ബിയര്‍ നിറച്ച ബാത് ടബ്ബില്‍ കുളി, കുടിക്കാനായി ടാപ്പില്‍ വരുന്ന ബിയറും; തരംഗമായി ബിയര്‍ സ്പാ

ബിയര്‍ സ്പാ | Photo: instagram/ beerspabernard.prague
ബിയര്‍ സ്പാ | Photo: instagram/ beerspabernard.prague

കുടിക്കാനുപയോഗിക്കുന്ന ബിയറില്‍ കുളിക്കുന്നതിനെ കുറിച്ച് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? അങ്ങനെയൊരു സംഭവം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. നമ്മള്‍ക്ക് അത്ര പരിചിതമല്ലാത്ത ആ കുളിയുടെ പേര് 'ബിയര്‍ സ്പാ' എന്നാണ്. ബ്രിട്ടന്‍, ചെക്ക് റിപ്പബ്ലിക്ക്, അമേരിക്ക, ഹംഗറി, ഓസ്ട്രിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഈ സംവിധാനമുണ്ട്.

ഒരു ചെറിയ പാത്രത്തില്‍ ബിയറെടുത്ത് അത് കോരിയൊഴിച്ച് കുളിക്കുന്നതാണ് ബിയര്‍ സ്പാ എന്ന് കരുതേണ്ട. നമ്മുടെ ശരീരം ബിയറില്‍ മുക്കിവെയ്ക്കുന്ന രീതിയാണ് ഈ കുളി. ബാത് ടബ്ബില്‍ ബിയര്‍ നിറയെ ഒഴിച്ച് അതില്‍ നമുക്ക് കിടക്കാം. ബിക്കിനിയോ സ്വിം സ്യൂട്ടോ ധരിച്ചാണ് സ്ത്രീകള്‍ ടബ്ബിലേക്കിറങ്ങുക. നഗ്നരായി കുളിക്കാനിറങ്ങുന്നവരുമുണ്ട്. ചില സ്ഥലങ്ങളില്‍ ഈ ബാത് ടബ്ബിനടുത്തായി ടാപ്പും വെച്ചിട്ടുണ്ടാകും. അതില്‍ നിന്ന് നമുക്ക് യഥേഷ്ടം ബിയറും കുടിക്കാം. ഏറ്റവും കുറഞ്ഞത് പതിനായിരം രൂപയെങ്കിലും ഇതിനായി നമ്മള്‍ മുടയ്ക്കണം.

ഇതുകൊണ്ട് നമ്മുടെ ശരീരത്തിന് പല ഗുണങ്ങളുമുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ബിയറിലെ യീസ്റ്റ്, ബാര്‍ലി തുടങ്ങിയ ഘടകങ്ങള്‍ കൂടുതല്‍ ആരോഗ്യം നല്‍കും. ചര്‍മത്തെ ജലാംശമുള്ളതാക്കി മാറ്റും. മാനസികമായും ശാരീരികമായും ഉന്മേഷം ലഭിക്കാന്‍ ഈ കുളി സഹായിക്കും. ബിയറില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി മുടിയിലെ താരനെ പ്രതിരോധിക്കും. 

കിഴക്കന്‍ യൂറോപ്പില്‍ എഡി 921 മുതല്‍ ബിയര്‍ സ്പായ്ക്ക് സമാനമായ മറ്റു സംവിധാനങ്ങളുണ്ടായിരുന്നു. ഡ്യൂക്ക് ഓഫ് ബൊഹേമിയ ഈ ബിയര്‍ കുളി ആസ്വദിച്ചിരുന്നതായും പ്രാഗിലാണ് ഇത് ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പിന്നീടാണ് അമേരിക്കയിലേയും ബ്രിട്ടനിലേയും വിവിധ സ്ഥലങ്ങളിലേക്ക് ഇത് വ്യാപിച്ചത്. 


 

Content Highlights: beer spa is a viral wellness trend in europe