'ഒരു പെറ്റി ബൂർഷ്വായുടെ ലിനൻ പരീക്ഷണം'; ഒരു കറുത്ത ഷർട്ട് വാങ്ങിയ കഥയുമായി ഡോ.ബി.ഇക്ബാൽ

ഡോ. ബി. ഇക്ബാല്‍|photo:facebook.com/ekbalb
ഡോ. ബി. ഇക്ബാല്‍|photo:facebook.com/ekbalb

സോഷ്യൽ മീഡിയയിൽ സ്വന്തം അനുഭവങ്ങളും ചിന്തകളും രസകരമായി പങ്കുവെക്കാറുള്ള പ്രമുഖ പൊതുജനാരോഗ്യ പ്രവർത്തകനും സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗവുമായ ഡോ. ബി. ഇക്ബാലിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. 'ഒരു പെറ്റി ബൂർഷ്വായുടെ ലിനൻ പരീക്ഷണം' എന്ന തലക്കെട്ടോടെ അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ, ലിനൻ തുണിത്തരങ്ങളോടുള്ള തന്റെ കൗതുകവും ഒരു പ്രത്യേക സാഹചര്യത്തിൽ കറുത്ത ലിനൻ ഷർട്ട് വാങ്ങാൻ ഇടയായ കഥയുമാണ് തമാശയും രാഷ്ട്രീയ നിരീക്ഷണങ്ങളും ചാലിച്ച് വിവരിക്കുന്നത്.

ടാറ്റാ-ബിർളയിൽ നിന്ന് അദാനി-അംബാനിയിലേക്ക്

പട്ടത്ത് പ്ലാനിംഗ് ബോർഡിൽ പ്രവർത്തിച്ചിരുന്ന കാലത്ത് അതിനടുത്തുള്ള 'ഓൺലി ലിനൻ എന്ന ഷോപ്പും പിന്നീട് സ്റ്റാച്യൂവിൽ കണ്ട 'ലിനൻ ക്ലബ്' എന്ന കടയും തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നതായി അദ്ദേഹം കുറിക്കുന്നു. അന്വേഷിച്ചപ്പോഴാണ് ഇവ രണ്ടും ആദിത്യ ബിർള ഗ്രൂപ്പിന്റെ തുണിത്തരങ്ങൾ വിൽക്കുന്ന, പിരിഞ്ഞുപോയ രണ്ട് സ്ഥാപനങ്ങളാണെന്ന് മനസ്സിലായത്.

ചെറുപ്പകാലത്ത് ഇടതുപക്ഷത്തിന്റെ പ്രധാന രാഷ്ട്രീയ ശത്രുക്കൾ 'ടാറ്റയും ബിർളയും' ആയിരുന്നുവെന്ന് ഓർമ്മിപ്പിക്കുന്ന അദ്ദേഹം, കാലം മാറിയപ്പോൾ ആ സ്ഥാനത്ത് ഇപ്പോൾ അദാനിയും അംബാനിയുമാണല്ലോ എന്നും കൂട്ടിച്ചേർക്കുന്നു. അതുകൊണ്ടുതന്നെ വേണ്ടത്ര 'രാഷ്ട്രീയ ശുദ്ധി' (Political Correctness) ഉറപ്പാക്കിയ ശേഷമാണ് ധൈര്യസമേതം 'ഓൺലി ലിനൻ' കടയിൽ കയറി അന്വേഷണം നടത്തിയതെന്ന് അദ്ദേഹം തമാശരൂപേണ പറയുന്നു.

കടയിൽ വെറുങ്കയ്യോടെ ഇറങ്ങുന്നത് മര്യാദക്കേടാണെന്ന് തോന്നിയതിനാലാണ് ഒരു സ്ലാക്ക് ഷർട്ട് വാങ്ങിയത്. 'ക്രോക്രോച്ച് സമരം' കത്തിനിൽക്കുന്ന ദിവസങ്ങളിലായിരുന്നു ഇത്. അതിനാൽ സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ 'രാഹുൽ ബ്രിഗേഡ്' ചെയ്തതുപോലെ ഒരു കറുത്ത ഷർട്ട് തന്നെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ഡോ. ഇക്ബാൽ കുറിക്കുന്നു.

ലിനൻ എന്ന പ്രീമിയം തുണി

പരുത്തിച്ചെടിയുടെ നാരുകളിൽ നിന്ന് നിർമ്മിക്കുന്ന കോട്ടണിൽ നിന്ന് വ്യത്യസ്തമായി ഫ്‌ളാക്‌സ് സസ്യത്തിന്റെ നാരുകളിൽ നിന്നാണ് ലിനൻ ഉത്പാദിപ്പിക്കുന്നത്. ഫ്‌ളാക്‌സ് നാരുകളുടെ ഉത്പാദനം പരിമിതമായതിനാലും, നാരുകളെടുക്കുന്നതും സംസ്‌കരിക്കുന്നതും നെയ്യുന്നതും ഏറെ അധ്വാനവും ചെലവും ഏറിയ പ്രക്രിയയായതിനാലുമാണ് ലിനന് സാധാരണ തുണികളേക്കാൾ വില കൂടുതലാകുന്നത്.

പൊതുവെ സമ്പന്നർ ഉപയോഗിക്കുന്ന ഒരു പ്രീമിയം തുണിയായാണ് ലിനൻ കണക്കാക്കപ്പെടുന്നത്. 'ഞാനൊരു പെറ്റി ബൂർഷ്വാ ആയതിനാൽ ഒരു ലിനൻ ഷർട്ട് പ്രത്യേക സാഹചര്യത്തിൽ വാങ്ങിയത് ഗുരുതരമായ രാഷ്ട്രീയ വ്യതിയാനമല്ലെന്ന് സ്വയം പറഞ്ഞ് സമാധാനിച്ചാണ് ഇന്നലെ ആ ഷർട്ടുമിട്ട് പുറത്തിറങ്ങിയത്,' എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പുതിയ കറുത്ത ലിനൻ ഷർട്ടണിഞ്ഞ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ നിരവധിയാളുകളാണ് രസകരമായ ഈ കുറിപ്പിന് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്.

Content Highlights: Personal anecdote by Dr. B. Iqbal regarding the purchase of a linen shirt., Witty commentary on the shift in political targets from Tata-Birla to Adani-Ambani., Insight into the historical and cultural perception of linen as a premium fabric., Humorous take on the 'petty bourgeois' guilt associated with luxury clothing choices.