ഹാരി രാജകുമാരനും മേഗൻ മെർക്കലും പിരിയുന്നോ? അഭ്യൂഹങ്ങൾക്കിടയിൽ ഡോക്യുമെൻ്ററിയെത്തുന്നു

ബ്രിട്ടീഷ് രാജകുടുംബത്തെയൊന്നാകെ പിടിച്ചുലച്ച പ്രണയവും വിവാഹവും.. രണ്ട് വർഷങ്ങൾക്കുള്ളിൽ രാജക്കൊട്ടാരം ഉപേക്ഷിച്ച് പടിയിറക്കം.. പിന്നാലെ കൊട്ടാരത്തിലുള്ളവർക്കെതിരായി കടുത്ത വിമർശനങ്ങൾ.. ഹാരി രാജകുമാരനും മേഗൻ മെർക്കലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി വാർത്തകളിൽ സ്ഥിരമായി ഇടംപിടിക്കാറുണ്ട്. സംഭവബഹുലമായ ജീവിത കഥയ്ക്ക് ആരാധകരും അനവധിയാണ്. എന്നാൽ ഇരുവരും പിരിയുന്നതായുള്ള വാർത്തകളാണ് കഴിഞ്ഞ കുറച്ചു നാളുകളായി പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ ഇരുവരുടെയും ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഡോക്യുമെൻ്ററി അടുത്ത മാസം ജർമ്മനിയിൽ റിലീസ് ചെയ്യുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്.
അവാർഡ് ജേതാവായ ചലച്ചിത്ര നിർമ്മാതാവ് ഉൾറിക്ക് ഗ്രുൺവാൾഡ് ആണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. കാലിഫോർണിയൻ പട്ടണമായ മോണ്ടെസിറ്റോയിലെത്തിയാണ് ഇരുവരുടെയും ജീവിതം ഗ്രുൺവാൾഡ് പകർത്തിയത്. രാജകീയ ജീവിതത്തിൽ നിന്നും ചുമതലകളിൽ നിന്നും പിന്തിരിഞ്ഞ ശേഷമുള്ള ദമ്പതികളുടെ ജീവിതത്തെയാണ് ഡോക്യുമെൻ്ററി അടയാളപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഹാരിയുടെയും മേഗൻ്റെയും സ്വതന്ത്ര ജീവിതം നയിക്കാനുള്ള തീരുമാനം എങ്ങനെ പ്രവർത്തിയിൽ വന്നുവെന്നത് മനസിലാക്കുന്നതിൽ താത്പര്യമുണ്ടായിരുന്നുവെന്നും നാല് വർഷത്തിന് ശേഷമുള്ള ഫലങ്ങൾ സമ്മിശ്രമായിട്ടാണ് അനുഭവപ്പെടുന്നതെന്നും ഗ്രുൺവാൾഡ് അഭിപ്രായപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അഞ്ചു വർഷങ്ങൾക്ക് മുമ്പായിരുന്നു ഇരുവരും രാജകൊട്ടാരം ഉപേക്ഷിച്ച് കാലിഫോർണിയയിലേക്ക് താമസം മാറിയത്. മേഗൻ രാജകുടുംബത്തിൽ നേരിട്ട വിവേചനങ്ങളെ തുടർന്നായിരുന്നു തീരുമാനമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പിന്നാലെ ഇതിനെ സമർത്ഥിക്കുന്ന തരത്തിൽ രാജകുടുംബത്തിനെതിരെ ഹാരി രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. മേഗനുവേണ്ടി രാജകൊട്ടാരം തന്നെ ഉപേക്ഷിക്കാൻ തയറായ ഹാരിയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ട്ടപ്പെട്ടപ്പോൾ ഹാരി നൽകിയ കരുത്തിനെ കുറിച്ചുമുള്‍പ്പെടെ വാതോരാതെ സംസാരിച്ചിരുന്ന മേഗനും സന്തോഷത്തോടെയുള്ള ജീവിതം നയിക്കുന്നുവെന്ന് തന്നെയായിരുന്നു എല്ലാവരും ചിന്തിച്ചിരുന്നത്.
എന്നാൽ ഇരുവരും ഇപ്പോൾ പിരിയുന്നുവെന്നതരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കുറച്ച് കാലങ്ങളായി ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയാണെന്നും ബ്രിട്ടീഷ് ടാബ്ലോയിഡുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ഉയരുന്ന ഒരുപാട് അഭ്യൂഹങ്ങള്‍ക്കിടെയാണ് ഡോക്യുമെന്ററി എത്തുന്നതെന്നതിനാല്‍ ആകാംഷയിലാണ് പലരും.
Content Highlights: documentary on Prince Harry and Meghan Markle