ദിവസവും 6000 കലോറി, ഇതിൽ പശുവിന്റെ കരളും ഹൃദയവും, 10 മണിക്കൂറെങ്കിലും ഉറക്കം; ഹാളണ്ട് വ്യത്യസ്തനാണ്!

എര്‍ലിങ് ഹാളണ്ട് | Photo: instagram/erling haaland
എര്‍ലിങ് ഹാളണ്ട് | Photo: instagram/erling haaland

ലോകകപ്പിൽ ബ്രസീലിന്റെ കുതിപ്പിനും കടിഞ്ഞാണിട്ടാണ് ക്വാർട്ടർ ഫൈനലിലേക്കുള്ള നോർവേയുടെ മുന്നേറ്റം. അതിൽ 25-കാരനായ എർലിങ് ഹാളണ്ടിന്റെ പങ്ക് ഒരിക്കലും വിസ്മരിക്കാനാകില്ല.ടൂർണമെന്റിൽ മികച്ച ഫോമിൽ പന്ത് തട്ടുന്ന താരം ഇതുവരെ ഏഴ് ഗോളുകൾ എതിർ വലയിലെത്തിച്ചുകഴിഞ്ഞു. ഫുട്‌ബോളിൽ മാത്രമല്ല, ജീവിതത്തിലും സാധാരണ താരങ്ങളെപ്പോലെയല്ല ഹാളണ്ട്. അൽപം വ്യത്യസ്തനാണ്.

സാധാരണയായി താരങ്ങൾ ഫിറ്റ്‌നസ് നിലനിർത്താനായി പ്രോട്ടീൻ ഷേക്കുകളും നിയന്ത്രിതമായ അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുമ്പോൾ കുറച്ച് പഴയ ഡയറ്റ് രീതിയാണ് ഹാളണ്ട് പിന്തുടരുന്നത്. സ്പാനിഷ് മാധ്യമമായ ഹോലയുടെ റിപ്പോർട്ട് അനുസരിച്ച് നോർവേ താരം ദിവസവും 6,000 കലോറിക്ക് മുകളിലുള്ള ഭക്ഷണമാണ് കഴിക്കുന്നത്. അതിൽ അധികഭാഗവും പ്രാദേശികമായി ലഭിക്കുന്ന, ക്വാളിറ്റിയുള്ള മാംസമാണ്. ഇതിനെ കുറിച്ച് 'ഹാളണ്ട്- ദി ബിഗ് ഡിസിഷൻ' എന്ന ഡോക്യുമെന്ററിയിൽ താരം പറയുന്നുണ്ട്. വലിയ അളവിൽ പശുവിന്റെ ഹൃദയവും കരളുമാണ് കഴിക്കാറുള്ളത്. കശാപ്പുകാരനിൽ നിന്നാണ് ഇത് വാങ്ങാറുള്ളത്. അതിലെ മാലിന്യങ്ങൾ നീക്കാനായി വെള്ളത്തിന് പകരം നന്നായി ഫിൽട്ടർ ചെയ്ത ഹൈഡ്രേഷൻ സംവിധാനമാണ് ഉപയോഗിക്കുന്നത്. സ്വന്തമായി ഒരു 'മാന്ത്രിക പാനീയ'മുണ്ടെന്നും ഹാളണ്ട് ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. തിളപ്പിക്കാത്ത പാലും ചീരയും കാലെ (ലീഫ് കാബേജ്) യും ചേർന്നുണ്ടാക്കുന്നതാണ് ഈ പാനീയം.

ഭക്ഷണംപോലെ തന്നെ ഉറക്കവും പ്രധാനമാണ് ഹാളണ്ടിന്. മത്സരങ്ങൾക്കുശേഷം താരങ്ങൾ നൈറ്റ് പാർട്ടികളും ക്ലബ്ബുകളുമായി സമയം ചെലവിടുമ്പോൾ ഹാളണ്ടിന് ഇഷ്ടം കിടന്നുറങ്ങാനാണ്. ഉറക്കത്തേക്കാൾ പ്രധാനമായി ഒന്നുമില്ലെന്നും തന്റെ പ്രകടനത്തിലെ പ്രധാന ഘടകം ഉറക്കമാണെന്നും ഹാളണ്ട് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ദിവസവും 10 മുതൽ 11 മണിക്കൂർ വരെയാണ് വിശ്രമ സമയം. ഉച്ചഭക്ഷണത്തിനുശേഷവും കുറച്ചുനേരം ഉറങ്ങും.

ഉറങ്ങുന്നതിന് മുമ്പും ചില ശീലങ്ങളുണ്ട്. കിടക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് ഓറഞ്ച് നിറമുള്ള കണ്ണടകൾ ധരിക്കും. ഉയർന്ന ഊർജ്ജമുള്ള കൃത്രിമ പ്രകാശത്തെ തടയാനാണിത്. ഇത് ശരീരത്തിൽ സ്വാഭാവികമായി മെലാടോണിൻ ഉത്പാദനം ഉത്തേജിപ്പിക്കാനും സഹായിക്കുന്നു. ഓക്‌സിജൻ കൂടുതൽ ലഭിക്കുന്നതിനായി ഉറങ്ങുന്നതിന് മുമ്പ് വായിൽ ടേപ്പ ഒട്ടിക്കും. ഇതോടെ വായ തുറന്നുള്ള ഉറക്കമില്ലാതാകുകയും മൂക്ക് വഴി മാത്രം ശ്വാസമെടുക്കാനും കഴിയും. ഇത് വായു കൂടുതൽ ഫിൽട്ടർ ചെയ്യുകയും ശ്വാസകോശത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുകയും ദീർഘനിദ്രയിൽ ഹൃദയമിടിപ്പ് വ്യതിയാനം ഒപ്റ്റിമൈസ് ചെയ്യുമെന്നുമാണ് വാദം. അതുമാത്രമല്ല, ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഓഫ് ചെയ്യും.

തന്റെ ലൈഫ്‌സ്റ്റൈൽ മാത്രമല്ല ഹാളണ്ടിനെ വ്യത്യസ്തനാക്കുന്നത്, വ്യക്തിത്വം കൂടിയാണ്. പലപ്പോഴും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നേരിട്ടുള്ള മറുപടിയാണ് അദ്ദേഹം നൽകാറുള്ളത്. സെനഗലിനെതിരായ അവസാന ഗോളിനെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞ മറുപടി അതിനൊരു ഉദാഹരണമാണ്. 90 മിനിറ്റ് ആകുമ്പോഴേക്ക് തന്നെ നന്നായി ക്ഷീണിച്ചിരുന്നുവെന്നും മത്സരം എക്‌സ്ട്രാ ടൈമിലേക്ക് പോകാൻ താത്പര്യമില്ലാത്തതിനാലാണ് ഗോളടിച്ചത് എന്നുമായിരുന്നു ഹാളണ്ട് പറഞ്ഞത്.

നീളമുള്ള മുടി സൂക്ഷിക്കുന്നതിന് പിന്നിലെ രഹസ്യവും അദ്ദേഹം പറയുന്നുണ്ട്. അതിന് കാരണക്കാരൻ സ്വീഡിഷ് സ്‌ട്രൈക്കർ സ്ലാട്ടൻ ഇബ്രാഹിമോവിച്ചാണ്. ഒരു ഫുട്‌ബോൾ കളിക്കാരന്റെ ശക്തി മുടിയിലാണെന്ന് ഒരിക്കൽ ഇബ്രാഹിമോവിച്ച് ഹാളണ്ടിനോട് പറഞ്ഞിരുന്നു. ഇതോടെ താൻ അദ്ദേഹത്തെ അനുസരിക്കുകയായിരുന്നുവെന്നും ഹാളണ്ട് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

Content Highlights: Consumes 6,000 calories daily featuring organ meats like cow heart and liver., Prioritizes 10-11 hours of sleep per day for recovery., Uses specialized blue-light blocking glasses and mouth taping for optimal rest., Maintains a unique persona and mindset focused on performance efficiency.