വർഷങ്ങൾക്ക് ശേഷം ‘റംബാ ഹോ’യ്ക്ക് ചുവട് വെച്ച് കല്പന അയ്യർ; ഡാൻസിങ് ക്വീൻ എന്ന് ആരാധകർ

#Lifestyle Desk
കല്പന അയ്യര്‍.|Photo: Instagram
കല്പന അയ്യര്‍.|Photo: Instagram

1980-1990 കാലഘട്ടത്തിൽ ബോളിവുഡിൽ ഏകദേശം നൂറോളം സിനിമകൾ ചെയ്ത താരമാണ് കല്പന അയ്യർ. സിനിമകളിൽ മാത്രമല്ല സൗന്ദര്യ മത്സരത്തിലും കല്പന പങ്കെടുത്തിട്ടുണ്ട്. കാലങ്ങൾക്കിപ്പുറവും കല്പന അഭിനയിച്ച 'റംബാ ഹോ ഹോ ഹോ' എന്ന പാട്ട് ആളുകൾ തിരിച്ചറിയുന്നു. വർഷങ്ങൾക്ക് ശേഷം കരിയറിലെ ഹിറ്റ് പാട്ടുകളിൽ ഒന്നായ ‘റംബാ ഹോ’യ്ക്ക് ഒരിക്കൽ കൂടി ചുവട് വെച്ചിരിക്കുകയാണ് കല്പന അയ്യർ.

അടുത്തിടെ കുടുംബത്തിൽ നടന്ന കല്യാണ ആഘോഷങ്ങൾക്കിടയിലാണ് കല്പന വർഷങ്ങൾക്ക് മുൻപുള്ള അതേ ആത്മവിശ്വാസത്തോടെയും താളത്തോടെയും വേദിയിലെത്തി കാലാതീതമായ ഗാനത്തിനൊപ്പം ചുവടുവെച്ചത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ ഉടൻ തന്നെ വൈറലാവുകയും ആളുകൾ അവരുടെ ഊർജസ്വലതയും നൃത്തത്തേയും പ്രശംസിക്കുകയും ചെയ്തു. പർപ്പിൾ സാരിയിൽ പുഞ്ചിരിയോട് കൂടി വേദിയിലെത്തിയ കല്പന പാട്ടിന്റെ താളത്തിനൊപ്പം ചുവട് വെയ്ക്കുന്നതും അതിഥികൾ കൈയ്യടിക്കുന്നതും വീഡിയോയിൽ കാണാം.

വീഡിയോ പങ്കുവെച്ചതിന് ശേഷം താൻ ഇത് ചെയ്‌തെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് കല്പന കുറിച്ചു. ഒരു സുഹൃത്ത്‌ ഇന്നലെ വീഡിയോ അയച്ചുതന്നു. ഞാൻ ഇത് ചെയ്‌തെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. ഏറെക്കാലമായി നൃത്തം ചെയ്തിട്ടില്ല. വളരെ വിലപ്പെട്ട ഒരു സായാഹ്നമായിരുന്നു- കല്പന കുറിച്ചു.

1981-ൽ അർമാൻ എന്ന ചിത്രത്തിലെ റംബാ ഹോ ഹോ ഹോ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഉഷ ഉതുപ്പാണ്. കല്പനയുടെ അഭിനയജീവിതത്തിൽ ഏറ്റവും പ്രശസ്തി നേടിക്കൊടുത്ത പാട്ടുകളിലൊന്നായി ഇത് മാറുകയായിരുന്നു. രൺബീർ സിങ് നായകനായി മികച്ച നേട്ടം കൊയ്ത ധുരന്ധർ എന്ന സിനിമയിലൂടെ വീണ്ടും ഈ ഗാനം ശ്രദ്ധേയമായി.

വർഷങ്ങൾക്ക് ശേഷമുള്ള താരത്തിന്റെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് ആരാധകർ. സിനിമാരംഗത്തുള്ളവരും നൃത്തത്തിനെ പ്രശംസിക്കാൻ മറന്നില്ല. ഖുശ്ബു, ദിവ്യ ദത്ത, സന്ധ്യ മൃദുൽ, ജയ ഭട്ടാചാര്യ എന്നിവർ സന്തോഷം പങ്കുവെച്ചു. കൊറിയോഗ്രാഫറായ ബോസ്‌കോ മാർട്ടിസ് ഡാൻസിങ് ക്വീൻ എന്നാണ് അഭിപ്രായപ്പെട്ടത്. ‘കോയി യഹാ നാച്ചെ നാച്ചെ’, ‘ഹരി ഓം ഹരി’,’ തു മുജെ ജാൻ’ എന്നീ ഗാനങ്ങളും കല്പനയുടെ ഹിറ്റ് ഗാനങ്ങളാണ്‌.

Content Highlights: Bollywood actress Kalpana Iyer, known for `Ramba Ho`, dances to her iconic song after years. Her energetic performance at a wedding goes viral, earning praise from fans and celebrities.