കുര്‍ത്തയണിഞ്ഞ് കോലി, സല്‍വാര്‍ സ്യൂട്ടില്‍ അനുഷ്‌ക; ദീപാവലി ആഘോഷിച്ച് ഇന്ത്യന്‍ ടീം

ദീപാവലി ആഘോഷത്തിനെത്തിയ വിരാട് കോലിയും അനുഷ്‌ക ശര്‍മയും | Photo: twitter/ virat kohli
ദീപാവലി ആഘോഷത്തിനെത്തിയ വിരാട് കോലിയും അനുഷ്‌ക ശര്‍മയും | Photo: twitter/ virat kohli

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിന് മുമ്പ് ദീപാവലി ആഘോഷിച്ച് ഇന്ത്യന്‍ താരങ്ങള്‍. കഴിഞ്ഞ ദിവസം ബെംഗളൂരുവിലാണ് കുടുംബത്തോടൊപ്പം ഇന്ത്യന്‍ ടീമംഗങ്ങള്‍ ദീപാവലി ആഘോഷമാക്കിയത്. 

പരമ്പരാഗത ഇന്ത്യന്‍ വസത്രങ്ങള്‍ അണിഞ്ഞാണ് താരങ്ങളെത്തിയത്. ഒപ്പം ദീപാവലിയോട് അനുബന്ധിച്ച് മധുരപലഹാരങ്ങളും ഒരുക്കിയിരുന്നു. ഭാര്യ റിതികയ്‌ക്കൊപ്പമെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആഘോഷത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നീലയും വെള്ളയും നിറത്തിലുള്ള കുര്‍ത്തയായിരുന്നു രോഹിതിന്റെ വേഷം. റിതിക പിങ്ക് കാഫ്താനും ധരിച്ചു.

വിരാട് കോലിക്കൊപ്പം ഭാര്യ അനുഷ്‌ക ശര്‍മയും രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ഭാര്യ റിവാബയും ആഘോഷത്തില്‍ പങ്കെടുത്തു. കറുപ്പ് കുര്‍ത്തയാണ് ജഡേജ ധരിച്ചത്. റിവാബ സാരിയിലാണ് ചടങ്ങിനെത്തിയത്. പച്ച കുര്‍ത്തയായിരുന്നു കോലിയുടെ വേഷം. അനുഷ്‌ക പിങ്ക്-പര്‍പ്പ്ള്‍ സല്‍വാര്‍ സ്യൂട്ടും ധരിച്ചു.
 

Content Highlights: indian cricket team celebrates diwali in bengaluru