൾ കണ്ടെത്തേണ്ടിവരും, പക്ഷേ ഇത്രയും വർഷങ്ങൾക്ക് ശേഷം ഞങ്ങൾ നല്ല ബാലൻസിങ് ഉണ്ടാക്കിയെടുത്തിട്ടുണ്ട്"- മലൈക കൂട്ടിച്ചേർത്തു.

1998-ലാണ് മലൈക അറോറയും അർബാസ് ഖാനും വിവാഹിതരായത്. 2016-ൽ പരസ്പരസമ്മതത്തോടെ ഇരുവരും ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ഇരുവർക്കും അർഹാൻ എന്ന് പേരുള്ള 22 വയസ്സുള്ള ഒരു മകനുണ്ട്. 

Content Highlights: Malaika opens up about ending her marriage to Arbaaz Khan and the conflicts behind that decision