അബിനും ആതിരയും ഡാലസിൽ മിന്നുകെട്ടി; വീട്ടുകാർ കേരളത്തിലിരുന്ന് വീഡിയോ കോളില്‍ കല്ല്യാണം കൂടി

#ഹരിത കെ പി
-
-

വീട്ടുകാരുടെ സാന്നിധ്യത്തിൽ, നാട്ടുകാരുടെ പങ്കാളിത്തത്തിൽ ഇക്കഴിഞ്ഞ മെയ് ഇരുപത്തിേയേഴിന് നാട്ടിൽ വച്ച് ആർഭാടമായി വിവാഹിതരാകേണ്ടവരായിരുന്നു കോഴിക്കോട്ടുകാരൻ അബിൻദാസും കൊച്ചിക്കാരി ആതിരയും. എന്നാൽ, ഈ കോവിഡ്കാലം ഇവർക്കായി കാത്തുവച്ചത് മറ്റൊരു നിയോഗം. അമേരിക്കയിൽ ജോലി ചെയ്യുന്ന ഇവരുടെ നാട്ടിലേയ്ക്കുള്ള വരവ് മാത്രമേ കോവിഡിന് മുടക്കാനായുള്ളൂ. വിവാഹം മുടക്കാനായില്ല.  ലോകത്തെ മുഴുവൻ വിറപ്പിച്ച കോവിഡിനെ തോൽപിച്ച് ഇരുവരും അമേരിക്കയിൽ വച്ച് തന്നെ മിന്നുകെട്ടി. അച്ഛനമ്മമാർ നാട്ടിലിരുന്ന് വീഡിയോ കോളിൽ മക്കളുടെ കല്ല്യാണം കണ്ട് അനുഗ്രഹിക്കുകയും ചെയ്തു.

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ അബിന്റെയും കൊച്ചി വൈറ്റില സ്വദേശിയായ അതിരയുടെയും വിവാഹം മെയ് 27ന് നാട്ടിൽ വച്ച് നടത്താനായിരന്നു നിശ്ചയിച്ചിരുന്നത്. കോവിഡ് കാരണം വരനും വധുവിനും നാട്ടിലേയ്ക്ക് വരാന്‍ സാധിക്കില്ലെന്ന് കണ്ടതോടെ വിവാഹം ഡിസംബറിലേക്ക് മാറ്റി. പിന്നീട് യുഎസിലെ വിസാചട്ടം ഭേദഗതി ചെയ്തതോടെ നാട്ടിലേയ്ക്കുള്ള യാത്ര അനിശ്ചിതത്വത്തിലായി.

അങ്ങനെയാണ് അവർ ആ തീരുമാനം കൈക്കാണ്ടത്. ജൂലായ് 11ന് അമേരിക്കയിൽ വച്ചു തന്നെ മിന്നുകെട്ടുക. ഡാലസിലുള്ള ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ചടങ്ങിൽ പങ്കെടുത്തത് പത്തിൽ താഴെ ആളുകൾ മാത്രം. ഇരുവരുടെയും മാതാപിതാക്കളും ബന്ധുക്കളും വീഡിയോ കോളില്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

'അച്ഛനമ്മമാരുടെ പ്ലാന്‍ ആയിരുന്നു ഇങ്ങനെയൊരു കല്യാണം. ആദ്യം അവര്‍ ഇങ്ങനൊരു കാര്യം പറഞ്ഞപ്പോള്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും അംഗീകരിക്കാന്‍ വിഷമമായിരുന്നു. ഫെബ്രുവരിയില്‍ നിശ്ചയത്തിന് വന്നപ്പോള്‍ നാട്ടില്‍ കല്യാണത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും നടത്തിക്കഴിഞ്ഞിരുന്നു. ഓഡിറ്റോറിയം ബുക്ക് ചെയ്തു. വിവാഹവസ്ത്രങ്ങള്‍ വരെ എടുത്തു. എനിക്കും ആതിരയ്ക്കും നാട്ടില്‍ എല്ലാവരുടെ സാന്നിധ്യത്തിൽ, എല്ലാവരുടെയും അനുഗ്രഹം വാങ്ങി ചടങ്ങ് നടത്തണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, കാര്യങ്ങള്‍ അവസാനം ഇങ്ങനെയായി.' അബിന്‍ പറയുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ ഉദ്യോഗസ്ഥന്‍ ഹരിദാസിന്റെയും മാതൃഭൂമി മുന്‍ ജീവനക്കാരി സതീദേവിയുടെയും മകനാണ് അബിന്‍ദാസ്. പ്രവീണ്‍-ചിത്ര ദമ്പതികളുടെ മകളാണ് ആതിര. ഇവരുടെ വിവാഹനിശ്ചയം ഫെബ്രുവരി ഏഴിന് എറണാകുളം ടി ഡി എം ഹാളില്‍ വെച്ചുനടത്തിയിരുന്നു.

'ഒരാഴ്ച്ചകൊണ്ട് തട്ടിക്കൂട്ടി ഒപ്പിച്ച കല്യാണമായിരുന്നു ഇത്. ഡാലസ് ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ രവി നായര്‍ എല്ലാം ഒരുക്കുന്നതില്‍ ഞങ്ങളെ സഹായിച്ചു. എന്തൊക്കെയാണെങ്കിലും ഇപ്പോൾ ഞങ്ങളും വീട്ടുകാരും ഹാപ്പി,' അബിന്‍ പറഞ്ഞു നിര്‍ത്തി.

മകന്റെ വിവാഹച്ചടങ്ങില്‍ നേരിട്ട്  പങ്കെടുക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെങ്കിലും സാഹചര്യങ്ങള്‍ക്കനുസരിച്ചു ഇതാണ്  നല്ലതെന്നു തോന്നി. ഈ സമയത്ത് അന്യരാജ്യത്ത് രണ്ടു വേറെ വേറെ സ്ഥലങ്ങളില്‍ നില്കുന്നതിലും നല്ലതല്ലേ അവര്‍ ഒരുമിച്ച് കല്യാണംകഴിച്ചു താമസിക്കുന്നത്. മാത്രമല്ല ഇനിയിപ്പോ അവര്‍ക്ക് എന്ന് നാട്ടില്‍ വരാന്‍ പറ്റും എന്നും അറിയില്ല. നമ്മുടെ രീതിയില്‍ കല്യാണം നടത്താന്‍ സാധിച്ചതുതന്നെ ദൈവാനുഗ്രഹം. അവിടെ താലി ചാര്‍ത്തിയപ്പോള്‍ ഞങ്ങള്‍ വീട്ടില്‍ പൂജയൊക്കെ നടത്തിയിരുന്നു, സതീദേവി പറയുന്നു.

അബിനും ആതിരയും നാട്ടില്‍ വരുമ്പോള്‍ ഒരു റിസെപ്ഷണെങ്കിലും നടത്തണമെന്നാണ് ഇരുവീട്ടുകാരുടെയും ആഗ്രഹം.

Content Highlights:  Kerala Couple ties knot with parents on video call in America

Content Highlights: