12 വര്‍ഷത്തെ ഡേറ്റിങ്ങിനുശേഷം വിവാഹിതരായി ബാര്‍ബി സംവിധായിക ഗ്രെറ്റയും സംവിധായകന്‍ ബൊംബാക്കും

12 വര്‍ഷത്തെ ഡേറ്റിങ്ങിന് ശേഷം ബാര്‍ബി സംവിധായിക ഗ്രെറ്റ ഗെര്‍വിഗും സംവിധായകനും തിരക്കഥാകൃത്തുമായ നോഹ് ബൊംബാക്കും വിവാഹിതരായി. ന്യൂയോര്‍ക്കിലെ സിറഅറി ഹാളില്‍ നടന്ന സ്വകാര്യ ചടങ്ങിലാണ് 40-കാരിയായ ഗ്രേറ്റയും 54-കാരനായ ബൊംബാക്കും ഔദ്യോഗികമായി ഒന്നിച്ചത്.
പ്ലീറ്റുകളുള്ള ഐവറി നിറത്തിലുള്ള സ്‌കര്‍ട്ടും വെള്ള സ്‌കൂപ്പ് നെക്ക് ടോപ്പും ഓവര്‍സൈസ്ഡ് വെള്ള ബ്ലെയ്‌സറുമായിരുന്നു ഗ്രേറ്റയുടെ വിവാഹവേഷം. കടുംനീല നിറത്തിലുള്ള സ്യൂട്ടായിരുന്നു ബൊംബാക്കിന്റെ ഔട്ട്ഫിറ്റ്.
2011-ല്‍, നോഹ് സംവിധാനം ചെയ്ത ഗ്രീന്‍ബെര്‍ഗ് എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് ഫ്രാന്‍സെസ് ഹാ, മിസ്ട്രസ് അമേരിക്ക, വൈറ്റ് നോയ്‌സ്, ബാര്‍ബി എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുകയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
2019 മാര്‍ച്ചില്‍ ഇരുവര്‍ക്കും ആദ്യ കുഞ്ഞ് ജനിച്ചു. 2023 ഫെബ്രുവരിയില്‍ ഗ്രേറ്റ രണ്ടാമത്തെ മകന് ജന്മം നല്‍കി. ബൊംബാക്കിന്റെ രണ്ടാമത്തെ വിവാഹമാണിത്. നടി ജെന്നിഫര്‍ ജേസണ്‍ ലെയ്ഗുമായുള്ള ആദ്യ വിവാഹത്തില്‍ ബൊംബാക്കിന് റോഹ്‌മെര്‍ എന്ന് പേരുള്ള ഒരു മകനുണ്ട്.
ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ ലഭിച്ച ഫ്രാന്‍സെസ് ഹായുടെ സംവിധായകന്‍ നോബ് ബൊംബാക്ക് ആയിരുന്നു. ഇതിന്റെ കഥയില്‍ ബൊംബാക്കിനൊപ്പം പങ്കാളിയായ ഗ്രേറ്റ ടൈറ്റില്‍ കഥാപാത്രമായി അഭിനയിക്കുകയും ചെയ്തു. ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയ ബാര്‍ബിയുടെ തിരക്കഥ ഗ്രേറ്റയും ബൊംബാക്കും ഒരുമിച്ചാണ് എഴുതിയത്.
Content Highlights: barbie director greta gerwig marries longtime boyfriend and director noah baumbach