'ആദ്യ കീമോ നടന്ന ദിവസം കൂടെ നിന്നവള്‍'; മഹിമയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ഹിന ഖാന്‍

കാന്‍സര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ നിരന്തരം തന്റെ ജീവിതത്തേക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്ന താരമാണ് നടി ഹിന ഖാന്‍. തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ കൂടെനിന്ന പ്രിയ സുഹൃത്തും നടിയുമായ മഹിമ ചൗധരിയോടുള്ള നന്ദി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെ ഹിന അറിയിച്ചിരിക്കുകയാണ്.
കാന്‍സര്‍ രോഗത്തെ അതിജീവിച്ച മഹിമയുടെ 51-ാം പിറന്നാളിന്റെ ഭാഗമായാണ് ഹിനാ വൈകാരികമായ കുറിപ്പ് പോസ്റ്റ് ചെയ്തത്. ആദ്യ കീമോതെറാപ്പി ചെയ്യുന്ന ദിവസം ആശുപത്രിയില്‍ ഹിനക്ക് സര്‍പ്രൈസായി എത്തിയതാണ് മഹിമ. 'എനിക്ക് പ്രചോദനം നല്‍കിയും നിര്‍ദ്ദേശങ്ങള്‍ നല്‍കിയും അവള്‍ ഒരു പ്രകാശമായി എന്റെയൊപ്പം നിന്നു. അവളൊരു ഹീറോയാണ്. ഏറ്റവും മികച്ച മനുഷ്യനും' പോസ്റ്റില്‍ പറയുന്നു.
'അവള്‍ കടന്നുപോയ വഴികളേക്കാള്‍ എന്റേതു മികച്ചതാക്കാനായി ഒപ്പം നിന്നു. അവള്‍ അനുഭവിച്ച യാതനകള്‍ എനിക്ക് ജീവിത പാഠങ്ങളായി. അവള്‍ നല്‍കിയ സ്നേഹവും ധൈര്യവും ജീവിക്കാനുള്ള പ്രചോദനമായി. ഞങ്ങള്‍ സുഹൃത്തുക്കളാവുകയും അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ഞാന്‍ ഒരിക്കലും ഒറ്റക്കല്ലെന്ന് അവള്‍ ഉറപ്പു വരുത്തി'-മഹിമയ്ക്ക് പിറന്നാള്‍ ആശംസിച്ച് ഹിന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സ്തനാർബുദ ചികിത്സയിലൂടെ കടന്നുപോകുന്നതിനേക്കുറിച്ച് ഹിന ഖാൻ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ തുറന്നുപറഞ്ഞിരുന്നു. അഞ്ചാമത്തെ കീമോയിലൂടെ കടന്നുപോവുകയാണെന്നും മുപ്പത്തിയാറുകാരിയായ താരം അറിയിച്ചിരുന്നു.
ചികിത്സയ്ക്ക് മുന്നോടിയായി തന്റെ തലമുടി മുറിക്കുന്ന ഹൃദയഭേദകമായ വീഡിയോയും ഹിന പങ്കുവെച്ചിരുന്നു. താനേ കൊഴിയുംമുമ്പേ അവ വെട്ടുകയാണെന്നാണ് അന്ന് ഹിന പറഞ്ഞത്. സ്വന്തം മുടികൊണ്ട് വിഗ് ഉണ്ടാക്കിയതിനേക്കുറിച്ചും ഹിന സംസാരിച്ചിരുന്നു.
Content Highlights: Hina Khan`s Emotional Birthday Post for Friend Mahima Chaudhary