കോൾഡ് പ്ലേ ‘കിസ് കാം’; വിവാഹമോചനത്തിൽ കലാശിച്ചാൽ ബൈറൺ ഭാര്യക്ക് നൽകേണ്ടത് കോടികൾ, റിപ്പോർട്ട്

കോൾഡ് പ്ലേയുടെ സംഗീതപരിപാടിക്കിടെ ആസ്‌ട്രോണമർ മുൻ സിഇഒ ആൻഡി ബൈറണും സഹപ്രവർത്തക ക്രിസ്റ്റിൻ കാബോട്ടും ലൈവ് ക്യാമറയിൽ കുടുങ്ങിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ ഇരുവരും പിടിവിട്ട് ഓടിയൊളിക്കുന്ന ദൃശ്യവും സാമൂഹികമാധ്യമങ്ങളിൽ വൈറലായി. പിന്നാലെ, ക്രിസ്റ്റിൻ കാബോട്ടുമായി രണ്ടുകുട്ടികളുടെ അച്ഛൻ കൂടിയായ ബൈറൺ വിവാഹേതരബന്ധത്തിലാണെന്ന ആരോപണം ശക്തമായി.
അതിനിടെയാണ്, ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്ന് ബൈറണിന്റെ പേര് നീക്കിക്കൊണ്ട് ആന്‍ഡി ബൈറണിന്റെ ഭാര്യ മേഗന്‍ കെറിഗന്‍ രംഗത്തെത്തുന്നത്. പിന്നാലെ, ബൈറണിനെ ഡിവോഴ്‌സ് ചെയ്യൂ എന്നും നഷ്ടപരിഹാരം വാങ്ങിക്കൂ എന്നുമെല്ലാം ആളുകള്‍ കമന്റ് ചെയ്തു. ഇതോടെ, മേഗന്‍ അക്കൗണ്ട് ഡീആക്ടീവേറ്റ് ആക്കുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ, വിവാഹബന്ധം വേർപ്പെടുത്തണമെന്ന തീരുമാനത്തിലേക്ക് മേഗന്‍ കെറിഗന്‍ എത്തിയാൽ അവർക്ക് ബൈറൺ എത്ര തുക ജീവനാംശം നൽകേണ്ടി വരുമെന്നതാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.
ബൈറണിന്റെ സ്വത്തിന്റെ പകുതി മേഗന്‍ അവകാശപ്പെട്ടതാണെന്നാണ് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് ദ ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. 20 മുതൽ 70 ദശലക്ഷം ഡോളറോളമാണ് ബൈറണിന്റെ സ്വത്ത് കണക്കാക്കിയിരിക്കുന്നത്. ഈ സ്വത്തിന്റെ പകുതി നിയമപരമായി മുന്നോട്ട് പോയാൽ മേഗന്‍ ലഭിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഏഴ് വർഷത്തിൽ കൂടുതൽ വിവാഹിതരായ ദമ്പതികൾ ഒരുമിച്ച് നേടിയ ഏത് സ്വത്തും രണ്ടായി വിഭജിക്കണമെന്നാണ് നിയമത്തിൽ പറയുന്നത്.
അതേസമയം, ക്രിസ്റ്റിൻ കാബോട്ടിന്റെ കാര്യത്തിൽ നിയമപരമായ ഈ കുരുക്ക് ഉണ്ടാവില്ല. അവരും ഭർത്താവ് ആൻഡ്രൂ കാബോട്ടും താരതമ്യേന കുറഞ്ഞ കാലം മാത്രമേ ഒരുമിച്ച് ജീവിച്ചിട്ടുള്ളൂ. അതിനാൽ, വിവാഹമോചനമുണ്ടായാൽ അവർക്ക് സമാനമായ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരില്ലെന്നും ദ ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നേരത്തെ, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആദ്യഭാര്യ മക്കെന്‍സി സ്‌കോട്ടുമായുള്ള വിവാഹമോചനത്തോടനുബന്ധിച്ച് 3,560 കോടി ജീവനാംശമായി നൽകിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
Content Highlights: Here's How Much Andy Byron's Wife Could Get In Divorce After Coldplay Kiss Cam Scandal