അവിഹിത ബന്ധങ്ങളുണ്ട്, വിരസതയടക്കം പ്രശ്നമാകുന്നു; ബോളിവുഡ് താരങ്ങളുടെ ജീവിതത്തെപ്പറ്റി അഭിഭാഷക

ബോളിവുഡിൽ നടക്കുന്ന വിവാഹമോചനങ്ങളെക്കുറിച്ച് പ്രശസ്ത അഭിഭാഷകയായ വന്ദനാ ഷാ ഒരു അഭിമുഖത്തിൽ സംസാരിക്കുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. ബോളിവുഡിൽ നടക്കുന്ന ദാമ്പത്യ തകർച്ചകൾക്ക് കാരണം വിരസതയാണെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. ബോളിവുഡിൽ അവിഹിതമുണ്ടെന്നും അവർ പറഞ്ഞു. വിവാഹമോചനക്കേസിൽ സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ ഭാര്യ സൈറാ ബാനുവിന്റെ അഭിഭാഷകകൂടിയാണ് വന്ദനാ ഷാ.
ബോളിവുഡിൽ എന്തുകൊണ്ട് വിവാഹമോചനങ്ങൾ വർധിക്കുന്നു എന്നാണ് വന്ദനാ ഷാ സംസാരിക്കുന്നത്. എന്നാൽ ഇത് റഹ്മാന്റെയും സൈറയുടേയും വിവാഹമോചനത്തെ അടിസ്ഥാനമാക്കിയല്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ബോളിവുഡ് താരങ്ങളുടെ ജീവിതം വ്യത്യസ്തമാണെന്ന് വന്ദനാ ഷാ അഭിപ്രായപ്പെടുന്നു. ദാമ്പത്യത്തിലെ ഒരുപാട് തകർച്ചകൾക്ക് കാരണം വിശ്വാസവഞ്ചനയാണെന്ന് കരുതുന്നില്ല. ദാമ്പത്യ ജീവിതത്തിലെ വിരസതയാണ് അതിന് കാരണം. നിങ്ങൾക്കത് കാണാനാവും. അവർ ഒരു ബന്ധത്തിൽനിന്ന് മറ്റൊന്നിലേക്ക് മാറുന്നത് ഈ വിരസത കാരണമാണ്. ബോളിവുഡ് താരങ്ങൾക്കിടയിലും അതിസമ്പന്ന കുടുംബങ്ങളിലും ഇത് കാണാനാവുമെന്നും വന്ദനാ ഷാ പറഞ്ഞു.
"രണ്ടാമതായി ബോളിവുഡ് പ്രമുഖർ നയിക്കുന്നത് വളരെ വ്യത്യസ്തമായ ലൈംഗിക ജീവിതമാണ്. ഒരു സാധാരണക്കാരൻ വിവാഹംകഴിക്കുമ്പോൾ ചിന്തിക്കുന്ന ലൈംഗിക ജീവിതത്തേക്കാൾ അപ്പുറത്തായിരിക്കും അവർ പ്രതീക്ഷിക്കുക. മൂന്നാമതായി അവർക്കിടയിൽ അവിഹിത ബന്ധങ്ങളുമുണ്ട്. ഞാൻ ബോളിവുഡിന്റെ ഭാഗമല്ല. മറിച്ച് എനിക്കുവന്ന കേസുകളുടെ വെളിച്ചത്തിലാണിത് പറയുന്നത്. വിരസത, വേണ്ടത്ര പ്രാധാന്യം നൽകാതിരിക്കൽ, അല്ലെങ്കിൽ വിവാഹത്തിൻ്റെ ഭാഗമല്ലാത്ത മറ്റുള്ളവരെ ശ്രദ്ധിക്കുക എന്നിവയാണ് ബോളിവുഡിലെ ദാമ്പത്യ തകർച്ചയ്ക്ക് കാരണമായ പ്രധാന പ്രശ്നങ്ങൾ." അവർ പറഞ്ഞു.
ഓരോ നീണ്ട ദാമ്പത്യവും ഉയർച്ച താഴ്ചകളിലൂടെ കടന്നുപോകുന്നുവെന്നാണ് റഹ്മാൻ-സൈറ ബാനു കേസിനേക്കുറിച്ച് വന്ദനാ ഷാ നേരത്തെ പ്രസ്താവനയിലൂടെ പറഞ്ഞത്. ഒരു ദാമ്പത്യം അവസാനിച്ചിട്ടുണ്ടെങ്കിൽ, അത് മാന്യമായ രീതിയിൽ ചെയ്തതിൽ തനിക്ക് അതിയായ സന്തോഷമുണ്ട്. റഹ്മാനും സൈറയും ഇനിയും പരസ്പരം പിന്തുണയ്ക്കുമെന്നും വന്ദനാ ഷാ പറഞ്ഞിരുന്നു.
Content Highlights: Lawyer Vandana Shah reveals reasons behind increasing Bollywood divorces, citing boredom