വൈവിധ്യത്തെ ആഘോഷിക്കാം, ഓട്ടിസം എന്ന അവസ്ഥയുള്ള ബാർബി പാവയെത്തി

ന്യൂയോർക്ക്: മനുഷ്യരിലെ വൈവിധ്യത്തെ ആഘോഷിക്കുക എന്ന ഉദ്ദേശ്യത്തോടെ ഓട്ടിസം എന്ന അവസ്ഥയുള്ള ബാർബി പാവയെത്തി. ബാർബിയുടെ നിർമാതാക്കളായ യുഎസ് കമ്പനി മാറ്റ്ൽ തിങ്കളാഴ്ചയാണ് പുതിയ പാവയെ അവതരിപ്പിച്ചത്. ഡൗൺ സിൻഡ്രോം, കാഴ്ചപരിമിതി, വെള്ളപ്പാണ്ട് തുടങ്ങിയ അവസ്ഥകളുള്ള ബാർബിയെ മാറ്റ്ൽ മുൻപിറക്കിയിട്ടുണ്ട്.
ഓട്ടിസ്റ്റിക് സെൽഫ് അഡ്വക്കസി നെറ്റ്വർക്കുമായിച്ചേർന്ന് 18 മാസമെടുത്താണ് പുതിയ ബാർബിയെ രൂപകൽപ്പന ചെയ്തത്. ഓട്ടിസം എന്ന അവസ്ഥയുള്ളവരെല്ലാം കാഴ്ചയിൽ ഒരേപോലെയല്ല. ചിലരിൽ ഈ അവസ്ഥ ശാരീരപ്രകൃതിയിൽ പ്രകടമാകില്ല. അതിനാൽ, ഓട്ടിസമുള്ളവരുടെ ചില പ്രത്യേകതകൾ ഉൾക്കൊള്ളിച്ചാണ് പാവയുടെ നിർമിതി. കണ്ണ്, കൈമുട്ട്, കൈത്തണ്ട തുടങ്ങിയവയുടെ രൂപകല്പനയിൽ ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയെന്ന് സന്നദ്ധസംഘടനയുടെ പ്രതിനിധി നൂർ പർവേസ് പറഞ്ഞു. സംസാരിക്കാൻ പ്രയാസപ്പെടുന്ന ഓട്ടിസം ബാധിതരിൽ ചിലർ ആശയവിനിമയത്തിന് ഉപയോഗിക്കുന്നതിനാൽ പിങ്ക് ടാബ്ലെറ്റും കൈയിൽ നൽകി. യുഎസിലിറങ്ങിയ പാവയൊന്നിന് 11.87 ഡോളറാണ് (1070 രൂപ) വില.
എന്താണ് ഓട്ടിസം?
മസ്തിഷ്കവികാസത്തിലെ ഒരു തകരാറായി ഓട്ടിസത്തെ കണക്കാക്കാം. ഇതിൽ ഓട്ടിസ്റ്റിക്ക് ഡിസോർഡർ, ആസ്പെർഗർ സിൻഡ്രോം, റെറ്റ് സിൻഡ്രോം, Not otherwise specified (PDD-NOS) എന്നിങ്ങനെ പല അവസ്ഥകൾ ഉൾപ്പെട്ടിരിക്കുന്നു. പൊതുവേ കുട്ടിക്കാലത്ത് തന്നെ ഓട്ടിസം സ്ഥിരീകരിക്കപ്പെടാറുണ്ടെങ്കിലും മുതിർന്നതിനു ശേഷം മാത്രം സ്ഥിരീകരിക്കപ്പെടുന്ന അവസ്ഥകളും കുറവല്ല. പലരിലും ജീവിതത്തെ അസ്വസ്ഥപ്പെടുത്തുന്ന രീതിയിൽ തുടർന്നിരുന്ന ശീലങ്ങളും പെരുമാറ്റവുമെല്ലാം ഓട്ടിസത്തിന്റേതാണെന്ന് വൈകി തിരിച്ചറിഞ്ഞിട്ടുള്ളവരുമുണ്ട്. സാമൂഹികപരമായി ഇടപഴകുന്നതിനുള്ള ബുദ്ധിമുട്ട്, ആവർത്തിക്കുന്ന പെരുമാറ്റങ്ങൾ തുടങ്ങി കുട്ടിക്കാലത്തെ ലക്ഷണങ്ങളിൽ പലതും തന്നെയാണ് മുതിർന്നവരിലും പ്രകടമാവുന്നത്. പെരുമാറ്റം, ശീലങ്ങൾ, താൽപര്യങ്ങൾ തുടങ്ങിയവ സസൂക്ഷ്മം നിരീക്ഷിച്ചാണ് വിദഗ്ധർ രോഗനിർണയത്തിലെത്തുക.
Content Highlights: Mattel introduces a new Barbie designed for the autism community, celebrating neurodiversity and inclusivity.