മൈസൂർ സാൻഡൽ സോപ്പിന്റെ റീബ്രാൻഡിങ്, ബ്രാൻഡ് അംബാസഡറായി തമന്ന; കർണാടകയിൽ വിവാദം

മൈസൂര്‍ സാന്റല്‍ സോപ്പ്/ തമന്ന ഭാട്ടിയ | Photo: ksdl/ instagram/ tamanna bhatia
മൈസൂര്‍ സാന്റല്‍ സോപ്പ്/ തമന്ന ഭാട്ടിയ | Photo: ksdl/ instagram/ tamanna bhatia

108 വർഷത്തെ പാരമ്പര്യമുള്ള കർണാടകയുടെ സ്വന്തം മൈസൂർ സാൻഡൽ സോപ്പ് പുതിയ മാറ്റങ്ങളോടെ വിപണിയിലെത്താനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ ഇതിനിടയിൽ ഒരു വിവാദവും ഉടലെടുത്തു. മൈസൂർ സാൻഡൽ സോപ്പ് നിർമിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായ കർണാടക സോപ്‌സ് ആന്റ് ഡിറ്റർജന്റെ ലിമിറ്റഡിന്റെ ((കെഎസ്ഡിഎൽ) ബ്രാൻഡ് അംബാസഡറായി നടി തമന്ന ഭാട്ടിയയെ തിരഞ്ഞെടുത്തതാണ് ഇതിന് കാരണം. ഏതെങ്കിലും കന്നഡ താരത്തെ നിയമിക്കുന്നതിന് പകരം മുംബൈയിൽ ജനിച്ച തമന്നയെ ബ്രാൻഡ് അംബാസഡറാക്കിയത് എന്തിനാണെന്ന് പ്രതിപക്ഷം ചോദിക്കുന്നു.

കഴിഞ്ഞ ദിവസമാണ് വ്യവസായ മന്ത്രി എം.ബി പാട്ടിൽ മൈസൂർ സാൻഡൽ സോപ്പ് വീണ്ടും അവതരിപ്പിക്കുന്നതിനെ കുറിച്ച് എക്‌സിൽ കുറിപ്പ് പങ്കുവെച്ചത്. 2030-ഓടെ വാർഷിക വിറ്റുവരവ് 5000 കോടി രൂപയായി ഉയർത്താൻ കെഎസ്ഡിഎൽ ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ബ്രാൻഡ് അംബാസഡറായ തമന്ന ഭാട്ടിയയുടെ ചിത്രം ഉൾപ്പെടെയുള്ള പോസ്റ്ററും ഇതിനൊപ്പമുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് വിമർശനവുമായി ബിജെപി രംഗത്തെത്തിയത്. കർണാടയിലെ കോൺഗ്രസ് സർക്കാരിന്റെ കന്നഡ വിരുദ്ധ മനോഭാവത്തിന്റെ ഉദാഹരണമാണ് ഇതെന്ന് ബിജെപി എംപി സുധാകർ വ്യക്തമാക്കി. 'നമ്മുടെ നാട്ടിൽ ധാരാളം താരങ്ങൾ ഉണ്ടായിട്ടും കോൺഗ്രസ് സർക്കാർ കോടികൾ മുടക്കി മറ്റൊരു സംസ്ഥാനത്തുള്ളതും മറ്റൊരു ഭാഷ സംസാരിക്കുന്നതുമായ ഒരു സിനിമാ നടിയെ കർണാടകയുടെ അന്താരാഷ്ട്ര ബ്രാൻഡായ മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. ഇത് കോൺഗ്രസ് പാർട്ടിയുടെ കന്നഡ വിരുദ്ധ മനോഭാവത്തിന്റെ മറ്റൊരു തെളിവാണ്. രമ്യ, രശ്മിക മന്ദാന, ശ്രീനിധി ഷെട്ടി, പൂജ ഹെഗ്‌ഡെ, രുഗ്മിണി വസന്ത് തുടങ്ങിയ കന്നഡ താരങ്ങളുള്ളപ്പോഴാണ് തമന്നയെ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ താരങ്ങൾക്ക് മറ്റ് സിനിമാ വ്യവസായങ്ങളിൽ പോലും ബ്രാൻഡ് മൂല്യമുണ്ട്. അവരെക്കാൾ മറ്റൊരാൾക്ക് പ്രാധാന്യം നൽകുന്നത് നമ്മുടെ നാട്ടിലെ പ്രതിഭകളെ അപമാനിക്കുക മാത്രമല്ല, മൈസൂർ സാന്റൽ സോപ്പിന്റെ അഭിമാനത്തിന് വലിയ നാണക്കേടുമുണ്ടാക്കുന്നു.'-സുധാകർ വ്യക്തമാക്കി.

കഴിഞ്ഞ മെയിലാണ് 6.2 കോടി രൂപ ചെലവഴിച്ച് കെഎസ്ഡിഎല്ലിന്റെ ബ്രാൻഡ് അംബാസഡറായി തമന്നയെ നിയമിച്ചത്. ഇതിന് പിന്നാലെ വിമർശനങ്ങൾ ഉയർന്നിരുന്നു. മാർക്കറ്റിങ് വിദഗ്ദ്ധരുമായി നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് മന്ത്രി എം.ബി പാട്ടിൽ വ്യക്തമാക്കിയിരുന്നു. 'ദീപിക പദുകോൺ, രശ്മിക മന്ദാന, പൂജ ഹെഗ്‌ഡെ, കിയാര അദ്വാനി എന്നിവരുൾപ്പെടെ നിരവധി പ്രമുഖ സെലിബ്രിറ്റികളെ വിലയിരുത്തിയിരുത്തി. അതിനുശേഷമാണ് തമന്നയിലേക്കെത്തിയത്. പാൻ-ഇന്ത്യൻ നടി, 28 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള വിപുലമായ ഡിജിറ്റൽ സാന്നിധ്യം എന്നിവയെല്ലാം പരിഗണിച്ചാണ് ഈ തീരുമാനമെടുത്തത്.'അന്ന് മന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

Content Highlights: karnataka rebrands tale of mysore sandal soap with tamannaah bhatia