‘എന്റെ ജീവിതത്തിന് എന്തിന് വിശദീകരണം നൽകണം?’; കുടുംബത്തിൽ അസ്വാരസ്യങ്ങളില്ലെന്ന് ഹേമ മാലിനി

#Lifestyle desk
ധർമ്മേന്ദ്ര, ഹേമാമാലിനി| ഫോട്ടോ: ANI
ധർമ്മേന്ദ്ര, ഹേമാമാലിനി| ഫോട്ടോ: ANI

ബോളിവുഡ് ഇതിഹാസം ധർമേന്ദ്രയുടെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾക്ക് മറുപടിയുമായി നടി ഹേമ മാലിനി . ധർമേന്ദ്രയുടെ ആദ്യ ഭാര്യയിലുള്ള മക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ എന്നിവരുമായുള്ള തന്റെ ബന്ധം വളരെ ഹൃദ്യവും ഊഷ്മളവുമാണെന്ന് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഇന്ത്യൻ എക്സ്പ്രസിനോടാണ് അവർ പ്രതികരിച്ചത്.

നവംബർ 24-ന് ധർമേന്ദ്ര അന്തരിച്ചതിന് ശേഷം ഡിയോൾ കുടുംബത്തിനുള്ളിൽ പ്രശ്നങ്ങളുണ്ടെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ നിരവധി ചർച്ചകൾ നടന്നിരുന്നു. സണ്ണി ഡിയോളും ബോബി ഡിയോളും നടത്തിയ പ്രാർത്ഥനാ യോഗത്തിൽ ഹേമ മാലിനി പങ്കെടുക്കാത്തതും പകരം അതേ ദിവസം സ്വന്തം വീട്ടിൽ ഗീതാ പാഠം സംഘടിപ്പിച്ചതുമാണ് ഊഹാപോഹങ്ങൾക്ക് കാരണമായത്. രണ്ടാഴ്ചയ്ക്ക് ശേഷം ഹേമയും മക്കളായ ഈഷയും അഹാനയും ചേർന്ന് ഡൽഹിയിൽ മറ്റൊരു പ്രാർത്ഥനാ യോഗവും നടത്തിയിരുന്നു.

എന്നാൽ, തങ്ങൾ വളരെ സന്തോഷത്തോടെയും അടുപ്പത്തോടെയുമാണ് കഴിയുന്നതെന്നും ഗോസിപ്പുകൾ ഉണ്ടാക്കുന്നവർക്ക് മറുപടി നൽകേണ്ട കാര്യം തനിക്കില്ലെന്നും ഹേമ മാലിനി പറഞ്ഞു. ‘എന്റെ ജീവിതത്തെക്കുറിച്ച് ഞാൻ എന്തിന് വിശദീകരണം നൽകണം? ഞങ്ങൾ തമ്മിൽ വളരെ നല്ല ബന്ധമാണ്’- അവർ കൂട്ടിച്ചേർത്തു. മറ്റൊരാളുടെ ദുഃഖത്തെ വാർത്തകൾക്കായി ഉപയോഗിക്കുന്നത് സങ്കടകരമാണെന്നും ഹേമ വ്യക്തമാക്കി.

ധർമേന്ദ്രയുടെ ഓർമയ്ക്കായി മ്യൂസിയം നിർമിക്കാൻ സണ്ണി ഡിയോൾ പദ്ധതിയിടുന്നുണ്ടെന്നും ഇക്കാര്യങ്ങൾ സണ്ണി തന്നോട് ആലോചിക്കാറുണ്ടെന്നും ഹേമ വെളിപ്പെടുത്തി. അതേസമയം, ധർമേന്ദ്രയുടെ അവസാന ചിത്രമായ ഇക്കിസ് താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് അവർ പറഞ്ഞു. മഥുരയിലെ ഔദ്യോഗിക തിരക്കുകൾ മൂലവും, ആ ചിത്രം ഇപ്പോൾ കാണുന്നത് മാനസികമായി ഏറെ പ്രയാസമുണ്ടാക്കുന്ന കാര്യമായതിനാലുമാണ് അത് മാറ്റിവെച്ചിരിക്കുന്നത്. മാനസികമായ മുറിവുകൾ ഉണങ്ങുമ്പോൾ ചിത്രം കാണാമെന്നാണ് മക്കളും പറയുന്നതെന്ന് അവർ വ്യക്തമാക്കി.

Content Highlights: Hema Malini addresses rumors of rifts within Dharmendra`s family, clarifying her warm relationship with Sunny Deol and Bobby Deol.