ഫെസ്റ്റ 2026 – കേരളത്തിന്റെ ആദ്യ ദേശീയ കഥപറച്ചിൽ ഉത്സവത്തിന് തുടക്കം കുറിക്കുന്നു

കേരളത്തിന്റെ ആദ്യ ദേശീയ കഥപറച്ചിൽ ഉത്സവമായ ഫെസ്റ്റ 2026 ഏപ്രിൽ 11, 12 തീയതികളിൽ എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ അരങ്ങേറും. ‘മനുഷ്യൻ അപ്പം കൊണ്ടുമാത്രമല്ല ജീവിക്കുന്നത്, പരസ്പരം പങ്കുവയ്ക്കുന്ന കഥകൾ കൊണ്ടും കൂടിയാണ്’ എന്ന ആശയത്തോടെ മുളന്തുരുത്തിയിലെ ആല ബദൽ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന ഈ ഉത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ സക്കറിയ നിർവഹിക്കും.
ഏപ്രിൽ 11–12 തീയതികളിൽ ആല ക്യാമ്പസിലെ മൂന്ന് വേദികളിലും, മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ തുറന്ന അരങ്ങിലുമായി, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമാകുന്ന 43 തത്സമയ കഥപറച്ചിൽ സെഷനുകൾ, വർക്ക്‌ഷോപ്പുകൾ, സംഗീതപരിപാടികൾ, ജയന്റ് പപ്പറ്റ് പരേഡ് എന്നിവ അരങ്ങേറും.കേരളത്തിലെയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 62 കഥപറച്ചിലുകാരാണ് ഫെസ്റ്റയുടെ ഭാഗമാകുന്നത്.ഫെസ്റ്റയിൽ അവതരിപ്പിക്കപ്പെടുന്ന കഥകൾ, അവതാരകരുമായും പ്രേക്ഷകരുമായും നടത്തുന്ന സംവാദങ്ങൾ, ശിൽപ്പശാലകൾ, സംഗീതപരിപാടികൾ എന്നിവ ഡിജിറ്റൽ രൂപത്തിൽ രേഖപ്പെടുത്തി, ഫെസ്റ്റിവലിനു ശേഷവും ഒരു ദീർഘകാല സാംസ്കാരിക ശേഖരമായി വികസിപ്പിക്കുന്ന വിശാലമായ സാംസ്കാരിക ഇടം, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കായി സൃഷ്ടിക്കപ്പെടുന്നു എന്നതും ഫെസ്റ്റയുടെ പ്രത്യേകതയാണ്.
എട്ട് വർഷങ്ങളായി മുളന്തുരുത്തിയുടെ സർഗാത്മക ജീവിതത്തിന്റെ ഭാഗമായ ആലയുടെ ഈ സംരംഭം, മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെയും എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും (DTPC) സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്
Content Highlights: First-ever national storytelling festival in Kerala taking place in 2026., Features 43 live storytelling sessions, workshops, and music events.,