ടെക്‌നോലോജിയ! ഫര്‍ണിച്ചര്‍ ഉണ്ടാക്കാന്‍ ഡേറ്റിങ് ആപ്പ് ഉപയോഗിച്ച് ജെന്‍ സി പെൺകുട്ടികൾ

പുതിയ ആളുകളെ പരിചയപ്പെടാനും സൗഹൃദം സ്ഥാപിക്കാനും പറ്റിയാല്‍ പ്രണയത്തിലാകാനുമായാണ് പുതിയ തലമുറയിലെ യുവതീയുവാക്കള്‍ ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ജെന്‍ സി തലമുറയില്‍ പെട്ട സിംഗിള്‍ പെണ്‍കുട്ടികള്‍ ഡേറ്റിങ് ആപ്പിന് മറ്റൊരു ഉപയോഗം കണ്ടെത്തിയിരിക്കുകയാണ്. വിചിത്രമെന്ന് തോന്നുന്നൊരു ഉപയോഗം.
യുഎസ്സിലെ ന്യൂയോര്‍ക്ക് നഗരത്തിലെ ജെന്‍ സി ഗേള്‍സാണ് ഹിഞ്ച് എന്ന ഡേറ്റിങ് ആപ്പിന് വ്യത്യസ്തമായ ഉപയോഗം കണ്ടെത്തിയിരിക്കുന്നത്. വീട്ടില്‍ പുതിയൊരു ഫര്‍ണിച്ചര്‍ ഉണ്ടാക്കാനാണ് അവര്‍ ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡേറ്റിങ് ആപ്പിലൂടെ മാച്ച് ചെയ്യുന്നയാളുടെ സഹായത്തോടെ വീട്ടില്‍ ഫര്‍ണിച്ചര്‍ സെറ്റ് ചെയ്യുകയാണ് ഇവര്‍ ചെയ്യുന്നത്.
'ചെക്കന്മാര്‍ക്കൊക്കെ എന്തെങ്കിലും ജോലിയോ അല്ലെങ്കില്‍ ഒരു മിഷനോ വേണമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അപ്പോള്‍ അവര്‍ക്ക് വളരെ സന്തോഷമാകും. നമ്മളെ സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന, നമുക്ക് വേണ്ട കാര്യം ചെയ്തുതരുന്ന 'ഗോള്‍ഡന്‍ റിട്രീവറിനെ' പോലെയാണ് അവര്‍.' -ഹിഞ്ചിന്റെ സ്ഥിരം ഉപഭോക്താവായ സ്‌റ്റോം ഹേല്‍സ്ട്രാപ്പ് എന്ന 24-കാരി പറയുന്നു.
ഡേറ്റിങ് ആപ്പില്‍ കണ്ടെത്തിയ യുവാവ് വീട്ടിലെ ഒരു ഫര്‍ണിച്ചര്‍ സെറ്റ് ചെയ്യുന്ന വീഡിയോ യുവതി നേരത്തേ ടിക്‌ടോക്കില്‍ പങ്കുവെച്ചിരുന്നു. അന്ന് മേശ സെറ്റ് ചെയ്യാന്‍ തന്നെ സഹായിച്ച യുവാവ് ഇപ്പോള്‍ തന്റെ കാമുകനാണെന്നും സ്‌റ്റോം പറയുന്നു. നേരത്തേയും സഹായമനസ്‌കരായ പലരേയും ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടിട്ടുണ്ടെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
കോവിഡിന് ശേഷമാണ് ഈ പ്രവണത കൂടുതലായി കണ്ടുവരുന്നതെന്നാണ് ഈ മേഖലയിലെ വിദഗ്ധയായ ഒരു സോഷ്യോളജിസ്റ്റ് പറയുന്നത്. ഒരുതരത്തില്‍ പരമ്പരാഗതമായ രീതിയുടെ അനുകരണമാണ് ഇത് - സ്ത്രീകള്‍ സഹായം ചോദിക്കുന്നു, പുരുഷന്മാര്‍ അത് ചെയ്തുകൊടുക്കുന്നു. പുരുഷന് വാക്കുകളിലൂടെ മാത്രമല്ല, പ്രവൃത്തിയിലൂടെയും അവളെ ആകര്‍ഷിക്കണം. ഒപ്പം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തന്റെ സാമര്‍ഥ്യം അവള്‍ക്ക് മുന്നില്‍ കാണിക്കുകയും വേണമെന്നും അവര്‍ പറഞ്ഞു.
Content Highlights: Gen Z single women use dating app to build their furniture