ബാള്‍ഡ് ആൻഡ് ബ്യൂട്ടിഫുള്‍; രോഗത്തെ തോല്‍പ്പിച്ച് അവള്‍ വിവാഹവേദിയിലെത്തി, മുടിയില്ലാതെ

സൗന്ദര്യസങ്കല്‍പങ്ങളെ കാറ്റില്‍ പറത്തി മുടിയില്ലാതെ വിവാഹവേദിയിലേക്കെത്തി വധു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ നീഹാര്‍ സച്ച്‌ദേവയാണ് വിവാഹചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അലോപേഷ്യ ബാധിതയാണ് നീഹാര്‍. മുടിയും പുരികവും കണ്‍പീലിയുമടക്കം കൊഴിഞ്ഞുപോകുന്ന ഓട്ടോഇമ്മ്യൂണ്‍ രോഗാവസ്ഥയാണിത്. രോഗത്തോട് പൊരുതിക്കൊണ്ടാണ് നീഹാര്‍ തന്റെ വിവാഹവേദിയിലെത്തിയത്.
ചുവന്ന ലെഹങ്കയും അതിനുചേരുന്ന ആഭരണങ്ങളും ധരിച്ചാണ് നീഹാര്‍ വേദിയിലേക്ക് നടന്നടുത്തത്. വരന്‍ അരുണ്‍ വി ഗണപതി ഇരുകൈകളും ചേര്‍ത്ത് ആലിംഗനം ചെയ്തുകൊണ്ട് അവളെ സ്വീകരിച്ചു. നീഹാറിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് പങ്കുവെച്ച ഹൃദയസ്പര്‍ശിയായ വിവാഹവീഡിയോ ഇതുവരെ ഇന്‍സ്റ്റഗ്രമില്‍ നാല് കോടി ആളുകളാണ് ഇതുവരെ കണ്ടത്.
കുട്ടിക്കാലത്താണ് അലോപേഷ്യ എന്ന രോഗം നീഹാറിനെ ബാധിക്കുന്നത്. സ്‌കൂളില്‍ പടിക്കുന്ന കാലം മുതല്‍ക്കേ തന്നെ വിഗ്ഗ് ധരിച്ചാണ് അവള്‍ പുറത്തുപോയിരുന്നത്. വിഗ്ഗ് ധരിക്കാന്‍ ആരംഭിച്ചതിന് പിന്നാലെ പഠനത്തില്‍ പിന്നാലായി. പലതരം കോംപ്ലക്‌സുകള്‍ വേട്ടയാടാന്‍ ആരംഭിച്ചു. തേടാന്‍ ചികിത്സയൊന്നും ബാക്കിയുണ്ടായിരുന്നില്ല. അങ്ങനെയാണ് മുടി പൂര്‍ണമായും ഷേവ് ചെയ്ത് കളയാന്‍ തീരുമാനിച്ചത്. ജീവിതത്തില്‍ താനെടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നായിരുന്നു അത് എന്ന് നീരജ ഒരു പോഡ്കാസ്റ്റ് ഷോയില്‍ പറഞ്ഞിട്ടുണ്ട്. ഇന്ത്യാക്കാരിയാണെങ്കിലും യു.എസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍ഫ്‌ളുവന്‍സറാണ് നീരജ്.
എന്താണ് അലോപേഷ്യ
ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് അലോപേഷ്യ.അതായത്ശരീരത്തിന്റെ പ്രതിരോധശേഷി സ്വന്തം രോമകൂപങ്ങളെതന്നെ നശിപ്പിക്കുന്ന അവസ്ഥയാണിത്. മറ്റ് ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളുടെ ഭാഗമായും ഈ രോഗം കാണാറുണ്ട്. ഈ രോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാനാവില്ല. അലോപേഷ്യ തന്നെ പലവിഭാഗങ്ങളിലായുണ്ട്.
വട്ടത്തില്‍ മുടി നഷ്ടമാകുന്ന രോഗമാണ് അലോപേഷ്യ ഏരിയേറ്റ. ഇത് കുട്ടികളിലും മുതിര്‍ന്നവരിലും കാണുന്ന അസുഖമാണ്. മുടി പാച്ചുകളായി നഷ്ടപ്പെടുന്നു. ചിലരില്‍ മുടി പിന്നീട് തിരിച്ചുവരാം.
എന്നാല്‍ ചിലര്‍ക്ക് മുടി മുഴുവനായി നഷ്ടമാകുന്ന അസ്ഥയുണ്ടാകാം. ഇതാണ് അലോപേഷ്യ ടോട്ടാലിസ്. ശരീരത്തിലെ മുടികൂടി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമ്പോള്‍ അലോപേഷ്യ യൂണിവേഴ്സാലിസ് എന്നും പറയുന്നു. ഈ രോഗം മൂലം മുടി കൊഴിഞ്ഞുപോവുന്നു എന്നതല്ലാതെ ഇവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും പൊതുവേ ഉണ്ടാകാറില്ല.
Content Highlights: Indian bride with alopecia embraces bald look on her wedding