സിനിമാ കരിയറില്‍ 14 ഫ്‌ളോപ്പുകള്‍,എന്നിട്ടും 400 കോടിയുടെ ആസ്തി; അഭയ് ഡിയോള്‍ സമ്പന്നനായത് എങ്ങനെ?

ബോബി ഡിയോളിന്റേയും സണ്ണി ഡിയോളിന്റേയും കസിന്‍ സഹോദരനാണ് അഭയ് ഡിയോള്‍. ദേവ് ഡി, സിന്ദഗി നാ മിലേഗി ദൊബാര തുടങ്ങിയ ചിത്രങ്ങളിലൂടെ അഭയ് ശ്രദ്ധിക്കപ്പെട്ടെങ്കിലും ബോബിയുടേയും സണ്ണിയുടേയുംപോലെ കൂടുതല്‍ ബോക്‌സോഫീസ് ഹിറ്റുകളുണ്ടാക്കാന്‍ അഭയ്ക്ക് കഴഞ്ഞിട്ടില്ല. എപ്പോഴും 'മൂന്നാമത്തെ ഡിയോള്‍ സഹോദരന്‍' എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്.
എന്നാല്‍ ആസ്തിയുടെ കാര്യത്തില്‍ ബോബിയേക്കാളും സണ്ണിയേക്കാളും മുന്നിലാണ് അഭയ്. ബിസിനസ് നിക്ഷേപങ്ങളിലൂടെ നൂറുകണക്കിന് കോടിയുടെ ആസ്തി നടന്‍ സ്വന്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ നിക്ഷേപങ്ങള്‍ അദ്ദേഹത്തെ ഡിയോള്‍ കുടുംബത്തിലെ ഏറ്റവും സമ്പന്നനാക്കുന്നു. പരമ്പരാഗതമായ ബോക്‌സ് ഓഫീസ് വിജയങ്ങളുടെ പിന്‍ബലമില്ലാതെയാണ് അഭയ് ഇത് നേടിയെടുത്തത്.
ലൈഫ്‌സ്‌റ്റൈല്‍ ഏഷ്യ, മീഡിയം എന്നിവയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023-24 വര്‍ഷത്തില്‍ അഭയ് ഡിയോളിന്റെ ആസ്തി 400 കോടി രൂപയാണ്. 120 കോടി രൂപ ആസ്തിയുള്ള സണ്ണി ഡിയോളിനേക്കാള്‍ ഏകദേശം മൂന്നിരട്ടി സമ്പന്നനാണ് അഭയ് എന്നാണ് ഇതിനര്‍ത്ഥം. ഇളയ സഹോദരനായ ബോബിക്ക് ഏകദേശം 70 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ പുറത്തിറങ്ങിയ സണ്ണിയുടെ 'ഗദര്‍ 2', 'ജാട്ട്' എന്നിവയും ബോബിയുടെ 'അനിമലും' ബോക്‌സോഫീസില്‍ ഹിറ്റായിരുന്നു. ഇതിലൂടെയാണ് ഇവരുടെ സമ്പത്ത് വര്‍ദ്ധിച്ചത്. എന്നിട്ടും അവരുടെ രണ്ടുപേരുടേയും ആസ്തി കൂട്ടിയാല്‍ അഭയ്‌യുടെ ആസ്തിയുടെ പകുതി പോലും വരുന്നില്ല.
2005-ല്‍ ഇംതിയാസ് അലിയുടെ 'സോച്ചാ നാ ഥാ' എന്ന ചിത്രത്തിലൂടെയാണ് അഭയ് ഡിയോള്‍ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. അതിനുശേഷമുള്ള 20 വര്‍ഷത്തിനിടയില്‍, നാല് വെബ് സീരീസുകള്‍ക്ക് പുറമെ 23 സിനിമകളില്‍ കൂടി അദ്ദേഹം അഭിനയിച്ചു. അദ്ദേഹത്തിന്റെ കരിയറില്‍ ഉടനീളം ബോക്‌സ് ഓഫീസ് വിജയം അന്യമായിരുന്നു. ദേവ് ഡി, സിന്ദഗി നാ മിലേഗി ദൊബാര, രാഞ്ഝനാ എന്നീ മൂന്ന് സിനിമകള്‍ മാത്രമാണ് മികച്ച വിജയങ്ങള്‍ നേടിയത്. ഇതില്‍ അവസാനത്തെ രണ്ടെണ്ണം ഒന്നിലധികം താരങ്ങളുള്ള ചിത്രങ്ങളായിരുന്നു. അദ്ദേഹത്തിന്റെ മറ്റ് 14 സിനിമകള്‍ പരാജയങ്ങളോ വന്‍ പരാജയങ്ങളോ ആയിരുന്നു.
എങ്കിലും, വര്‍ഷങ്ങള്‍ക്കിപ്പുറം തിയേറ്ററുകളില്‍ വിജയിക്കാത്ത അദ്ദേഹത്തിന്റെ മറ്റ് ചില സിനിമകള്‍ ചര്‍ച്ചയാകുകയും ഇത് അദ്ദേഹത്തിന്റെ താരമൂല്യം ഉയര്‍ത്തുകയും ചെയ്തു. 'ഓയേ ലക്കി ലക്കി ഓയേ', 'ഷാങ്ഹായ്', 'ഏക് ചാലിസ് കി ലാസ്റ്റ് ലോക്കല്‍' എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അഭിനയ സംരംഭങ്ങളില്‍ നിന്ന് അഭയ് വര്‍ഷം ഏകദേശം 10 കോടി രൂപ സമ്പാദിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി 'ട്രയല്‍ ബൈ ഫയര്‍' പോലുള്ള ടിവി സീരീസ് പ്രൊജക്റ്റുകളില്‍ നിന്നാണ് ഈ വരുമാനം പ്രധാനമായും ലഭിക്കുന്നത്.
കരിയറിന്റെ തുടക്കത്തില്‍ തന്നെ വിജയകരമായ റെസ്റ്റോറന്റ് ശൃംഖലയായ 'ദി ഫാറ്റി കൗ' സ്ഥാപിക്കുന്നതില്‍ പങ്കാളിയായി അഭയ് സംരംഭകത്വത്തിലേക്ക് കടന്നു. കൂടാതെ, 'ഫോര്‍ബിഡന്‍ ഫിലിംസ്' എന്ന പേരില്‍ ഒരു ചലച്ചിത്ര നിര്‍മ്മാണ കമ്പനിയും അദ്ദേഹത്തിന് സ്വന്തമായുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയിലെ വീടിനായി അദ്ദേഹം 27 കോടി രൂപ മുടക്കിയിരുന്നു. ഇന്ന് അതിന് വളരെയധികം മൂല്യമുണ്ട്. ഗോവയിലെ പരിസ്ഥിതി സൗഹൃദ ഗ്ലാസ് ഹൗസിന് പുറമെ മുംബൈയിലും പഞ്ചാബിലും അഭയ്ക്ക് സ്വത്തുക്കളുണ്ട്.
രണ്ട് ദശാബ്ദത്തോളം സിനിമയില്‍ സജീവമായിരുന്നിട്ടും അഭയ് പലപ്പോഴും പാപ്പരാസികളുടെ കാമറയില്‍നിന്ന് അകന്നാണ് ജീവിച്ചത്. പണത്തോടും പ്രശസ്തിയോടുമുള്ള തന്റെ ബന്ധത്തെക്കുറിച്ച് 2022-ല്‍ ഇ ടൈംസിനോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് 'പ്രശസ്തി എന്നെ ഒരിക്കലും ആകര്‍ഷിച്ചിട്ടില്ല. പണം നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നില്ല. സംതൃപ്തി വരുന്നത് നിങ്ങള്‍ നിങ്ങളായിരിക്കുന്നതിലും നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നതിലുമാണ്. അത് ഒരുപക്ഷേ ചെറിയ സിനിമകള്‍ ചെയ്യുന്നതാകാം. കാരണം അവ നിങ്ങളോട് സംസാരിക്കുകയും നിങ്ങളെ ആധികാരികമായി പ്രതിനിധീകരിക്കുകയും ചെയ്യുന്നു. ലോകത്തിലെ ഏത് പണത്തേക്കാളും, എത്ര വലിയ പ്രശസ്തിയേക്കാളും വിലപ്പെട്ടതാണത്.''
2023-ല്‍ നെറ്റ്ഫ്‌ളിക്‌സില്‍ പുറത്തിറങ്ങി നിരൂപക പ്രശംസ നേടിയ 'ട്രയല്‍ ബൈ ഫയര്‍' എന്ന ടെലിവിഷന്‍ സീരീസിലാണ് അഭയ് അവസാനമായി അഭിനയിച്ചത്. ഇതില്‍ രസിക ദേശ്പാണ്ഡെയും പ്രധാന വേഷത്തിലെത്തിയിരുന്നു.
Content Highlights: how abhay deol went from 14 flops to the richest deol