കസിനെയാണ് വിവാഹം ചെയ്തതെന്ന് പ്രകാശ്, അമ്പരന്ന് സോഷ്യല്‍ മീഡിയ; തെന്നിന്ത്യയില്‍ സാധാരണമെന്ന് മറുപടി

തെന്നിന്ത്യയില്‍ ജനിച്ച് ബോളിവുഡില്‍ സ്വന്തമായി മേല്‍വിലാസമുണ്ടാക്കിയ നടിയാണ് ദീപിക പദുകോണ്‍. കര്‍ണാടകക്കാരിയായ ദീപിക മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തുന്നത്. ഷാരൂഖ് ഖാന്റെ നായികയായി ഓം ശാന്തി ഓമില്‍ ആയിരുന്നു അരങ്ങേറ്റം. ചിത്രം വലിയ വിജയമായി. ദീപികയെ തേടി ഒരുപാട് അവസരങ്ങളുമെത്തി.
ജീവിതപങ്കാളിയേയും സിനിമാമേഖലയില്‍ നിന്നാണ് ദീപിക കണ്ടെത്തിയത്. നടന്‍ രണ്‍വീര്‍ സിങ്ങാണ് ഭര്‍ത്താവ്. അടുത്തിടെ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. ദുആ പദുകോണ്‍ സിങ്ങ് എന്ന് പേരിട്ട കുഞ്ഞിന്റെ കുഞ്ഞിക്കാലുകളുടെ ചിത്രങ്ങള്‍ ദീപിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
ജീവിതത്തിലേക്ക് പുതിയൊരതിഥി വന്നതിന്റെ സന്തോഷത്തിലാണ് ദീപികയുടെ കുടുംബവും. അച്ഛനും ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഇതിഹാസവുമായ പ്രകാശ് പദുകോണും ഭാര്യ ഉജ്ജ്വല പദുകോണും പേരക്കുട്ടിക്കൊപ്പം സമയം ചെലവഴിക്കാനാണ് ഇപ്പോള്‍ ഇഷ്ടപ്പെടുന്നത്.
ഇതിനോടൊപ്പം പ്രകാശിന്റെ പഴയൊരു അഭിമുഖത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. തന്റേയും ഉജ്ജ്വലയുടേയും വിവാഹത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. തന്റെ സെക്കന്റ് കസിനാണ് ഉജ്ജ്വലയെന്നും വിവാഹത്തിനുശേഷം കോപ്പന്‍ഹേഗനിലേക്ക് പോയെന്നും പ്രകാശ് പറയുന്നു. ദീപിക ജനിച്ചത് കോപ്പന്‍ഹേഗനിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ഇത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ബന്ധുവായ ഉജ്ജ്വലയെയാണ് പ്രകാശ് വിവാഹം കഴിച്ചതെന്ന് പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. സഹോദരിയായി കാണേണ്ട വ്യക്തിയെ എങ്ങനെയാണ് വിവാഹം കഴിക്കുക എന്നാണ് ആളുകള്‍ ചോദിക്കുന്നത്. ഇതിന് ചിലര്‍ മറുപടിയും നല്‍കിയിട്ടുണ്ട്. ഇതൊരു പുതിയ സംഭവമല്ലെന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാധാരണമാണെന്നുമാണ് മറുപടി. അച്ഛന്റെ സഹോദരിയുടെ മക്കളെ വിവാഹം കഴിക്കാറുണ്ടെന്നും തമിഴ്‌നാട്ടില്‍ സ്വന്തം അമ്മാവന്‍മാരെ പെണ്‍കുട്ടികള്‍ വിവാഹം കഴിക്കാറുണ്ടെന്നും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്. സ്വത്തുക്കള്‍ കുടുംബം വിട്ടു പോവാതിരിക്കാനാണ് ഇത്തരത്തിലുള്ള വിവാഹമെന്നും ഇപ്പോള്‍ ഈ പ്രവണത കുറഞ്ഞിട്ടുണ്ടെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: deepika padukones parents prakash and ujjala are cousins