മീശ എങ്ങനെയാണ് ഷേവ് ചെയ്യുന്നതെന്ന് ആരാധകൻ'; 'മെലാസ്മ'യെ കുറിച്ച് തുറന്നുപറഞ്ഞ് സെലീന

ആരാധകന്റെ പരിഹാസ ചോദ്യത്തിന് മറുപടി നൽകി അമേരിക്കൻ നടിയും ഗായികയുമായ സെലീന ഗോമസ്. കഴിഞ്ഞ ചൊവ്വാഴ്ച്ച അവർ ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ച വീഡിയോയിൽ മേക്കപ്പില്ലാതെയാണ് പ്രത്യക്ഷപ്പെട്ടത്. ഇതിൽ അവരുടെ ചുണ്ടിന് മുകളിൽ കറുത്ത പാടുകള് കാണാമായിരുന്നു.
ഇത് രോമമാണെന്ന് ആരാധകൻ കരുതുകയായിരുന്നു. 'നിങ്ങളുടെ മീശ എങ്ങനെയാണ് ഷേവ് ചെയ്യുന്നത്? 'എന്ന് ഇയാൾ ചോദിക്കുകയും ചെയ്തു. ഇതിനാണ് സെലീന ഗോമസ് മറുപടി നൽകിയത്. 'ഒരാൾ എന്നോട് എങ്ങനെയാണ് മീശ ഷേവ് ചെയ്യുന്നത് എന്ന് ചോദിച്ചു. അതുകേട്ട് എനിക്ക് ചിരിയാണ് വന്നത്.' സെലീന ഗോമസിന്റെ മറുപടി ഇങ്ങനെയായിരുന്നു. അത് മീശയല്ലെന്നും 'മെലാസ്മ' എന്ന ചർമരോഗമാണെന്നും ചികിത്സിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
'റെയർ ബ്യൂട്ടി' എന്ന സൗന്ദര്യവർധക ബ്രാൻഡിന്റെ സ്ഥാപക കൂടിയായ സെലീന മുഖക്കുരുവിനേയും പിഗ്നമന്റേഷനേയും കുറിച്ച് നേരത്തേയും തുറന്ന് സംസാരിച്ചിട്ടുണ്ട്. മാനസിക വെല്ലുവിളിയുണ്ടാകുമ്പോൾ ചർമത്തിൽ മാറ്റങ്ങൾ വരാറുണ്ടെന്നും അന്നത്തെ അവസ്ഥ എന്താണോ അതനുസരിച്ച് മുന്നോട്ടുപോകാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും സെലീന വ്യക്തമാക്കിയിരുന്നു. തനിക്ക് ഓട്ടോഇമ്മ്യൂൺ അസുഖമായ ലൂപ്പസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും സൺസ്‌ക്രീൻ ഒഴിച്ചുകൂടാനാവാത്തതാണെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.
Content Highlights: fan asks selena gomez how she shaves her moustache singer opens up about melasma