തിരക്കുമൂലം ട്രെയ്‌നില്‍ നിന്ന് യാത്ര ചെയ്ത് ദുബായ് കിരീടവകാശിയും സുഹൃത്തും;ചിത്രങ്ങള്‍ വൈറല്‍

ലണ്ടന്‍ ട്യൂബില്‍ യാത്ര ചെയ്യുന്ന ഷയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂമും സുഹൃത്തും | Photo: Instagram/ Sheikh Hamdan bin Mohammed Al Maktoum
ലണ്ടന്‍ ട്യൂബില്‍ യാത്ര ചെയ്യുന്ന ഷയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂമും സുഹൃത്തും | Photo: Instagram/ Sheikh Hamdan bin Mohammed Al Maktoum

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള വ്യക്തിയാണ് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം.  ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഒന്നരക്കോടിയോളം പേരാണ് അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്. ഉയര്‍ന്ന പദവിയില്‍ ഇരിക്കുമ്പോഴും സാധാരണക്കാരുമായി അടുത്തിടപഴകാനും ലളിതമായ ജീവിതം നയിക്കാനും താത്പര്യപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം. സോഷ്യല്‍ മീഡിയയിലും ഇത്തരം പോസ്റ്റുകളാണ് ശൈഖ് ഹംദാന്‍ പങ്കുവെയ്ക്കാറുള്ളത്. 

ഇത്തവണ ഒരു യാത്രയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലണ്ടനിലെ ആള്‍ക്കൂട്ടത്തില്‍ ആരാലും തിരിച്ചറിയപ്പെടാതെ യാത്ര ചെയ്യുന്ന ചിത്രമാണ് ഹംദാന്‍ പങ്കുവെച്ചത്. അണ്ടര്‍ഗ്രൗണ്ട് ട്രെയിൻ ഗതാഗത സംവിധാനമായ ലണ്ടന്‍ ട്യൂബില്‍ സുഹൃത്ത് ബദര്‍ അതീജിനൊപ്പം യാത്ര ചെയ്യുകയാണ് ഹംദാന്‍. 

തിരക്കുമൂലം ഇരുവരും നിന്നാണ് യാത്ര ചെയ്യുന്നത്. ഇവരുടെ പിറകില്‍ യാത്രക്കാരേയും കാണാം. എന്നാല്‍ ആരും ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഈ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. 'ഞങ്ങള്‍ക്ക് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്. പക്ഷേ ബദറിന് ഇപ്പൊഴേ ബോറടിക്കാന്‍ തുടങ്ങി' എന്ന കുറിപ്പും ഈ സെല്‍ഫി ചിത്രത്തിനൊപ്പമുണ്ട്. 

കഴിഞ്ഞ ദിവസം ഒരു ചിത്രത്തിന് ലൈക്ക് അടിച്ചും കമന്റ് ചെയ്തും ഷെയ്ഖ് ഹംദാന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മലയാളി ഫോട്ടോഗ്രാഫറും കോഴിക്കോട് സ്വദേശിയുമായ നിസ്ഹാസ് അഹമ്മദ് എടുത്ത ചിത്രത്തിനാണ് ദുബായ് കിരീടവകാശി ലൈക്ക് അടിക്കുകയും കമന്റ് ചെയ്യുകയും ചെയ്തത്. ദുബായിയുടെ ഒരു മനോഹര ദൃശ്യമാണ് ഈ ചിത്രത്തിലുള്ളത്. ഇതിന് തംപ്‌സ് അപ് കമന്റാണ് ഷെയ്ഖ് ഹംദാന്‍ നല്‍കിയത്. 


 

Content Highlights: dubai crown prince goes unnoticed while travelling in london tube