ഭാര്യയുമായി 25 വയസ്സിന്റെ പ്രായവ്യത്യാസം; നെഗറ്റീവ് കമന്റുകള്‍ക്ക് മറുപടിയുമായി അർബാസ് ഖാൻ

അർബാസ് ഖാനും ഷുറാഖാനും | Photos: nstagram.com/arbaazkhanofficial/
അർബാസ് ഖാനും ഷുറാഖാനും | Photos: nstagram.com/arbaazkhanofficial/

ഇക്കഴിഞ്ഞ ‍ഡിസംബറിലാണ് ബോളിവുഡ‍് താരം അർബാസ് ഖാനും മേക്കപ്പ് ആർട്ടിസ്റ്റ് ഷുറാഖാനും തമ്മിലുള്ള വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. വിവാഹചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഇരുവരുടേയും പ്രായവ്യത്യാസത്തേച്ചൊല്ലിയുള്ള നെ​ഗറ്റീവ് കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ അത്തരം കമന്റുകൾക്കുള്ള മറുപടിയുമായി അർബാസ് തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്.

അർബാസ് ഖാന് 56 ഉം ഷുറയ്ക്ക് 31 വയസ്സുമാണ് പ്രായം. ഇരുപത്തിയഞ്ചുവയസ്സ് പ്രായവ്യത്യാസത്തേക്കുറിച്ചുള്ള നെ​ഗറ്റീവ് കമന്റുകാർക്കാണ് അർബാസ് മറുപടി നൽകിയിരിക്കുന്നത്. തന്റെ ഭാര്യ ചെറുപ്പമാണ്,എന്നാൽ അവൾക്ക് 16 വയസ്സല്ല. ജീവിതത്തിൽ എന്താണ് വേണ്ടതെന്ന് തനിക്കും അവൾക്കും വ്യക്തമായി അറിയാമെന്നാണ്  അർബാസ് പറഞ്ഞത്. 

''ഞങ്ങൾ പരസ്പരം എന്താണ് ആഗ്രഹിക്കുന്നത്, എന്താണ് ഞങ്ങൾക്ക് വേണ്ടത്, എങ്ങനെയാണ് ഭാവിയെ നോക്കികാണുന്നത് എന്നിവയെക്കുറിച്ചൊക്കെ മനസ്സിലാക്കാന്‍  ഒരുമിച്ചുണ്ടായിരുന്ന ഒരുവർഷം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. അതൊന്നും പെട്ടെന്നെടുക്കാൻ പറ്റിയ തീരുമാനങ്ങളല്ല''-അർബാസ് പറഞ്ഞു.

 പ്രായവ്യത്യാസം കൂടുതലുള്ളവർ തമ്മിലുള്ള വിവാഹത്തിനാണ് വിജയ സാധ്യത കൂടുതലെന്നും അർബാസ് പറഞ്ഞു. ഒരേ പ്രായമുള്ള രണ്ടു പേർ തമ്മിൽ ഒരുമിച്ചുജീവിക്കാം, ചിലപ്പോൾ അതേ വർഷം തന്നെ വേർപിരിയാം. പ്രായമാണോ ഒരു ബന്ധത്തെ മുമ്പോട്ട് കൊണ്ട് പോകുന്നത്?  പ്രായവ്യത്യാസം കൂടുതലുള്ളവർ തമ്മിലുള്ള വിവാഹം നോക്കൂ, അതിന് വിജയസാധ്യത കൂടുതൽ ആയിരിക്കും. സ്‌നേഹം, ബഹുമാനം,പ്രതിബദ്ധത എന്നിവ പരസ്പരം നൽകാൻ തങ്ങള്‍ തയ്യാറായിരുന്നുവെന്നും അതിനപ്പുറം മറ്റൊന്നും ബാധകമല്ലായിരുന്നുവെന്നും അർബാസ് കൂട്ടിച്ചേർത്തു.

അർബാസിന്റെ രണ്ടാം വിവാഹമാണിത്. നടി മലൈക അറോറയായിരുന്നു നടന്റെ ആദ്യഭാര്യ. 1998-ലായിരുന്നു ഇരുവരും വിവാഹിതരായത്. 2017-ൽ വേർപിരിഞ്ഞു. ഇവർക്ക് അർഹാൻ എന്നൊരു മകനുമുണ്ട്. പിതാവിന്റെ നിക്കാഹിൽ അർഹാനും പങ്കെടുത്തിരുന്നു. 

Content Highlights: arbaaz khan addresses 25 year age gap between him and wife shura