പെണ്‍കുട്ടികളെ അധാര്‍മിക ബന്ധങ്ങളില്‍നിന്ന് സംരക്ഷിക്കണം;വിവാഹപ്രായം ഒമ്പതാക്കി കുറയ്ക്കാന്‍ ഇറാഖ്‌

ബാഗ്ദാദില്‍ നടന്ന പ്രതിഷേധത്തില്‍ നിന്നുള്ള ചിത്രം | Photo:AFP
ബാഗ്ദാദില്‍ നടന്ന പ്രതിഷേധത്തില്‍ നിന്നുള്ള ചിത്രം | Photo:AFP

ബാഗ്ദാദ്‌: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഒമ്പത് വയസ്സാക്കി കുറയ്ക്കാനുള്ള ഇറാഖിന്റെ നടപടി വിവാദമാകുന്നു. ഇറാഖ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ വ്യാപക പ്രതിഷേധത്തിനും ആശങ്കയ്ക്കും കാരണമായിരിക്കുകയാണ്. നിലവില്‍ വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 ആണ്. ഈ നിയമത്തില്‍ ഭേദഗതി വരുത്താനാണ് ഇറാഖി ഭരണകൂടത്തിന്റെ ശ്രമം. കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മത അധികാരികളെയോ നീതിന്യായ വ്യവസ്ഥയെയോ പൗരന്‍മാര്‍ക്ക് തിരഞ്ഞെടുക്കാമെന്നും ഭേദഗതി ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. 

ഭേദഗതി നടപ്പാക്കി കഴിഞ്ഞാല്‍ പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള കുറഞ്ഞ പ്രായം ഒമ്പത് വയസ്സും ആണ്‍കുട്ടികളുടേത് 15 വയസ്സുമായി മാറും. ഇത് അനന്തരാവകാശം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ അവകാശങ്ങള്‍ വെട്ടുക്കുറയ്ക്കുന്നതിന് ഇടയാക്കുമെന്നും മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാലയങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കും ശൈശവ വിവാഹവും ചൂഷണവും കൂടാനും സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടാനും ഇത് കാരണമാകും. ഗാര്‍ഹിക പീഡനത്തിന്റെ ഉയര്‍ന്ന സാധ്യതയും നേരത്തേയുള്ള ഗര്‍ഭധാരണവുമെല്ലാം ഇതിന്റെ അനന്തരഫലമായിരിക്കുമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ നീക്കത്തിനെതിരെ മനുഷ്യാവകാശ സംഘടനകളും സിവില്‍ സൊസൈറ്റി പ്രവര്‍ത്തകരും സ്ത്രീ സംരക്ഷണ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ് വാച്ചും ഇതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. നിയമഭേദഗതി ഇറാഖിനെ പിന്നോട്ട് നയിക്കുമെന്നും നിയമങ്ങള്‍ കാറ്റില്‍പറത്തി നിരവധി ബാലവിവാഹങ്ങളാണ് ഇറാഖില്‍ നടക്കുന്നതെന്നും ഹ്യൂമന്‍ റൈറ്റ് വാച്ച് ഗവേഷകയായ സാറ സാന്‍ബാര്‍ വ്യക്തമാക്കി. ഇറാഖിലെ 28 ശതമാനത്തോളം പെണ്‍കുട്ടികളും 18 വയസാകുന്നതിനെ മുമ്പ് വിവാഹിതരാകുന്നുണ്ടെന്ന് യൂണിസെഫ്‌ പഠനങ്ങളില്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. 

ഇസ്ലാമിക നിയമത്തെ ക്രമീകരിക്കാനും യുവതലമുറയെ അധാര്‍മിക ബന്ധങ്ങളില്‍നിന്ന് സംരക്ഷിക്കാനുമാണ് പുതിയ മാറ്റമെന്നാണ് നിയമ ഭേദഗതിയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്. കഴിഞ്ഞ ജൂലൈ അവസാനം വിവാഹപ്രായം കുറയക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ കൊണ്ടുവന്നിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. ഇപ്പോള്‍ ഷിയ ഗ്രൂപ്പുകളുടെ പിന്തുണയോടെ വീണ്ടും ഈ ബില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.
 

Content Highlights: iraq proposes law to lower marriage age for girls to 9