'മോഹിനി ഡേയുടേയും റഹ്മാന്റെയും വിവാഹമോചനങ്ങള് തമ്മിൽ ബന്ധമില്ല'; അഭ്യൂഹങ്ങളിൽ പ്രതികരിച്ച് മക്കൾ

എ.ആർ. റഹ്മാന്റെയും സൈറ ബാനുവിന്റെയും വിവാഹമോചന പ്രഖ്യാപനത്തിനു പിന്നാലെ പലകോണിൽ നിന്നും പലതരത്തിലുള്ള അഭ്യൂഹങ്ങളും പടർന്നിരുന്നു. റഹ്മാനും സൈറയും തമ്മിൽ വേർപിരിയുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള വാർത്താകുറിപ്പിനു പിന്നാലെ റഹ്മാന്റെ മ്യൂസിക് സംഘത്തിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡേയും വിവാഹ മോചന പ്രഖ്യാപനം നടത്തിയിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിൽ വൻതോതിലുള്ള പ്രചാരണങ്ങൾക്കും അഭ്യൂഹങ്ങൾക്കും വഴിവെച്ചു. ഇതിനെതിരേയാണ് ഇപ്പാൾ റഹ്മാന്റെയും സൈറയുടേയും മക്കൾ തന്നെ രംഗത്തെത്തിയത്.
പ്രചരിക്കുന്നത് മൊത്തം അഭ്യൂഹങ്ങളാണെന്നും റഹ്മാന്റെയും മോഹിനി ഡേയുടേയും വിവാഹ മോചനം തമ്മിൽ യാതൊരു തരത്തിലുള്ള ബന്ധമില്ലെന്നാണ് റഹ്മാന്റെ മകൻ എആർ അമീൻ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കിയിട്ടത്. നേരത്തെ റഹ്മാന്റെയും സൈറയുടേയും മക്കളായ കദീജയും റഹീമ റഹ്മാനും അഭ്യൂഹങ്ങൾക്കെതിരേ രംഗത്തെത്തിയിരുന്നു.
റഹ്മാന്റെയും ഡേയുടേയും വിവാഹമോചനങ്ങൾ തമ്മിൽ ബന്ധമില്ലെന്നായിരുന്നു എ.ആർ. അമീൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 'എആർ റഹ്മാൻ ഒരു ഇതിഹാസ കലാകാരൻമാത്രമല്ല. ഏറ്റവും നല്ല സ്വഭാവത്തിനുടമയും ലോകസംഗീതത്തിനും കലയ്ക്ക് അമൂല്യ സംഭാവനകൾ ചെയ്ത വ്യക്തി കൂടിയാണ്. അങ്ങനെയുള്ള വ്യക്തിക്കെതിരേ നടത്തുന്ന അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങൾ മനസ്സ് മടുപ്പിക്കുന്നു. ഞാൻ അദ്ദേഹത്തോടൊപ്പം ശക്തമായ നിൽക്കുന്നു. ദശലക്ഷക്കണക്കിനു പേരെയാണ് അദ്ദേഹത്തിന്റെ പ്രവൃത്തികൾ പ്രചോദിപ്പിച്ചത്. ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ നിന്ന് എല്ലാവരും പിന്മാറണം. സത്യം എപ്പോഴും ജയിക്കും' എന്നായിരുന്നു അമീന്റെ സ്റ്റോറി. മോഹിനിഡേയുടേയും എ.ആർ. റഹ്മാന്റെയും വിവാഹമോചനങ്ങൾ തമ്മിൽ യാതൊരു തരത്തിലുള്ള ബന്ധമില്ലെന്നുള്ള വാർത്തയുടെ ലിങ്കും അമീൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
നേരത്തെ റഹ്മാന്റെയും സൈറയുടെയും മക്കളായ കദീജയും റഹീമയും അഭ്യൂഹങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നു. അഭ്യൂഹങ്ങൾ സൃഷ്ടിക്കുന്നത് ശത്രുക്കളാണെന്നും വിഡ്ഢികൾ അത് പ്രചരിപ്പിക്കുമെന്നും അല്പന്മാർ അത് സ്വീകരിക്കുകയും ചെയ്യും എന്നായിരുന്നു കദീജയും റഹീമയും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. ഇതിനുപിന്നാലെയാണ് ഈ വിഷയത്തിൽ പ്രതികരണവുമായി മകനും രംഗത്തെത്തിയിരിക്കുന്നത്.
Content Highlights: AR Rahman Son Baseless Rumours Involving Mohini Dey reply