'ഹാരിയുമായുള്ള വിവാഹനിശ്ചയത്തിന് വിക്ടോറിയ ബെക്കാമിനോട് മേഗൻ വസ്ത്രങ്ങൾ സൗജന്യമായി ചോദിച്ചു'

മേഗന്‍ മെര്‍ക്കല്‍/ വിക്ടോറിയ ബെക്കാം ഡേവിഡ് ബെക്കാമിനൊപ്പം | Photo: instagram/ meghan markle/ victoria
മേഗന്‍ മെര്‍ക്കല്‍/ വിക്ടോറിയ ബെക്കാം ഡേവിഡ് ബെക്കാമിനൊപ്പം | Photo: instagram/ meghan markle/ victoria

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാരന്‍ ഹാരി രാജകുമാരനെ വിവാഹം ചെയ്തതു മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് അമേരിക്കന്‍ നടിയായിരുന്ന മേഗന്‍ മെര്‍ക്കല്‍. വിവാഹത്തിന് ശേഷം ഓപ്ര വിന്‍ഫ്രിക്ക് മേഗന്‍ നല്‍കിയ അഭിമുഖവും ചര്‍ച്ചയായിരുന്നു. കൊട്ടാരത്തിനുള്ളില്‍ വംശീയാധിക്ഷേപം നേരിട്ടെന്നും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്നും മേഗന്‍ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ മേഗനുമായി ബന്ധപ്പെട്ട കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഒരു പുസ്തകം പുറത്തിറങ്ങിയിരിക്കുകയാണ്. ഹാരിയുമായുള്ള വിവാഹനിശ്ചയത്തിനായി ഗായികയും ഫാഷന്‍ ഡിസൈനറുമായ വിക്ടോറിയ ബെക്കാമിനോട് വസ്ത്രങ്ങളും ഹാന്‍ഡ്ബാഗും സൗജന്യമായി നല്‍കാന്‍ മേഗന്‍ ആവശ്യപ്പെട്ടുവെന്നാണ് പുസ്തകത്തില്‍ പറയുന്നത്. ബക്കിങ്ഹാം കൊട്ടാരം അധികൃതര്‍ ഇക്കാര്യത്തില്‍ ഇടപെട്ടുവെന്നും രാജകുടുംബത്തിന്റെ നിയമങ്ങള്‍ക്ക് ഇത്തരം അഭ്യര്‍ഥനകള്‍ എതിരാണെന്ന് വ്യക്തമാക്കിയെന്നും പുസ്തകത്തില്‍ പറയുന്നു. 

സെലിബ്രിറ്റി ബയോഗ്രാഫറായ ടോം ബൊവേഴ്‌സിന്റെ 'ദി ഹൗസ് ഓഫ് ബെക്കാം: മണി, സെക്‌സ് ആന്റ് പവര്‍' എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഒരു ഫാഷന്‍ ഫോട്ടോഷൂട്ടിനായി വാങ്ങിയ ഇറ്റാലിയന്‍ ആഡംബര ഫാഷന്‍ ഹൗസായ അക്വാസ്യൂറയുടെ ഷൂസ് മേഗന്‍ തിരിച്ചുനല്‍കിയില്ലെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു.

ഒരിക്കല്‍ വിക്ടോറിയയും മേ​ഗനും തമ്മില്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. മേഗന്‍ ലണ്ടനിലെത്തുമ്പോള്‍ ബെക്കാമിന്റെ ബെവര്‍ലി ഹില്‍സിലെ വീട്ടില്‍ താമസിക്കാറുണ്ടായിരുന്നുവെന്നും മേഗന് മേക്കപ്പ് ചെയ്തുകൊടുത്തിരുന്നതും ബ്യൂട്ടി ടിപ്‌സ് നല്‍കിയിരുന്നതും വിക്ടോറിയയുടെ ടീമായിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.  എന്നാല്‍ പിന്നീട് ഇരുവരുടേയും സൗഹൃദത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു. 

രാജകൊട്ടാരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ താന്‍ വഴി വിക്ടോറിയ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് മേഗന്‍ ആ ബന്ധം അവസാനിപ്പിച്ചത്. ഇക്കാര്യം ഹാരി രാജകുമാരന്‍ ഡേവിഡ് ബെക്കാമിനോട് പരാതിപ്പെടുകയും ചെയ്തു. ഇക്കാര്യങ്ങള്‍ നിഷേധിച്ച വിക്ടോറിയ തന്റെ ടീമിലെ ഏതെങ്കിലും ഒരു ബ്യൂട്ടീഷനായിരിക്കും വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നും വ്യക്തമാക്കി. 

2018-ല്‍ നടന്ന മേഗന്റേയും ഹാരിയുടേയും വിവാഹത്തിന് ബെക്കാം കുടുംബത്തെ ക്ഷണിച്ചിരുന്നു. എന്നാല്‍ സെലിബ്രിറ്റികള്‍ ഉള്‍പ്പെട്ട സ്‌പെഷ്യല്‍ ഡിന്നറില്‍ നിന്ന് ഇവരെ ഒഴിവാക്കി. അപമാനിക്കപ്പെട്ടതുപോലെയാണ് അന്ന് വിക്ടോറിയ ബെക്കാമിന് തോന്നിയതെന്നും പുസ്തകത്തിലുണ്ട്. 2022-ല്‍ പാം ബീച്ചില്‍ നടന്ന ബ്രൂക്ക്‌ലിന്‍ ബെക്കാമിന്റെ വിവാഹത്തിന് ഹാരിയേയും മേഗനേയും ഡേവിഡ് ബെക്കാമും വിക്ടോറിയയും ക്ഷണിച്ചതുമില്ല. 

Content Highlights: a complex relationship between meghan markle and victoria beckham who were once close friends