ഇതിലേക്ക് വലിച്ചിടരുതെന്ന് പണ്ടേ പറഞ്ഞിരുന്നു, ഇപ്പോൾ വക്കീൽ നോട്ടീസുംവന്നു- കൊല്ലം സുധിയുടെ മകൻ

രേണു സുധി/ കിച്ചു സുധി | Photo: instagram/ renu sudhi/ kichu sudhi
രേണു സുധി/ കിച്ചു സുധി | Photo: instagram/ renu sudhi/ kichu sudhi

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ കുടുംബത്തിന് വീട് നിർമിച്ചുനൽകാൻ അനുവദിച്ച ഭൂമിയുടെ ആധാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് നോബിൾ ഫിലിപ്പ് കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് കൊല്ലം സുധിയുടെ മകൻ രാഹുൽദാസ് (കിച്ചു).

തനിക്ക് വക്കീൽ നോട്ടീസ് ലഭിച്ചുവെന്നും കോട്ടയത്ത് പോയി അത് കൈപ്പറ്റണമെന്നും രാഹുൽദാസ് യുട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. അമ്മ രേണു സുധിയുടേയും തന്റേയും പേരിലാണ് കേസ് വന്നിരിക്കുന്നതെന്നും ഒരു കാര്യത്തിലും ഇടപെടാതിരുന്നിട്ടും ഇത് സംഭവിച്ചുവെന്നും രാഹുൽദാസ് പറയുന്നു.

'വക്കീൽ നോട്ടീസിനെ കുറിച്ച് അറിഞ്ഞു. എന്റേയും അമ്മയുടേയും പേരിലാണ് വന്നിരിക്കുന്നത്. കോട്ടയത്തേക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഞാൻ താമസിക്കുന്നത് കൊല്ലത്താണ്. വീടുള്ളത് കോട്ടയത്താണ്. വല്ലപ്പോഴും മാത്രമേ അവിടെ താമസിക്കാറുള്ളു. അനിയനെ കാണാൻ പോകുമ്പോൾ മാത്രം. ഒന്നിലും ഇടപെടാതിരിക്കുകയായിരുന്നു ഞാൻ. എന്റെ പേരിലാണ് ഇപ്പോൾ കേസ് വന്നിരിക്കുന്നത്.

വീട് നിർമിച്ചുതന്നവരോടും ഭൂമി തന്നവരോടും നന്ദി മാത്രമാണുള്ളത്. കേസ് എന്തിനാണെന്ന് അറിയില്ല. വീട് എന്റെ പേരിലായതുകൊണ്ടാണ് നോട്ടീസ് വന്നതെന്നാണ് തോന്നുന്നത്. കൊല്ലത്ത് വെറുതെ ഇരുന്ന എന്റെ പേരിൽ ഇപ്പോൾ കേസായി. ബിഷപ്പിനെ പിന്തുണച്ച് മാത്രമേ ഞാൻ സംസാരിച്ചിട്ടുള്ളു. വീടിന്റെ കാര്യം നോക്കേണ്ടത് അവിടെ താമസിക്കുന്നവരുടെ ഉത്തരവാദിത്തമാണ്. വീടുണ്ടാക്കി തന്നവരെയോ ഭൂമി തന്നവരെയോ ഞാൻ മോശമായി പറഞ്ഞിട്ടില്ല. പണ്ടേ ഞാൻ പറഞ്ഞിരുന്നു എന്നെ ഇതിലൊന്നും വലിച്ചിടരുതെന്ന്. ഞാൻ ഇക്കാര്യത്തിൽ ഒന്നും ഇല്ലെന്ന്. വളരെ നന്ദിയും സന്തോഷവുമുണ്ട്. ഒരു കാര്യത്തിലും ഇടപെടാതിരുന്നിട്ടും എന്റെ പേരിൽ കേസായല്ലോ.'-രാഹുൽദാസ് വീഡിയോയിൽ പറയുന്നു.

വക്കീൽ നോട്ടീസ് വന്നതിനെ കുറിച്ച് മകൻ കിച്ചു വിളിച്ചു പറഞ്ഞുവെന്ന് രേണു സുധി നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് മക്കളുടേയും പേരിലാണ് വീട് എന്നിരിക്കെ എന്തിനാണ് തന്റെ പേരിൽ വക്കീൽ നോട്ടീസ് അയച്ചതെന്ന് അറിയില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

Content Highlights: kollam sudhis son kichu sudhi talks about legal notice